എൻറോൾഡ് നഴ്സ് സ്കോളർഷിപ്പ് 2022 എന്ന പേരിലാണ് ആരോഗ്യ വകുപ്പ് പദ്ധതി പ്രഖ്യാപിച്ചത്. നഴ്സിംഗ് ഡിപ്ലോമ കോഴ്സ് പഠിക്കാൻ ആഗ്രഹിക്കുന്നവരെ സഹായിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് സ്കോളർഷിപ്പ് പദ്ധതി.
അർഹരായവർക്ക് നഴ്സിംഗ് ഡിപ്ലോമ കോഴ്സിൻറെ ഫീസ് സ്കോളർഷിപ്പിലൂടെ ലഭിക്കും. സാമ്പത്തിക പിന്തുണക്ക് പുറമെ കോഴ്സ് വിജകരമായി പൂർത്തീകരിക്കുന്ന വിദ്യാർത്ഥികൾക്ക് ജോലി ഉറപ്പാക്കുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
സ്കോളർഷിപ്പ് ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് സംസ്ഥാനത്തെ 24 ക്യാപസുകളിൽ കോഴ്സ് പഠിക്കാൻ അവസരമുണ്ടാകും. ഇതിൽ ആറ് എണ്ണം സിഡ്നിയിലും, 18 എണ്ണം ഉൾനാടൻ പ്രദേശങ്ങളിലുമാണ്.
മികച്ച കരിയർ അന്വേഷിക്കുന്ന എല്ലാവരെയും സ്കോളർഷിപ്പിനുള്ള അപേക്ഷ സമർപ്പിക്കാൻ പ്രോത്സാഹിപ്പിക്കുകയാണെന്ന് NSW നഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫറി ചീഫ് ഓഫീസർ ജാക്വി ക്രോസ് പറഞ്ഞു.
സ്കോളർഷിപ്പിനുള്ള യോഗ്യതാ മാനദണ്ഡങ്ങളും ന്യൂ സൗത്ത് വെയിൽസ് ആരോഗ്യ വകുപ്പ് പുറത്തിറക്കി. അപേക്ഷകർ ഓസ്ട്രേലിയൻ പൗരനോ സ്ഥിര താമസക്കാരനോ ആയിരിക്കണം, NSW സംസ്ഥാനത്തെ താമസക്കാരനായിരിക്കണം, IELTS സ്കോർ എഴോ, അതിന് തുല്യമോ ആയ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം എന്നിവയാണ് പ്രധാന വ്യവസ്ഥകളെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
ജനുവരി 11 മുതലാണ് സ്കോളർഷിപ്പിനായുള്ള അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. അപേക്ഷകൾ നഴ്സിംഗ് ആൻറ് മിഡ്വൈഫെറി ഓഫീസിൻറെ വെബ്സൈറ്റിലൂടെ ഓൺലൈനായാണ് സമർപ്പിക്കേണ്ടത്. ഫെബ്രുവരി 10ന് മുൻപായി അപേക്ഷകൾ ലഭിച്ചിരിക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.