വിദഗ്ധരെ ആവശ്യമുള്ള പല തൊഴില്‍ മേഖലകളും നിലവിലെ സ്‌കില്‍ഡ് ഒക്യുപേഷന്‍ പട്ടികയില്‍ ഇല്ലാത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ പട്ടിക പരിഷ്‌കരിക്കാന്‍ തീരുമാനിച്ചത്.
ഏതൊക്കെ പുതിയ തൊഴില്‍മേഖലകളെ പട്ടികയില്‍ ഉള്‍പ്പെടുത്തണം എന്ന കാര്യത്തെക്കുറിച്ച് വിശദമായ പരിശോധന നടത്തുമെന്ന് തൊഴില്‍വകുപ്പ് മന്ത്രി മെക്കെലിയ കാഷ് പ്രഖ്യാപിച്ചു.
ഓസ്‌ട്രേലിയ അനുവദിക്കുന്ന മൊത്തം പെര്‍മനന്റ് റെസിഡന്‍സി വിസകളില്‍ കുറഞ്ഞത് മൂന്നില്‍ രണ്ടു ഭാഗമെങ്കിലും സ്‌കില്‍ഡ് വിസകളായിരിക്കണം എന്നാണ് വ്യവസ്ഥ.

Employment Minister Michaelia Cash says skilled migration is needed to support the government $100 billion infrastructure roll out. Source: AAP
രാജ്യത്തിന്റെ പുരോഗതിയില്‍ ഈ സ്‌കില്‍ഡ് വിസകളിലെ കുടിയേറ്റവും പ്രധാന പങ്കാളിത്തം വഹിക്കുന്നുണ്ടെന്നും, എന്നാല്‍ മാറിയ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് കുടിയേറ്റത്തിലെ തൊഴില്‍ രംഗങ്ങളും മാറണമെന്നും മെക്കേലിയ കാഷ് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം അനുവദിച്ച 80,000ഓളം സ്‌കില്‍ഡ് വിസകളില്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി (ICT) രംഗത്തായിരുന്നു ഏറ്റവും കൂടുതല്‍ പേര്‍ എത്തിയത്.
ഓസ്‌ട്രേലിയന്‍ തൊഴില്‍ രംഗത്ത് പുതിയ പല മേഖലകളിലും തൊഴിലവസരങ്ങള്‍ വരുന്നുണ്ടെങ്കിലും നിലവിലെ പട്ടികയിലേക്ക് ഇവയെ ഉള്‍ക്കൊള്ളിക്കാന്‍ നിയമപരമായ തടസ്സങ്ങളുണ്ട്. ഡാറ്റാ സയന്റിസ്റ്റ് പോലുള്ള തൊഴില്‍രംഗങ്ങള്‍ ഇതിന് ഉദാഹരണമാണ്.
ഈ തടസ്സങ്ങള്‍ മറികടക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
ജനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കാം
മുന്‍ വര്‍ഷങ്ങളില്‍ സ്‌കില്‍ഡ് പട്ടികയില്‍ മാറ്റം വരുത്തും മുമ്പും സര്‍ക്കാര്‍ ഇത്തരം പരിശോധന നടത്തിയിരുന്നു.
എന്നാല്‍ ഇത്തവണ ഉള്‍നാടന്‍ പ്രദേശങ്ങളിലേക്കുള്ള കുടിയേറ്റം പ്രോത്സാഹിപ്പിക്കാന്‍ തീരുമാനിച്ചതു കൂടി കണക്കിലെടുത്തായിരിക്കും പുതിയ പട്ടിക തയ്യാറാക്കുക.
ഏതൊക്കെ തൊഴില്‍ മേഖലകളിലാണ് മാറ്റം വേണ്ടത് എന്നതിനെക്കുറിച്ച് വ്യവസായമേഖലയുടെയും, തൊഴിലുടമകളുടെയും യൂണിയന്റെയും അഭിപ്രായം തേടും എന്ന് മെക്കേലിയ കാഷ് അറിയിച്ചു. അതൊടൊപ്പം സാധാരണക്കാര്‍ക്കും നിര്‍ദ്ദേശങ്ങള്‍ നല്‍കാം.
നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ താല്‍പര്യമുള്ളവര്‍ക്ക് സെപ്റ്റംബര്‍ നാല് ബുധനാഴ്ച മുതല്‍ skilledmigrationlist@employment.gov.au എന്ന ഇമെയില്‍ വിലാസത്തില്‍ ബന്ധപ്പെടാവുന്നതാണെന്നും തൊഴില്‍വകുപ്പ് അറിയിച്ചു.
ഷോര്‍ട്ട് ടേം സ്‌കില്‍ഡ് ഒക്യുപ്പേഷന്‍ ലിസ്റ്റ് (STSOL), മീഡിയം ആന്റ് ലോംഗ് ടേം സ്ട്രാറ്റജിക് സ്‌കില്‍സ് ലിസ്റ്റ് (MLTSSL), റീജിയണല്‍ ഒക്യുപ്പേഷന്‍ ലിസ്റ്റ് (ROL) എന്നിവയായിരിക്കും പരിഷ്‌കരിക്കുക.
ഡിസംബര്‍ മുതല്‍ ഓണ്‍ലൈനായും അഭിപ്രായങ്ങള്‍ പറയാന്‍ കഴിയും. അടുത്ത മാര്‍ച്ചിലായിരിക്കും പുതിയ സ്‌കില്‍ഡ് ഒക്യുപ്പേഷന്‍ പട്ടിക പ്രസിദ്ധീകരിക്കുന്നത്.
ഓസ്‌ട്രേലിയയില്‍ നിന്നുള്ള കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും SBS Malayalam വെബ്‌സൈറ്റ് ബുക്ക്മാര്‍ക്ക് ചെയ്യുക. അല്ലെങ്കില്‍ SBS Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക