ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് ന്യൂ സൗത്ത് വെയിൽസിൽ ജൂൺ ഒന്നു മുതൽ നിരോധനം ഏർപ്പെടുത്തിയിരുന്നു.
ഈ നിരോധനത്തിന്റെ പരിധിയിലേക്ക് നവംബർ ഒന്നുമുതൽ കൂടുതൽ ഉത്പന്നങ്ങൾ ഉൾപ്പെടുത്തുകയാണ്.
സാധാരണ പ്ലാസ്റ്റികിനും, അതോടൊപ്പം മണ്ണിലലിയുന്ന പ്ലാസ്റ്റിക്കിനും ഈ നിരോധനം ബാധകമാണ്. ഓസ്ട്രേലിയൻ സർട്ടിഫൈഡ് കംപോസ്റ്റബിൾ പ്ലാസ്റ്റിക് എന്ന പേരിലുള്ള ഉത്പന്നങ്ങളും ഉപയോഗിക്കാനാവില്ല.
പ്ലാസ്റ്റിക് സ്ട്രോകൾ, സ്പൂണും ഫോർക്കും, പാത്രങ്ങൾ, തെർമോക്കോൾ പാത്രങ്ങളും കപ്പുകളും എന്നിവയ്ക്കെല്ലാം നിരോധനമുണ്ടാകും.
പ്ലാസ്റ്റിക് അടങ്ങിയിട്ടുള്ള നിരവധി സൗന്ദര്യവർദ്ധക വസ്തുക്കളും ചൊവ്വാഴ്ച മുതൽ വിൽക്കാൻ കഴിയില്ല.
ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കോട്ടൻ ബഡ്, മൈക്രോബീഡുകൾ അടങ്ങിയിട്ടുള്ള ഫേസ് ക്ലെൻസർ, ബോഡി വാഷ്, ഫേസ് മാസ്ക്, ഷാംപൂ, കണ്ടിഷണർ, ഹെയർ ഡൈ, ടൂത്ത്പേസ്റ്റ് എന്നിവയും നിരോധിച്ചിട്ടുണ്ട്.

The rules, prohibit the use of disposable plastic items such as bags, cutlery, cups and bottles under a certain size. Source: Getty
ഇത്തരം ഉത്പന്നങ്ങൾ വിൽക്കുന്നതിനും, റെസ്റ്റോറന്റുകളിലും, കഫേകളിലും, കൂട്ടായ്മകളിലും, കായികവേദികളിലും മറ്റും ഉപയോഗിക്കുന്നതിലും നിരോധനം ബാധകമാണ്.
ഇവ ഉപയോഗിക്കുന്നത് കണ്ടാൽ അവിടെ വച്ച് തന്നെ 2,750 ഡോളർ പിഴയീടാക്കാം എന്നാണ് വ്യവസ്ഥ.
ഇവ വിൽക്കുന്ന ചെറുകിടവിൽപ്പനക്കാർക്ക് 11,000 ഡോളറാകും പിഴ.
വൻകിട കമ്പനികൾക്ക് 55,000 ഡോളറും, ഉത്പാദകർക്ക് 1,10,000 ഡോളറും പിഴയീടാക്കും.
എന്നാൽ ചില സാഹചര്യങ്ങളിൽ നിരോധനത്തിന് ഇളവ് നൽകിയിട്ടുമുണ്ട്.
ആരോഗ്യപരമായ സാഹചര്യങ്ങളാൽ പ്ലാസ്റ്റിക് സ്ട്രോ ആവശ്യമുള്ളവർക്ക് അത് നൽകാൻ കഴിയും. അതുപോലെ ഭക്ഷണം വിളമ്പാനുള്ള വലിയ പ്ലേറ്റുകൾക്ക് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് അനുവദിക്കും.
പാക്കേജിംഗിനൊപ്പം വരുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്കും ഇളവുണ്ട് – ഉദാഹരണത്തിന് ജ്യൂസ് പാക്കറ്റിനൊപ്പം വരുന്ന പ്ലാസ്റ്റിക് സ്ട്രോ.
അടുത്ത 20 വർഷം കൊണ്ട് 270 കോടി പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പരിസ്ഥിതിയിലെത്തുന്നത് ഒഴിവാക്കാൻ ഇതിലൂടെ കഴിയുമെന്നാണ് സംസ്ഥാന സർക്കാർ വ്യക്തമാക്കിയത്.
മറ്റു സംസ്ഥാനങ്ങളിലും നിരോധനം
വിക്ടോറിയയിൽ അടുത്ത വർഷം ഫെബ്രുവരി മുതൽ ഇത്തരം ഉത്പന്നങ്ങൾക്ക് നിരോധനം പ്രാബല്യത്തിൽ വരും.
ക്വീൻസ്ലാന്റിൽ ഇതിനകം തന്നെ പ്ലാസ്റ്റിക്, തെർമോക്കോൾ പ്ലേറ്റുകളും, കപ്പുകളും സ്ട്രോകളുമെല്ലാം നിരോധിച്ചിട്ടുണ്ട്. അടുത്ത വർഷം സെപ്റ്റംബറിൽ കൂടുതൽ നിരോധനങ്ങൾ നിലവിൽ വരികയാണ്.
പ്ലാസ്റ്റിക് കോട്ടൺ ബഡുകളും, തെർമോക്കോൾ പാക്കേജിംഗും ഉൾപ്പെടെയുള്ളവയാണ് നിരോധിക്കുക.
വെസ്റ്റേൺ ഓസ്ട്രേലിയയിൽ 2022 ജൂലൈ മുതൽ തന്നെ പ്ലാസ്റ്റിക് സ്ട്രോകളും പ്ലേറ്റുകളുമെല്ലാം നിരോധിച്ചിട്ടുണ്ട്. ബലൂണുകൾ പറത്തിവിടുന്നതിനും ഇവിടെ നിരോധനമുണ്ട്.
സൗത്ത് ഓസ്ട്രേലിയയിൽ കഴിഞ്ഞ വർഷം തന്നെ പ്ലാസ്റ്റിക് സ്ട്രോകളും, സ്പൂണും ഫോർക്കുമെല്ലാം നിരോധിക്കുകയും, ഈ വർഷം മാർച്ചോടെ പ്ലേറ്റുകൾക്കും കപ്പുകൾക്കും അത് ബാധകമാക്കുകയും ചെയ്തു.
ACTയിലും കഴിഞ്ഞ വർഷം ജൂലൈ മുതൽ തന്നെ ഈ നിയന്ത്രണങ്ങൾ പ്രാബല്യത്തിലുണ്ട്. അടുത്ത ജൂലൈ മുതൽ കൂടുതൽ ഉത്പന്നങ്ങൾ നിരോധിക്കും.
നോർതേൺ ടെറിട്ടറിയിൽ 2019 മുതലും ടാസ്മേനിയയിൽ 2021 മുതലും സമാനമായ നിയന്ത്രണങ്ങൾ ഘട്ടം ഘട്ടമായി കൊണ്ടുവന്നിരുന്നു.