ഉള്‍നാടന്‍ പ്രദേശങ്ങളിലേക്ക് തൊഴിലാളികളെ കിട്ടാനുള്ള പ്രയാസം പരിഹരിക്കാന്‍ നിരവധി പുതിയ പദ്ധതികള്‍ ഫെഡറല്‍ കുടിയേറ്റകാര്യവകുപ്പ് നടപ്പാക്കുന്നുണ്ട്. അതിന്റെ ഭാഗമായാണ് ബാക്ക്പാക്കര്‍ വിസ എന്നറിയപ്പെടുന്ന വര്‍ക്ക് ആന്റ് ഹോളിഡേ വിസകള്‍ കൂടുതല്‍ രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് അനുവദിക്കാന്‍ ആലോചിക്കുന്നത്.
ഇന്ത്യ, ബ്രസീല്‍, മെക്‌സിക്കോ തുടങ്ങി 13 രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് ഈ വിസ അനുവദിക്കുന്ന കാര്യമാണ് കുടിയേറ്റകാര്യമന്ത്രി ഡേവിഡ് കോള്‍മാന്‍ പരിഗണിക്കുന്നതെന്ന് എ ബി സി റിപ്പോര്‍ട്ട് ചെയ്തു.
ഈ നിര്‍ദ്ദേശത്തിന് നാഷണല്‍ ഫാര്‍മേഴ്‌സ് ഫെഡറേഷന്റെ പിന്തുണ ലഭിച്ചതായും റിപ്പോര്‍ട്ട് പറയുന്നു.
ഉള്‍നാടന്‍ പ്രദേശങ്ങളിലെ കൃഷിയിടങ്ങളില്‍ ആവശ്യത്തിന് തൊഴിലാളികളെ കിട്ടാത്തത് കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ഇതിനായി പുതിയ വിസ പദ്ധതികള്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
എന്താണ് ബാക്ക്പാക്കര്‍ വിസ
യൂറോപ്യന്‍ രാജ്യങ്ങളിലെ ജീവിതശൈലിയുടെ ഭാഗമാണ് ബാക്ക്പാക്കിംഗ്.
കൈയില്‍ ഒരൊറ്റ ബാഗുമായി ലോകം ചുറ്റുകയും, ചെല്ലുന്ന സ്ഥലങ്ങളില്‍ ജോലി ചെയ്ത് യാത്രക്കുള്ള പണം കണ്ടെത്തുകയും ചെയ്യുക.
രണ്ടു തരത്തിലുള്ള ബാക്ക്പാക്കര്‍ വിസകളാണ് ഓസ്‌ട്രേലിയ അനുവദിക്കുന്നത്.
18 വയസു മുതല്‍ 30 വയസു വരെയുള്ളവര്ക്കാണ് ഈ വിസ. ഈ വര്‍ഷം കൊണ്ടുവന്ന നിയമ പ്രകാരം, രണ്ടു തരം ബാക്ക്പാക്കര്‍ വിസകളിലും മൂന്നു വര്‍ഷം വരെ ഓസ്‌ട്രേലിയയില്‍ ജീവിക്കാനും ജോലി ചെയ്യാനും കഴിയും.

Source: Supplied
ഫാമുകളിലും ഉള്‍നാടന്‍പ്രദേശങ്ങളിലെ മറ്റ് തൊഴില്‍മേഖലകളിലുമാണ് ഇത്തരം ബാക്ക്പാക്കര്‍മാര്‍ പൊതുവില്‍ ജോലി ചെയ്യുന്നത്.
വിസ സബ്ക്ലാസ് 417 അഥവാ വര്‍ക്കിംഗ് ഹോളിഡേ വിസ യു കെ, ജര്‍മ്മനി, കാനഡ, ഫ്രാന്‍സ്, അയര്‍ലന്റ് തുടങ്ങിയ രാജ്യങ്ങളിലെ പൗരന്‍മാര്‍ക്കാണ് നല്‍കുന്നത്. ബാക്ക് പാക്കിംഗ് സംസ്‌കാരമുള്ള രാജ്യങ്ങളാണ് ഇവ.
ഓരോ വര്‍ഷവും അനുവദിക്കുന്ന വിസകളുടെ എണ്ണത്തില്‍ ഈ സബ്ക്ലാസിന് പരിധി ഏര്‍പ്പെടുത്തിയിട്ടില്ല.
അമേരിക്ക, ചൈന, സിംഗപ്പൂര്‍, ഇന്തോനേഷ്യ തുടങ്ങി 25 രാജ്യങ്ങളിലെ പൗരന്‍മാര്‍ക്കാണ് ഇപ്പോള്‍ ഈ വിസ അനുവദിക്കുന്നത്. ഡിഗ്രിയോ, ഡിപ്ലോമയോ പോലുള്ള വിദ്യാഭ്യാസ യോഗ്യതകളും, IELTS 4.5 സ്‌കോറിനു തുല്യമായ ഇംഗ്ലീഷ് പ്രാവീണ്യവും ഉണ്ടായിരിക്കണം. മറ്റു നിരവധി നിബന്ധനകളുമുണ്ട്.
ഈ സബ്ക്ലാസ് (462) വിസകളാണ് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്കു കൂടി വ്യാപിപ്പിക്കുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുന്നത്.
ഈ വര്‍ഷം മാര്‍ച്ചില്‍ ഒന്നര ലക്ഷത്തോളം പേര്‍ ഓസ്‌ട്രേലിയയില്‍ ബാക്ക്പാക്കര്‍ വിസകളില്‍ ഉണ്ടായിരുന്നു. എന്നാല്‍ ബാക്ക്പാക്കര്‍മാരുടെ എണ്ണം കുറഞ്ഞുവരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
കൂടുതല്‍ ബാക്ക്പാക്കര്‍മാരെ ആകര്ഷിക്കാന്‍ വിദേശരാജ്യങ്ങളില്‍ ഓസ്‌ട്രേലിയന്‍ കുടിയേറ്റകാര്യവകുപ്പ് പരസ്യങ്ങളും ചെയ്യുന്നുണ്ട്