രജിസ്‌ട്രേഷന്‍ ലഭിക്കണമെങ്കില്‍ നിലവില്‍ ആവശ്യമായ ബ്രിഡ്ജിംഗ് കോഴ്‌സുകള്‍ക്ക് പകരം, ഔട്ട്കം ബേസ്ഡ് അസസ്‌മെന്റ് (OBA) എന്ന പുതിയ രീതിയിലേക്കു മാറുന്നതിനുള്ള നടപടികളാണ് ഒക്ടോബറില്‍ തുടങ്ങുക.
Main points:
- 2019 ഒക്ടോബര്‍ ഒന്നു മുതല്‍ ഡിസംബര്‍ വരെ ബ്രിഡ്ജിംഗ് കോഴ്‌സോ പുതിയ സംവിധാനമോ (OBA) തെരഞ്ഞടുക്കാം
- 2020 ജനുവരി ഒന്നുമുതല്‍ അപേക്ഷിക്കുന്നവര്‍ക്ക് OBA മാത്രമേ ലഭ്യമാകൂ
- നിലവില്‍ ബ്രിഡ്ജിംഗ് കോഴ്‌സ് തെരഞ്ഞെടുത്തവര്‍ക്ക് 2021 ന് മുമ്പ് അതു ചെയ്യാം.
- 2021ല്‍ ബ്രിഡ്ജിംഗ് കോഴ്‌സുകള്‍ ഇല്ലാതാകും
2021 ഓടെ നഴ്‌സിംഗ് രജിസ്‌ട്രേഷനു വേണ്ടിയുള്ള ബ്രിഡ്ജിംഗ് കോഴ്‌സുകള്‍ പൂര്‍ണമായും നിര്‍ത്തലാക്കും. 2021 ജനുവരി ഒന്നിനു ശേഷമുള്ള അപേക്ഷകര്‍ക്ക് ബ്രിഡ്ജിംഗ് കോഴ്‌സുകള്‍ ചെയ്യാന്‍ കഴിയില്ല.
ഔട്ട്കംസ്-ബേസ്ഡ് അസസ്‌മെന്റ് (OBA)
ഓസ്‌ട്രേലിയയിലെ നഴ്‌സിംഗ് വിദ്യാഭ്യാസ യോഗ്യതകള്‍ക്ക് തത്തുല്യമായ യോഗ്യതയില്ലാത്ത വിദേശ നഴ്‌സുമാര്‍ക്ക് നിലവില്‍ ബ്രിഡ്ജിംഗ് കോഴ്‌സ് പൂര്‍ത്തിയാക്കിയാല്‍ മാത്രമേ രജിസ്‌ട്രേഷന്‍ ലഭിക്കുകയുള്ളൂ.
ഈ ബ്രിഡ്ജിംഗ് കോഴ്‌സ് നിര്‍ത്തലാക്കി അതിനു പകരം പുതിയ സംവിധാനം കൊണ്ടുവരാനാണ് നഴ്‌സിംഗ് ആന്റ് മിഡൈ്വഫറി ബോര്‍ഡും, ഓസ്‌ട്രേലിയന്‍ ഹെല്‍ത്ത് പ്രാക്ടീഷണര്‍ റെഗുലേഷന്‍ ഏജന്‍സിയും ( AHPRA) തീരുമാനിച്ചിരിക്കുന്നത്.
ഔട്ട്കംസ്-ബേസ്ഡ് അസസ്‌മെന്റ് അഥവാ OBA എന്ന പുതിയ സംവിധാനമാണ് ഇതിനായി കൊണ്ടുവരുന്നത്.
രജിസ്‌ട്രേഷനായി ശ്രമിക്കുന്ന നഴ്‌സുമാര്‍ക്ക് ഈ ഒക്ടോബര്‍ ഒന്നു മുതല്‍ OBA തെരഞ്ഞെടുക്കാന്‍ കഴിയും. അതായത്, ബ്രിഡ്ജിംഗ് കോഴ്‌സ് ചെയ്യണോ, അതോ OBA വേണോ എന്നു രജിസ്‌ട്രേഷനായി ശ്രമിക്കുന്ന നഴ്‌സുമാര്‍ക്ക് തെരഞ്ഞെടുക്കാം.
എന്നാല്‍ ഈ വര്‍ഷം ഡിസംബര്‍ വരെ മാത്രമേ ഇങ്ങനെ തെരഞ്ഞെടുക്കാന്‍ കഴിയൂ. അടുത്ത ജനുവരി ഒന്നുമുതല്‍ അപേക്ഷിക്കുന്നവര്‍ക്ക് OBA മാത്രമായിരിക്കും ലഭ്യമാകുക.
ഔട്ട്കംസ്-ബേസ്ഡ് അസസ്‌മെന്റ് തുടങ്ങുന്നതും ജനുവരിയിലാണ്.
ഒക്ടോബര്‍ ഒന്നിനു ശേഷം OBA തെരഞ്ഞെടുക്കുന്നവരും അസസ്‌മെന്റ് ചെയ്യാന്‍ ജനുവരി വരെ കാത്തിരിക്കേണ്ടി വരും.
എന്താണ് OBA?
രണ്ടു ഘട്ടങ്ങളായാണ് ഔട്ട്കംസ്-ബേസ്ഡ് അസസ്‌മെന്റ് നടത്തുന്നത്.
പ്രധാനമായും അപേക്ഷകരുടെ വിശകലനശേഷിയും ഓര്‍മ്മശക്തിയുമെല്ലാം പരിശോധിക്കുന്ന കോഗ്നിറ്റീവ് പരീക്ഷയായിരിക്കും ആദ്യ ഘട്ടം. കമ്പ്യൂട്ടര്‍ അധിഷ്ഠിതമായ മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യോത്തരളായിരിക്കും ഈ പരീക്ഷയില്‍.
ആദ്യഘട്ടം ജയിക്കുന്നവര്‍ക്ക് മാത്രമേ രണ്ടാം ഘട്ടത്തിലേക്ക് കടക്കാന്‍ കഴിയൂ.
ബിഹേവിയറല്‍ അസസ്‌മെന്റ് എന്നതാണ് രണ്ടാം ഘട്ടം. ഓസ്‌ട്രേലിയയില്‍ നഴ്‌സായി ജോലി ചെയ്യുന്നതിന് ആവശ്യമായ അറിവും കഴിവുമുണ്ടോ എന്നു പരിശോധിക്കുന്നതാണ് ഇത്. വിവിധ രാജ്യങ്ങളില്‍ ഇപ്പോള്‍ തന്നെ നിലവിലുള്ള ഒബ്ജക്ടീവ് സ്ട്രക്‌ചേര്‍ഡ് ക്ലിനിക്കല്‍ എക്‌സാം (OSCE) എന്ന പരീക്ഷാ സമ്പ്രദായമാണ് ഇതിനായി ഉപയോഗിക്കുക.

Source: Flickr
അപേക്ഷകര്‍ എത്ര വേഗം ഓരോ ഘട്ടവും വിജയിക്കുന്നു എന്നതിന് അനുസരിച്ചിരിക്കും OBAയുടെ ദൈര്‍ഘ്യം.
OBA കഴിഞ്ഞാല്‍ ഒരു ഓറിയന്റേഷന്‍ പ്രോഗ്രാമിലും പങ്കെടുക്കണം. ഓസ്‌ട്രേലിയന്‍ യോഗ്യതകള്‍ക്ക് തത്തുല്യ യോഗ്യതകള്‍ ഉള്ളവര്‍ ഉള്‍പ്പെടെ വിദേശത്തു നിന്നെത്തുന്ന എല്ലാ നഴ്‌സുമാരും ഈ ഓറിയന്റേഷന്‍ പൂര്‍ത്തിയാക്കേണ്ടി വരും.
ഓറിയന്റേഷന്‍ മൂന്നു ഘട്ടങ്ങളിലായി
മൂന്ന് ഭാഗങ്ങളായിട്ടായിരിക്കും ഈ ഓറിയന്റേഷന്‍ പ്രോഗ്രാം നടക്കുക.
ഒന്നാം ഭാഗത്തില്‍ ഓസ്‌ട്രേലിയയെക്കുറിച്ചും ഇവിടത്തെ ആരോഗ്യസംവിധാനത്തെക്കുറിച്ചുമുള്ള ഓണ്‍ലൈന്‍ വിലയിരുത്തലായിരിക്കും. ഓസ്‌ട്രേലിയയുടെ സാംസ്‌കാരിക വൈവിധ്യമായിരിക്കും ഈ ഓറിയന്റേഷന്‍ പ്രോഗ്രാമിന്റെ രണ്ടാം ഭാഗത്തില്‍ പഠിക്കേണ്ടി വരിക. NMBA രജിസ്‌ട്രേഷന്‍ ലഭിക്കുമ്പോഴായിരിക്കും ഈ രണ്ടാം ഭാഗം പൂര്‍ത്തിയാകുന്നത്.
രജിസ്‌ട്രേഷന്‍ ലഭിച്ച് ജോലിക്കു കയറുമ്പോള്‍ ജോലി ചെയ്യുന്ന സ്ഥാപനമായിരിക്കും ഓറിയന്റേഷന്റെ മൂന്നാം ഭാഗം പൂര്‍ത്തിയാക്കുന്നത്. ബോര്‍ഡ് നല്‍കുന്ന മാര്‍ഗ്ഗനിര്‌ദ്ദേശങ്ങള്‍ പാലിച്ചായിരിക്കും ഇത്.
ബ്രിഡ്ജിംഗ് കോഴ്‌സുകള്‍ നിര്‍ത്തലാക്കും
ഈ വര്‍ഷം പകുതിയോടെ ബ്രിഡ്ജിംഗ് കോഴ്‌സുകള്‍ പൂര്‍ണമായും നിര്‍ത്തലാക്കും എന്നായിരുന്നു NMBA മുമ്പ് അറിയിച്ചിരുന്നത്. എന്നാല്‍ പുതിയ സംവിധാനം നിലവില്‍ വരുന്നത് വൈകിയ സാഹചര്യത്തില്‍ ചില സ്ഥാപനങ്ങള്‍ക്ക് വീണ്ടും ബ്രിഡ്ജിംഗ് കോഴ്‌സ് നടത്താന്‍ അനുമതി നല്‍കിയിരുന്നു.
2020 ജനുവരിയില്‍ OBA തുടങ്ങുന്നതോടെ പുതിയ അപേക്ഷകര്‍ക്ക് ബ്രിഡ്ജിംഗ് കോഴ്‌സ് തെരഞ്ഞെടുക്കാന്‍ കഴിയില്ല. എന്നാല്‍ അതിനു മുമ്പു തന്നെ ബ്രിഡ്ജിംഗ് കോഴ്‌സിനായി റെഫറന്‍സ് ലഭിച്ചവര്‍ക്ക് അതിനു ചേരാന്‍ കഴിയും.
2021 തുടക്കത്തോടെ ബ്രിഡ്ജിംഗ് കോഴ്‌സ് പൂര്‍ണമായും നിര്‍ത്തലാക്കുമെന്നും NMBA അറിയിച്ചു.
നിലവില്‍ ബ്രിഡ്ജിംഗ് കോഴ്‌സിന് റഫറന്‍സ് ലഭിച്ചവര്‍ക്ക് വേണമെങ്കില്‍ OBA യിലേക്ക് മാറാനും കഴിയും. അതിന് പ്രത്യേകം ഫീസ് നല്‍കേണ്ടി വരില്ലെന്നും NMBA വ്യക്തമാക്കി.
ഓസ്‌ട്രേലിയയില്‍ നിന്നുള്ള കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും SBS Malayalam വെബ്‌സൈറ്റ് ബുക്ക്മാര്‍ക്ക് ചെയ്യുക. അല്ലെങ്കില്‍ SBS Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക