ന്യൂ സൗത്ത് വെയിൽസിലെ ആദ്യ ഡോസ് വാക്‌സിനേഷൻ നിരക്ക് 80 ശതമാനം ആയി.
രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവർക്ക് നിയന്ത്രണങ്ങളിൽ സർക്കാർ ഇളവുകൾ നടപ്പാക്കി തുടങ്ങി.
എന്നാൽ ബ്ലൂ മൗണ്ടെയ്ൻസ്, വൊലോംഗ്‌ഗോംഗ് ഉൾപ്പടെയുള്ള ഗ്രെയ്റ്റർ സിഡ്നി മേഖലയിൽ 'സ്റ്റേ അറ്റ് ഹോം' നിർദ്ദേശം തുടരുകയാണ്.
വാക്‌സിൻ സ്വീകരിച്ചവർക്ക് സെപ്റ്റംബർ 13 മുതൽ ഒത്തുചേരലുകളിൽ ഇളവുകൾ നൽകി.
രോഗബാധ കൂടുതലുള്ള 12 പ്രാദേശിക കൗൺസിൽ മേഖലകൾക്ക്
പുറത്തുള്ള അഞ്ച് പേർക്ക് കെട്ടിടത്തിന് പുറത്ത് ഒത്തുചേരാം. എന്നാൽ ഇവർ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചിരിക്കണം. അഞ്ച് കിലോമീറ്റര് പരിധിയും ഇവർക്ക് ബാധകമാണ്.
ഈ 12 പ്രാദേശിക കൗൺസിൽ മേഖലകളിൽ ഉള്ള വാക്‌സിൻ സ്വീകരിച്ചവർക്ക് ഉല്ലാസത്തിനായും മറ്റും കെട്ടിടത്തിന് പുറത്ത് ഒരു മണിക്കൂർ ഒത്തുചേരാം. അഞ്ച് കിലോമീറ്റർ പരിധി ഇവർക്കും ബാധകമാണ്.

വ്യായാമത്തിനായി അനുവദിച്ചിരിക്കുന്ന ഒരു മണിക്കൂറിന് പുറമെയാണിത്. അതേസമയം ഒത്തുചേരുന്നവരുടെ കൈവശം വാക്‌സിൻ സ്വീകരിച്ചതിന്റെ തെളിവ് ഉണ്ടായിരിക്കണം.
ഉൾനാടൻ NSW
പതിനാല് ദിവസങ്ങളായി രോഗബാധ റിപ്പോർട്ട് ചെയ്യാത്ത ഉൾനാടൻ ന്യൂ സൗത്ത് വെയിൽസിലെ ചില പ്രദേശങ്ങളിൽ സെപ്റ്റംബർ 11നു ലോക്ക് ഡൗൺ പിൻവലിച്ചു.
ഈ പ്രദേശങ്ങളിലെ ഇളവുകൾ:
- അഞ്ച് പേർക്ക് വീട് സന്ദർശിക്കാം (12 വയസും അതിൽ താഴെയുമുള്ള കുട്ടികളെ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല)
- കെട്ടിടത്തിന് പുറത്ത് 20 പേർക്ക് വരെ ഒത്തുചേരാം
- റീറ്റെയ്ൽ സ്റ്റോറുകൾ, ജിമ്മുകൾ, ഹോസ്പിറ്റാലിറ്റി മേഖലകൾ എന്നിവിടങ്ങൾ നിയന്ത്രണങ്ങളോടെ തുറന്ന് പ്രവർത്തിക്കാം

വാക്‌സിനേഷൻ നിരക്ക് കൂടുമ്പോൾ കൂടുതൽ ഇളവുകൾ
സംസ്ഥാനത്തെ രണ്ട് ഡോസ് വാക്‌സിനേഷൻ നിരക്ക് 70 ശതമാനമാകുന്നതോടെ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചവർക്ക് ഇളവുകൾ നൽകുമെന്ന് പ്രീമിയർ അറിയിച്ചിട്ടുണ്ട്.
ഇതിനായുള്ള മാർഗരേഖ സർക്കാർ കഴിഞ്ഞ ദിവസം പുറത്തുവിട്ടു.
രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചവർക്കും ആരോഗ്യ സംബന്ധമായ കാര്യങ്ങൾക്കൊണ്ട് വാക്‌സിൻ സ്വീകരിക്കാൻ കഴിയാത്തവർക്കും മാത്രമാണ് ഈ ഇളവുകളെല്ലാം ബാധകമാകുന്നത്.
വാക്‌സിനേഷൻ നിരക്ക് 80 ശതമാനമാകുന്നതോടെ കൂടുതൽ ഇളവുകൾ നൽകുമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്ത് വരികയാണ്.

കൊറോണവൈറസുമായി ബന്ധപ്പെട്ട വാർത്തകൾ 60 ഭാഷകളിൽ എസ് ബി എസ് നൽകുന്നുണ്ട്. SBS.com.au/Coronavirus എന്ന വെബ്സൈറ്റിൽ ഇത് ലഭ്യമാണ്

