നികുതി ഇളവുകൾ
ഈ വർഷത്തെ ഫെഡറൽ ബജറ്റിന്റെ ഏറ്റവും വലിയ പ്രത്യേകത ആദായനികുതി ഇളവുകൾ ആണ്. കുറഞ്ഞ വരുമാനമുള്ളവർക്കും മദ്ധ്യ വർഗ്ഗ കുടുംബങ്ങൾക്കും കൂടുതൽ ഉപകാരപ്രദമാകുന്ന രീതിയിലാണ് നികുതി ഇളവുകൾ.
40,000 ഡോളറിനു താഴെ വാർഷിക വരുമാനമുള്ളവർക്ക് വർഷം 200 ഡോളർ വരെ നികുതിയിളവ് ലഭിക്കും. മദ്ധ്യ വർഗ്ഗ കുടുംബങ്ങൾക്ക് 2024 ഓടുകൂടി ഏകദേശം 530 ഡോളറോളം നികുതിയിളവ് ലഭിക്കും.
സൂപ്പർ ആനുവേഷൻ
സൂപ്പർ ആനുവേഷൻ ഫണ്ടുകൾ മാറ്റുമ്പോൾ ഉള്ള എക്സിറ്റ് ഫീസ് എടുത്തുകളഞ്ഞു. കൂടാതെ 25 വയസ്സിന് താഴെ പ്രായമുള്ളവർക്ക് സൂപ്പർ ഫണ്ടിൻറെ ഭാഗമായി ലൈഫ് ഇൻഷുറൻസ് സ്കീം എടുക്കണമെന്നത് ഇനി മുതൽ നിർബന്ധിതമല്ല.
സെന്റർ ലിങ്ക് ആനുകൂല്യങ്ങൾ ലഭിക്കാൻ നാല് വർഷം
ഓസ്‌ട്രേലിയയിൽ സ്ഥിരതാമസമാക്കി നാല് വർഷം പൂർത്തിയാക്കിയവർക്ക് മാത്രമേ ന്യൂ സ്റ്റാർട്ട് അലവൻസും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുകയുള്ളെന്ന് ട്രഷറർ പ്രഖ്യാപിച്ചു.
ന്യൂ സ്റ്റാർട്ട് അലവൻസുകളും, പെയ്‌ഡ് പാരന്റൽ ലീവ്, ഫാമിലി ടാക്സ് ബെനിഫിറ്റ്, കെയറേഴ്സ് അലവൻസ് തുടങ്ങിയ ആനുകൂല്യങ്ങളും ലഭ്യമാകാൻ നാല് വർഷത്തെ സമയപരിധി കടക്കണം. പുതിയ മാറ്റങ്ങൾ സർക്കാരിന് 200 മില്യൺ ഡോളറിന്റെ ലാഭം ഉണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഓസ്‌ട്രേലിയയിൽ സ്ഥിരതാമസമാക്കി മൂന്ന് വർഷമായവർക്ക് മാത്രമേ ന്യൂ സ്റ്റാർട്ട് അലവൻസ് ഉൾപ്പെടെയുള്ള അലവൻസുകൾ ലഭിക്കുകയുള്ളു എന്ന് നിയമഭേദഗതി കഴിഞ്ഞ വർഷം ഡിസംബറിൽ വരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഈ ബജറ്റിൽ കാലപരിധി നാല് വർഷമായി സർക്കാർ ഉയർത്തിയിരിക്കുന്നത്.
ജൂലൈയിൽ പാർലമെന്റിൽ പാസ്സായാൽ മാത്രമേ ഈ ഭേദഗതി നിയമമാവുകയുള്ളു. എന്നാൽ സെൻട്രലിങ്കിന്റെ സഹായം ലഭിക്കുന്നതിനുള്ള കാലപരിധി ഉയത്തിയത് അഭയാർത്ഥികളെ ബാധിക്കില്ല. സ്‌കിൽഡ് വിസയിലും 457 വിസയിലും PR നേടിയവരെ ആയിരിക്കും ഇത് പ്രധാനമായും ബാധിക്കുക.
വിദേശ ഡോക്ടർമാർക്കുള്ള വിസകൾ വെട്ടിക്കുറച്ചു
വിദേശത്ത് നിന്നുള്ള ഡോക്ടർമാർക്കായി നൽകുന്ന വിസയുടെ എണ്ണം 2300 ൽ നിന്നും 2100 ആയി വെട്ടിക്കുറച്ചു. വിദേശ ഡോക്ടർമാർക്കുള്ള വിസകൾ കുറക്കുന്നതിലൂടെ മെഡി കെയർ ചിലവുകൾ കുറയുമെന്നും ഇങ്ങനെ 2018 ലെ ബജറ്റിലെ ഏറ്റവും കൂടുതൽ മിച്ച ധനം പിടിക്കുന്ന പദ്ധതിയായി ഇത് മാറുമെന്നുമാണ് ട്രഷറർ ബജറ്റ് അവതരണത്തിൽ പറഞ്ഞത്.
വർഷം തോറും 200 വിസകൾ വെട്ടികുറക്കുന്നത് ഓസ്ട്രേലിയയിലേക്കു കുടിയേറിപാർക്കാൻ ശ്രമിക്കുന്ന ഡോക്ടർമാർക്ക് തിരിച്ചടിയാകും. ഡോക്ടർമാരുടെ സേവനം കൂടുതൽ ആവശ്യമായ ഉൾപ്രദേശങ്ങളിൽ ഓസ്‌ട്രേലിയയിലേക്ക് എത്തുന്ന ജി.പിമാരുടെ സേവനം ലഭ്യമാകുന്നു എന്ന് ഉറപ്പുവരുത്താനും നടപടിയെടുക്കുമെന്ന് സർക്കാർ അറിയിച്ചു.