1880കൾ മുതൽ നിലനിൽക്കുന്ന സ്കൂൾ പ്രവൃത്തി സമയമാണ് ഓസ്ട്രേലിയയിൽ ഇപ്പോഴും തുടരുന്നത്.
രാവിലെ ഒമ്പതു മണി മുതൽ ഉച്ചകഴിഞ്ഞ് മൂന്നു മണിവരെയാണ് ഔദ്യോഗിക സ്കൂൾ സമയം.
പല സ്കൂളുകളും സ്വന്തമായി ഈ സമയക്രമത്തിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെങ്കിലും, ഓസ്ട്രേലിയയിൽ ഔദ്യോഗികമായി നിലനിൽക്കുന്ന സ്കൂൾ സമയം ഇതാണ്.
ന്യൂ സൗത്ത് വെയിൽസിലെ പബ്ലിക് ഇൻസ്റ്റിറ്റ്യൂഷൻസ് നിയമത്തിന്റെ 128ാം വകുപ്പ് പ്രകാരം, കുട്ടികൾ രാവിലെ 8.45ന് സ്കൂൾ ഗ്രൗണ്ടിൽ എത്തുകയും, ഒമ്പതു മണിക്ക് ക്ലാസ് തുടങ്ങുകയും വേണം.
3.20 ന് സ്കൂളിൽ നിന്ന് കുട്ടികൾ മടങ്ങുക എന്നതാണ് ഇതിൽ പറയുന്നത്.
ഈ രീതി മാറണമെന്ന് NSW പ്രീമിയർ ഡൊമിനിക് പെരോറ്റെ പറഞ്ഞു.
ഈ കാലത്തിന് അനുസൃതമായ സമയക്രമമല്ല ഇതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മറ്റൊരു തലമുറയിൽ ക്രമീകരിച്ച സമയമാണ് 9am – 3pm എന്നും അദ്ദേഹം പറഞ്ഞു.
ഭൂരിഭാഗം കുടുംബങ്ങളിലും രണ്ടു പേർ ജോലി ചെയ്യുന്നതിനാൽ അതനുസരിച്ച് സ്കൂൾ സമയത്തിലും മാറ്റം വരുത്തേണ്ടതുണ്ട് എന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്.
വ്യത്യസ്ത സമയങ്ങൾ പരീക്ഷിച്ചുനോക്കാൻ വിവിധ സ്കൂളുകൾക്ക് സ്വാതന്ത്ര്യം നൽകിയിട്ടുണ്ടെന്ന് പ്രീമിയർ അറിയിച്ചു.

New South Wales Premier Dominic Perrottete Source: AAP
രാവിലെ ഏഴു മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയുള്ള സ്കൂൾ സമയമാണ് പരീക്ഷിക്കുന്ന ഒരു മാറ്റം.
കൂടുതൽ ദൈർഘ്യമേറിയ ആഫ്റ്റർ സ്കൂൾ കെയറും ഇതോടൊപ്പം പരീക്ഷിക്കും.
മറ്റു സമയക്രമങ്ങളിലും പല സ്കൂളുകളും പ്രവർത്തിക്കുന്നുണ്ട്.
സിഡ്നിയിലെ മെരിലാന്റ്സ് ഈസ്റ്റ് പബ്ലിക് സ്കൂളിൽ എട്ടു മണി മുതൽ 1.15 വരെയാണ് അധ്യയന സമയം.
രക്ഷിതാക്കളിൽ 72 ശതമാനം പേരും ഇതിനെ പിന്തുണച്ചതായാണ് അവിടത്തെ സർവേ ചൂണ്ടിക്കാട്ടുന്നത്.
പഠനത്തിനിടയിൽ ഒരു ചെറിയ ഇടവേള (recess) നൽകുമെങ്കിലും, ഉച്ചഭക്ഷണ ഇടവേള ഉണ്ടാകില്ല എന്നതാണ് ഇവിടത്തെ രീതി. അതിനു പകരം ഉച്ചഭക്ഷണ സമയത്ത് ക്ലാസ് അവസാനിക്കും.
വൊളംഗോംഗിലെ എഡ്മണ്ട് റൈസ് കാത്തലിക് കോളേജിൽ എട്ടു മണി മുതൽ രണ്ടു മണി വരെയാണ് അധ്യയന സമയം.
ഒറ്റ ദിവസം കൊണ്ട് സ്കൂൾ സമയം മാറ്റാനാവില്ലെന്നും, ഗതാഗത സൗകര്യം ഉൾപ്പെടെ മറ്റു പല ഘടകങ്ങളും ഇതോടൊപ്പം മാറേണ്ടിവരുമെന്നും പ്രീമിയർ ചൂണ്ടിക്കാട്ടി.
അച്ഛനമ്മമാർ രണ്ടു പേരും ജോലി ചെയ്യുന്നത് മാത്രമല്ല, കുട്ടികളുടെ ശ്രദ്ധ ഉച്ചയ്ക്കു ശേഷം കുറയുന്നതും ഇത്തരത്തിൽ സമയമാറ്റത്തിന് പ്രേരണയാകുന്നുണ്ട്.
സ്ത്രീകളുടെ സാമ്പത്തിക സാഹചര്യവും അവസരങ്ങളും പഠിക്കാനായി ഒരു പാനൽ രൂപീകരിച്ചതിനൊപ്പമാണ് സർക്കാർ സ്കൂൾ സമയത്തിൽ മാറ്റം വരുത്തുന്ന കാര്യവും അറിയിച്ചത്.
ജോലിയിലേക്ക് തിരിച്ചെത്താൻ ശ്രമിക്കുന്ന പല സ്ത്രീകൾക്കും കുട്ടികളുടെ സ്കൂൾ സമയം തടസ്സമാകുന്നുണ്ടെന്ന് വനിതാ വകുപ്പ് മന്ത്രി ബ്രോണീ ടെയ്ലർ ചൂണ്ടിക്കാട്ടി.
ഓസ്ട്രേലിയയെക്കുറിച്ച് കൂടുതലറിയാൻ താൽപര്യമുണ്ടോ?
എന്നാൽ എസ് ബി എസ് മലയാളം പോഡ്കാസ്റ്റുകളുടെ വരിക്കാരാവുക. സൗജന്യമായി.
Apple Podcast, Google Podcast, Spotify തുടങ്ങി നിങ്ങൾ പോഡ്കാസ്റ്റ് കേൾക്കുന്ന ഏതു പ്ലാറ്റ്ഫോമിലും. ഞങ്ങൾക്ക് റേറ്റിംഗ് നൽകാനും, മറ്റുള്ളവരുമായി പങ്കുവയ്ക്കാനും മറക്കരുത്..