NSWൽ പ്രതിദിന കേസുകൾ 5,000 കടന്നു; വിക്ടോറിയയിൽ കെട്ടിടങ്ങൾക്കുള്ളിൽ മാസ്ക് വീണ്ടും നിർബന്ധം

ന്യൂ സൗത്ത് വെയിൽസിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ വർദ്ധിച്ചത് 2,000ത്തോളം കൊവിഡ് കേസുകളാണ്. വിക്ടോറിയയിൽ ഇന്ന് അർദ്ധരാത്രി മുതൽ കെട്ടിടങ്ങൾക്കുള്ളിൽ മാസ്ക് നിർബന്ധമാക്കിയതായി അധികൃതർ അറിയിച്ചു.

Long queues as people wait for a Covid test at Macquarie Park, Sydney.

The NSW government is considering providing free rapid antigen tests to state residents. (AAP) Source: AAP

ന്യൂ സൗത്ത് വെയിൽസിലെ പ്രതിദിന കൊവിഡ് ബാധിതരുടെ നിരക്ക് 5,715 കടന്നതായി സംസ്ഥാന ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. ബുധനാഴ്ച രാത്രി 8 മണിക്കവസാനിച്ച 24 മണിക്കൂറിലെ കണക്കാണിത്. സംസ്ഥാനത്ത് ഒരു കൊവിഡ് മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഇന്നലെ ന്യൂ സൗത്ത് വെയിൽസിൽ റിപ്പോർട്ട് ചെയ്ത കേസുകളെക്കാൾ 1,952 അധിക കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സ്ഥിരീകരിച്ചത്.
കൊവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലും വർദ്ധനവുണ്ടായിട്ടുണ്ട്. നിലവിൽ ആശുപത്രികളിലുള്ള 347 പേരിൽ 45 പേർ തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്.
കൊവിഡ് കേസുകൾ കുത്തനെ കൂടിയത് പരിശോധനാ കേന്ദ്രങ്ങളെയും സമ്മർദ്ദത്തിലാക്കി. പലയിടങ്ങളിലും പരിശോധനാ സാമഗ്രികൾക്ക് ക്ഷാമം നേരിട്ടു തുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ. 

തിരക്ക് വർദ്ധിച്ചതോടെ പരിശോധനക്കും മുൻപും പരിശോധനക്ക് ശേഷവുമുള്ള കാത്തിരുപ്പ് സമയവും വർദ്ധിച്ചു. പി.സി.ആർ പരിശോധന ഫലം ലഭിക്കാൻ 72 മണിക്കൂർ വരെ എടുക്കുന്നതായി റിപ്പോർട്ടുകളുണ്ട്.

പരിശോധനാ കേന്ദ്രങ്ങളിലെ തിരക്കൊഴിവാക്കാൻ സംസ്ഥാനത്ത് സൗജന്യ റാപ്പിഡ് ആന്റിജൻ ടെസ്റ്റിംഗ് കിറ്റുകൾ നൽകുന്ന കാര്യം ന്യൂ സൗത്ത് വെയിൽസ് സർക്കാർ പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

വിക്ടോറിയയിൽ മാസ്ക് വീണ്ടും നിർബന്ധം

വിക്ടോറിയയിൽ കെട്ടിടങ്ങൾക്കുള്ളിൽ മാസ്ക് വീണ്ടും നിർബന്ധമാക്കി. ഇന്നു രാത്രി 11.59 മുതൽ നിബന്ധന പ്രാബല്യത്തിൽ വരും. സ്വകാര്യ ഭവനങ്ങൾ ഒഴികെയുള്ള എല്ലാ കെട്ടിടങ്ങൾക്കുള്ളിലും മാസ്ക് ബാധകമായിരിക്കും. 30,000 ലധികം ആളുകൾ പങ്കെടുക്കുന്ന പരിപാടികളിലും മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്. എട്ടു വയസ്സും അതിന് മുകളിലുമുള്ള എല്ലാവർക്കും ഈ നിബന്ധന ബാധകമായിരിക്കും.
സംസ്ഥാനത്തെ പ്രതിദിന കേസുകളുടെ എണ്ണം 2,005 ലെത്തിയതോടെയാണ് വിക്ടോറിയൻ സർക്കാർ നിയന്ത്രണം കർശനമാക്കിയത്. പത്തു മരണങ്ങളും സംസ്ഥാനത്ത് സ്ഥിരീകരിച്ചിട്ടുണ്ട്. വിക്ടോറിയയിലെ വിവിധ ആശുപത്രികളിലായി 72 പേർ തീവ്രപരിചരണ വിഭാഗത്തിലുണ്ടെന്നാണ് കണക്ക്.

ക്വീൻസ്‌ലാന്റും ആശങ്കയിൽ

ക്വീൻസ്‌ലാന്റിലും പ്രതിദിന കേസുകളുടെ എണ്ണത്തിൽ വർദ്ധനവ് രേഖപ്പെടുത്തി. 369 പ്രാദേശിക രോഗബാധകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വൈറസ് ബാധിച്ച ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് കേസുകൾ വർദ്ധിക്കുന്നതിനാൽ, ഉത്സവ കാലയളവിൽ ജാഗ്രത പാലിക്കണമെന്ന് ക്വീൻസ്‌ലാന്റ് പ്രീമിയർ അനസ്റ്റാഷ്യെ പലാഷെ അഭ്യർത്ഥിച്ചു.

ACTയിൽ 85ഉം ടാസ്മേനിയയിൽ 26 ഉം കൊവിഡ് കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.


Share

Published

Updated

By SBS Malayalam
Source: SBS

Share this with family and friends


Follow SBS Malayalam

Download our apps
SBS Audio
SBS On Demand

Listen to our podcasts
Independent news and stories connecting you to life in Australia and Malayalam-speaking Australians.
Ease into the English language and Australian culture. We make learning English convenient, fun and practical.
Get the latest with our exclusive in-language podcasts on your favourite podcast apps.

Watch on SBS
SBS World News

SBS World News

Take a global view with Australia's most comprehensive world news service