ഈ വർഷത്തെ ഫെഡറൽ ബജറ്റിന്റെ ഏറ്റവും വലിയ പ്രത്യേകത നികുതി ഇളവുകൾ ആണ്. അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനായി വൻതുക മാറ്റിവച്ചിരിക്കുന്ന ബജറ്റിൽ റോഡ്-റയിൽ പാതകളുടെ നവീകരണത്തിനും നിർമ്മാണത്തിനും മുൻതൂക്കം നൽകിയിട്ടുണ്ട്.
നികുതിയിളവുകൾ
ഇത്തവണത്തെ ബജറ്റിന്റെ ഏറ്റവും വലിയ പ്രത്യേകത ആദായനികുതി ഇളവുകൾ ആണ്. കുറഞ്ഞ വരുമാനമുള്ളവർക്കും മദ്ധ്യ വർഗ്ഗ കുടുംബങ്ങൾക്കും കൂടുതൽ ഉപകാരപ്രദമാകുന്ന രീതിയിലാണ് നികുതി ഇളവുകൾ.
40,000 ഡോളറിനു താഴെ വാർഷിക വരുമാനമുള്ളവർക്ക് വർഷം 200 ഡോളർ വരെ നികുതിയിളവ് ലഭിക്കും. മദ്ധ്യ വർഗ്ഗ കുടുംബങ്ങൾക്ക് കൂടുതൽ പ്രയോജനം ലഭിക്കുന്ന രീതിയിൽ വരും വർഷങ്ങളിൽ നിയമ നിര്മ്മാണം ഉണ്ടാകും. 2024 ഓടുകൂടി ഇവർക്ക് ഏകദേശം 530 ഡോളറോളം നികുതിയിളവ് ലഭിക്കും.
സാധാരണക്കാരന് പ്രതീക്ഷ നൽകുന്ന നികുതിയിളവുകൾ ബജറ്റിൽ ഉൾപെടുത്തിയിട്ടുണ്ടെന്ന് നേരത്തേ തന്നെ ട്രഷറർ സ്കോട്ട് മോറിസൺ അറിയിച്ചിരുന്നു.
മെഡികെയർ ലെവി വർദ്ധനവിനുള്ള തീരുമാനം ഫെഡറൽ സർക്കാർ നേരത്തേ പിൻവലിച്ചിരുന്നു.ആദായനികുതി കുറച്ചിതിനൊപ്പം മെഡികെയർ ലെവി വർദ്ധനവ് പിൻവലിച്ചത് സാധാരണക്കാർക്ക് കൂടുതൽ നേട്ടമാവും.
റോഡ്-റയിൽ ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തും
അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനായി അടുത്ത പത്ത് വർഷത്തേക്ക് 75 ബില്യൺ ഡോളറാണ് ബജറ്റിൽ വകയിരുത്തിരിക്കുന്നത്.
മെൽബൺ വിമാനത്താവളത്തിലേക്ക് പുതിയ റെയിൽപാത നിർമ്മാണത്തിന് പ്രധാനമന്ത്രി മാൽക്കം ടേൺബുൾ അഞ്ച് ബില്ല്യൺ ഡോളർ നേരത്തെ വാഗദാനം ചെയ്‌തിരുന്നു. സിഡ്‌നിയിലെ പോർട്ട് ബോട്ടണി റെയിൽ പാതയുടെ നവീകരണവും ബജറ്റ് പ്രഖ്യാപനത്തിൽ ഉൾപ്പെടുന്നു. മിക്ക സംസ്ഥാങ്ങളുടേയും റോഡ്-റയിൽ പാതകളുടെ നവീകരണത്തിനായി വൻതുക മാറ്റിവച്ചിരിക്കുന്ന ബജറ്റിൽ സംസ്ഥാന തലത്തിൽ ഒരു ബില്യൺ ഡോളർ വീതം പട്ടണ പ്രദേശങ്ങളുടെ ഗതാഗത സൗകര്യങ്ങൾ വർദ്ധിപ്പിക്കാനായി നീക്കിവെച്ചിട്ടുണ്ട്.
കൂടുതൽ തൊഴിലവസരങ്ങൾ സൃഷിടിക്കുന്നതിൽ ഊന്നൽ കൊടുക്കും
ചെറുകിട ബിസിനസ്സുകൾക്കും സ്ഥാപങ്ങൾക്കും കൂടുതൽ പിന്തുണ നൽകുന്ന ബജറ്റിൽ 250 മില്യൺ ഡോളർ തൊഴിൽ മേഖലയിലെ വൈദഗ്ധ്യം വർദ്ധിപ്പിക്കുന്നതിനായി വകയിരുത്തി. ചെറുകിട ബിസിനസ്സുകൾക്ക് ആദായ നികുതി ഇളവുകളും 20,000 ഡോളർ വരെ അസറ്റ് റൈറ്റ് ഓഫും ലഭിക്കും.
ആരോഗ്യ രംഗത്ത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന പുതിയ ഗവേഷണ പഠനങ്ങൾക്ക് പ്രത്യേക മൂലധനം വകയിരുത്തും.
ബഹിരാകാശ നിലയം
ഓസ്‌ട്രേലിയയുടെ സ്വന്തം ബഹിരാകാശ നിലയം എന്ന സ്വപ്നം സാക്ഷത്കരിക്കാനുള്ള ശ്രമത്തിലാണ് ഇത്തവണത്തെ ബജറ്റ്. ബഹിരാകാശ നിലയം സ്ഥാപിക്കുന്നതിനായി 41 മില്യൺ ഡോളറാണ് വകയിരുത്തിരിക്കുന്നത്.
ആരോഗ്യം
രോഗപ്രതിരോധ മാർഗങ്ങൾ ശക്തമാക്കുന്നതിനായി ബജറ്റിൽ പ്രത്യേകം തുക വകയിരുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഗർഭിണികൾക്ക് വൂഫിങ് കഫ് വാക്‌സിനുകൾ സൗജന്യമായി നൽകും. കൂടാതെ ഫാർമസ്യൂട്ടിക്കൽ ബെനിഫിറ്സ് സ്ക്കിമിന്റെ പരിധിയിലേക്ക് കൂടുതൽ രോഗങ്ങൾ ഉൾപ്പെടുത്തും.
മാനസിക ആരോഗ്യ രംഗത്തും കൂടുതൽ സേവനങ്ങൾ ലഭ്യമാക്കും. ഏകദേശം 340 മില്യൺ ഡോളർ വകയിരുത്തിയിരിക്കുന്ന ഈ പദ്ധതിയിൽ മൾട്ടികൾചറൽ സമൂഹത്തിന്റെ മാനസിക ആരോഗ്യത്തിന് പ്രത്യേക ഊന്നൽ നൽകും.
ശക്തമാക്കി സുരക്ഷ
സുരക്ഷാ ശക്തമാക്കുക എന്ന ഉദ്ദേശത്തോടെ വിമാനത്താവളങ്ങളിൽ ദേഹ പരിശോധനക്ക് എക്സറേ സ്കാനറുകൾ സ്ഥാപിക്കും. കുറ്റകൃത്യങ്ങൾ കുറയ്ക്കുവാനും ഭീകരവാദം ചെറുക്കുവാനുമായി 160 മില്യൺ ഡോളറിന്റെ സഹായ പദ്ധതികൾ പോലീസിനും ബോർഡർ ഫോഴ്‌സിനും നൽകും.