മെൽബണിൽ ഏജ്ഡ് കെയറിലുണ്ടായിരുന്ന 92 കാരനിൽ നിന്ന് ഒരു ദശലക്ഷം ഡോളറിലേറെ വിലമതിക്കുന്ന എസ്റ്റേറ്റ് സ്വന്തം പേരിലേക്ക് എഴുതിയെടുത്ത നഴ്സിന് ഓസ്ട്രേലിയയിൽ ജോലി ചെയ്യുന്നതിന് അഞ്ച് വർഷത്തേക്ക് വിലക്കേർപ്പെടുത്തി.
2015 ജൂലൈയിലാണ് ലയണൽ കോക്സ് എന്ന 92കാരൻ മെൽബണിലുള്ള കേംബ്രിഡ്ജ് ഹൗസ് ഏജ്ഡ് കെയറിൽ എത്തിയത്. ശുശ്രൂഷിക്കാൻ ബന്ധുക്കളാരും ഇല്ലാത്തതിനെത്തുടർന്നായിരുന്നു ഇത്.
ഏജ്ഡ് കെയറിൽ എത്തിയ കോക്സിന് സ്വന്തമായി വീടുണ്ടെന്നും വിൽപത്രം തയ്യാറാക്കിയിട്ടില്ലെന്നും മനസിലാക്കിയ നഴ്സ് ആഭാ കുമാർ, വിൽപത്രം തയ്യാറാക്കാൻ വേണ്ട സഹായങ്ങൾ ചെയ്തുകൊടുക്കാമെന്ന് വാഗ്ദാനം ചെയ്തു.
ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകളും വിശേഷങ്ങളുമറിയാൻ SBS Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക
ഇതേതുടർന്ന് ദിവസങ്ങൾക്ക് ശേഷം ഇവർ കോക്‌സിനെ ഒരു ടാക്സിയിൽ ഇദ്ദേഹത്തിന്റെ വീട്ടിലേക്ക് കൊണ്ടുപോകുകയും അവിടെ നിന്നും 4500 ഡോളർ കൈക്കലാക്കുകയും ചെയ്തു.
ദിവസങ്ങൾക്കുള്ളിൽ കോക്സിനെ കൊണ്ടു തന്നെ ആഭാ കുമാർ വിൽപത്രം എഴുതിക്കുകയായിരുന്നു.
തന്റെ സ്വത്തുക്കളുടെ ഏക അവകാശി ആഭാ കുമാറാണ് എന്നായിരുന്നു വിൽപത്രം എഴുതിച്ചത്.
തന്റെ പേരിലാണ് വിൽപത്രം എന്ന കാര്യം മറച്ചുവച്ച് ഏജ്ഡ് കെയറിലെ മറ്റു ജീവനക്കാരെ തന്നെ ആഭാകുമാർ ഇതിൽ സാക്ഷിയാക്കുകയും ചെയ്തു എന്ന് വിക്ടോറിയൻ സിവിൽ ആന്റ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ നഴ്സിംഗ് ആന്റ് മിഡ്വൈഫറി ബോർഡ് ചൂണ്ടിക്കാട്ടി.
ഒരു മാസത്തിനു ശേഷം കോക്സ് മരണമടഞ്ഞതോടെ, ആഭാ കുമാറിന്റെ പേരിലുള്ള വിൽപത്രം എതിർപ്പുകളില്ലാതെ അംഗീകരിക്കപ്പെടുകയായിരുന്നു.
തുടർന്ന് 2016 നവംബറിൽ 1.117 മില്യൺ ഡോളറിന് കോക്സിന്റെ വീട് ആഭാ കുമാർ വിറ്റു. മറ്റു വസ്തുവകകൾ 39,000 ഡോളറിനും വിറ്റഴിച്ചു.
ഇതേക്കുറിച്ച് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയ നഴ്സിംഗ് ആന്റ് മിഡ്വൈഫറി ബോർഡാണ്, ആഭാ കുമാറിനെക്കുറിച്ച് വിക്ടോറിയൻ സിവിൽ ആന്റ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ പരാതി നൽകിയത്. വാദങ്ങൾക്കിടെ ആരോപണങ്ങൾ ആഭാ കുമാർ സമ്മതിച്ചിരുന്നു.
കോക്സിന്റെ വീടു വിറ്റുകിട്ടിയ തുക ചാരിറ്റി പ്രവർത്തനത്തിനായി ഉപയോഗിക്കും എന്നാണ് ആഭാ കുമാർ ആദ്യം പറഞ്ഞതെങ്കിലും, ഈ തുക പൂർണമായും ഇവരുടെ കൈവശമുണ്ടെന്ന് വ്യക്തമായി.
കേസ് നടത്തുന്നതിനുള്ള ചെലവുകൾക്കായി ഇത് ഉപയോഗിക്കും എന്നാണ് ട്രൈബ്യൂണലിൽ ഇവർ വ്യക്തമാക്കിയത്.
നഴ്സിംഗ് ജോലി ചെയ്യാൻ കഴിയാത്ത തരത്തിലുള്ള പെരുമാറ്റദൂഷ്യവും വിശ്വാസ്യരാഹിത്യവുമാണ് ആഭാ കുമാറിന്റെ ഭാഗത്തു നിന്നുണ്ടായത് എന്ന് ചൂണ്ടിക്കാട്ടി ട്രൈബ്യൂണൽ ഇവർക്ക് അഞ്ചു വർഷത്തെ വിലക്കേർപ്പെടുത്തി.
നഴ്സായി മാത്രമല്ല, ആരോഗ്യമേഖലയിൽ ഏതെങ്കിലും തരത്തിൽ ജോലി ചെയ്യുന്നതിനും വോളന്റീയറായി പ്രവർത്തിക്കുന്നതിനും ഈ വിലക്ക് ബാധകമാകും. ഇനിയും ഇത്തരത്തിൽ ഇരയാകാൻ സാധ്യതയുള്ളവരെ ആഭാ കുമാറിൽ നിന്ന് രക്ഷിക്കുന്നതിനു വേണ്ടിയാണ് ഈ വിലക്ക് എന്നും ട്രൈബ്യൂണൽ വ്യക്തമാക്കി.