ന്യൂ സൗത്ത് വെയിൽസിൽ ഏഴ് പേർക്ക് മഞ്ഞപ്പിത്തബാധ ഉണ്ടായതിനെ തുടർന്ന് കഴിഞ്ഞ ദിവസം മുൻകരുതൽ നടപടിയായി ഫ്രോസൺ മാതളനാരങ്ങാകൾ വിപണിയിൽ നിന്ന് പിൻവലിച്ചിരുന്നു. പ്രധാനമായും സിഡ്നി, സെൻട്രൽ കോസ്റ്റ് പ്രദേശങ്ങളിൽ നിന്നുള്ളവർക്കാണ് അണുബാധ ഉണ്ടായിരിക്കുന്നത്. ഹെപ്പറ്റെറ്റിസ് A യാണ് സ്ഥിരീകരിച്ചിരിക്കുന്നത്.
അണുബാധ ഉണ്ടായിരിക്കുന്നത് ഫ്രോസൺ മാതള നാരങ്ങായിൽ നിന്നാണെന്ന് കഴിഞ്ഞ ദിവസം ന്യൂ സൗത്ത് വെയിൽസ് ഹെൽത്ത് സ്ഥിരീകരിച്ചു. തുടർന്ന് മാതളനാരങ്ങായുടെ ഉത്പാദകരായ എന്റൈസ് ഫൂഡ് ഇൻഗ്രേഡിയന്റ്സ് (Entyce Food Ingredients) തങ്ങളുടെ "Creative Gourmet Frozen Pomegranate (180g) " ഉത്പന്നത്തിന്റെ അണുബാധ അംഗീകരിക്കുകയും ഇവ വിപണിയിൽ നിന്ന് പിൻവലിക്കുകയും ചെയ്തു.
എന്റൈസ് ഫൂഡ് ഇൻഗ്രേഡിയന്റ്സ് അണുബാധയുടെ സാധ്യതകളെ തുടക്കത്തിൽ തള്ളിക്കളഞ്ഞിരുന്നു. ഇതിന് മുൻപും മഞ്ഞപ്പിത്ത അണുബാധയെ തുടർന്ന് എന്റൈസ് ഫൂഡ് ഇൻഗ്രേഡിയന്റ്സിന്റെ ഉത്പന്നങ്ങൾ വിപണിയിൽ നിന്ന് പിൻവലിച്ചിട്ടുണ്ട്.
രോഗത്തിന്റെ ആദ്യ ലക്ഷണങ്ങൾ കാണാൻ അണുബാധ ഉണ്ടായി 50 ദിവസം വരെ എടുക്കുന്നതിനാൽ ഫ്രോസൺ മാതള നാരങ്ങ കഴിച്ചിട്ടുള്ള എല്ലാവരും തന്നെ റിപ്പോർട്ട് ചെയ്യുന്നതാണ് അഭികാമ്യമെന്ന് ന്യൂ സൗത്ത് വെയിൽസ് ഹെൽത്ത് ഡയറക്ടർ വിക്കി ഷേപ്പാർട് അറിയിച്ചു.