ഇൻഷ്വർ ചെയ്യാൻ കമ്പനികൾ തയ്യാറാകാത്തതോ, ചെലവ് താങ്ങാവുന്നതിലും അധികമാകുന്നതോ കാരണം, രാജ്യത്ത് 25 കെട്ടിടങ്ങളിൽ ഒന്നിനു വീതം പരിരക്ഷ നഷ്ടമാകും എന്നാണ് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നത്.
ഓസ്‌ട്രേലിയൻ ഭവനങ്ങളുടെ 3.6 ശതമാനം, അഥവാ 5,21,000 കെട്ടിടങ്ങളെയാണ് ഈ അവസ്ഥ പ്രതികൂലമായി ബാധിക്കുന്നത്.
ക്വീൻസ്ലാൻഡിലാവും ഇത് ഏറ്റവും കൂടുതൽ- 6.5 ശതമാനം വീടുകൾ ഈ പ്രതിസന്ധി നേരിടാം.
ന്യൂ സൗത്ത് വെയിൽസിൽ 3.3 ശതമാനം, സൗത്ത് ഓസ്‌ട്രേലിയയിൽ 3.2 ശതമാനം, വിക്ടോറിയയിൽ 2.6 ശതമാനം, നോർത്തേൺ ടെറിട്ടറിയിൽ 2.5 ശതമാനം, വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ 2.4 ശതമാനം, ടാസ്മാനിയയിൽ 2 ശതമാനം, ഓസ്ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറിയിൽ 1.3 ശതമാനം എന്നിങ്ങനെയാണ് കണക്ക്.
‘വീട് വാങ്ങുന്നവർ ശ്രദ്ധിക്കുക’:

‘വീട് വാങ്ങുന്നവർ ശ്രദ്ധിക്കുക’: WAയിൽ സെറ്റിൽമെന്റ് തട്ടിപ്പിനിരയായ സ്ത്രീക്ക് ഏഴര ലക്ഷം ഡോളർ നഷ്ടപ്പെട്ടു
കാട്ടുതീ, വെള്ളപ്പൊക്കം, തീരപ്രദേശങ്ങളിലെ പ്രളയം, കൊടുങ്കാറ്റ് എന്നിവ മൂലം ഓസ്‌ട്രേലിയയിലുണ്ടായ ദുരന്തങ്ങൾ വിശകലനം ചെയ്താണ് ഈ റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത്.
അതോടൊപ്പം, ഭാവിയിലെ കാലാവസ്ഥാ പ്രത്യാഘാതങ്ങളെക്കുറിച്ച് മനസ്സിലാക്കുവാനുള്ള മാതൃക തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്.
നദികളിലെ പ്രളയമാണ് രാജ്യത്ത് ഏറ്റവുമധികം ദുരന്തങ്ങൾക്ക് കാരണമാകുവാൻ പോകുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഓരോ സ്ഥലത്തെയും പ്രകൃതി ദുരന്ത സാധ്യതകൾ മനസിലാക്കുവാൻ സഹായിക്കുന്ന ഡിജിറ്റൽ മാപ്പും കാലാവസ്ഥ കൗൺസിൽ ഇതോടൊപ്പം പുറത്തിറക്കിയിട്ടുണ്ട്.
കാലാവസ്ഥാവ്യതിയാനം മൂലം ഭാവിയിലുണ്ടാകാവുന്ന പ്രത്യാഘാതങ്ങൾ മനസ്സിലാക്കുവാനും വേണ്ട മുൻകരുതലുകൾ സ്വീകരിച്ച് അപകടങ്ങൾ നിയന്ത്രിക്കുവാനും ഈ മാപ്പ് സഹായിക്കുമെന്ന് റിപ്പോർട്ട് തയ്യാറാക്കിയ നിക് ഹട്ട്ലി പറഞ്ഞു.

അതേസമയം, രാജ്യത്ത് ഇൻഷുറൻസ് പരിരക്ഷ നിരസിക്കുന്ന സ്ഥിതിവിശേഷം നിലവിലില്ല എന്ന് ഇൻഷുറൻസ് കൗൺസിൽ ഓഫ് ഓസ്‌ട്രേലിയ നിരീക്ഷിച്ചു. എന്നാൽ ദുരന്ത സാധ്യതാ മേഖലകളിലെ ഇൻഷുറൻസ് പ്രീമിയം നിരക്ക് ഉയർന്നതാണെന്ന് അവർ വ്യക്തമാക്കി.

