ബജറ്റ് പ്രഖ്യാപനത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയാണ് വിദേശ തൊഴിലാളികളെ സ്പോൺസർ ചെയ്യുന്ന തൊഴിൽ ദാതാക്കളിൽ നിന്നും പ്രത്യേക ലെവി ഈടാക്കുന്നതിനുള്ള ബിൽ സെനറ്റിൽ പാസ്സായത്. 2017 ലെ ബജറ്റിൽ ഇതിനായി നിർദ്ദേശം ഉണ്ടായിരുന്നു.
ഈ ബിൽ പ്രകാരം ടെംപററി വിസയിലോ, എംപ്ലോയർ നോമിനേറ്റഡ് വിസയിലോ വിദേശികളെ സ്പോൺസർ ചെയ്യുന്ന തൊഴിൽദാതാക്കൾ ഒരു നിശ്ചിത തുക സ്‌കില്ലിങ് ഓസ്‌ട്രേലിയൻ ഫണ്ടിലേക്ക് ലെവിയായി അടയ്ക്കണം. ഈ തുക മൂന്ന് ലക്ഷത്തോളം വരുന്ന ഓസ്‌ട്രേലിയൻ തൊഴിൽ പരിശീലന പദ്ധതികൾക്കായി വിനിയോഗിക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
ഈ നിയമം നിലവിൽ വന്നാൽ താത്കാലിക വിസയ്ക്ക് ഒരു തൊഴിലാളിക്ക് 8000 ഡോളർ വീതവും പെർമനന്റ് വിസക്ക് 5500 ഡോളർ വീതവും തൊഴിൽ ദാതാവ് ലെവിയായി നൽകേണ്ടി വരും.
മതസ്ഥാപനങ്ങൾക്ക് ലെവി ബാധകമല്ല
ഈ ലെവിയിൽ നിന്ന് മതസ്ഥാപനങ്ങളെ ഒഴിവാക്കി കൊണ്ടാണ് സ്കോട്ട് മോറിസൺ പുതിയ ബജറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്. മതസ്ഥാപനങ്ങൾക്ക് ബിഷപ്പുമാർ, പുരോഹിതർ, മതപരമായ ചടങ്ങുൾക്കുള്ള സഹായികൾ എന്നിങ്ങനെയുള്ള വിവിധ തസ്തികകളിലേക്ക് വിദേശത്ത് നിന്ന് ആളുകളെ കൊണ്ട് വരാം. എന്നാൽ ഇതിനായി പ്രത്യേകം ലെവി അടക്കേണ്ടതില്ല.
ഇത്തരത്തിൽ ലെവി അടക്കാതെ തന്നെ സ്പെഷ്യൽ ലേബർ എഗ്രിമെന്റിൽ പുരോഹിതരെ കൊണ്ടുവരാൻ വിവിധ ക്രിസ്ത്യൻ സഭകൾക്കും, ബുദ്ധമത വിഭാഗങ്ങൾക്കും, ഓസ്‌ട്രേലിയൻ ലൂഥറൻ, ആംഗ്ലിക്കൻ സഭകൾക്കും, അഹമ്മദീയ മുസ്ലീംമുകൾക്കും സാധിക്കും.
ഓസ്‌ട്രേലിയയിലെ ഒട്ടുമിക്ക പള്ളികളും ഇത്തരത്തിൽ വിദേശത്ത് നിന്നുള്ള പുരോഹിതരെ സ്പോൺസർ ചെയ്യുന്നതായി റിപ്പോർട്ടുകൾ ചൂണ്ടികാണിക്കുന്നു. പ്രധാനമായും ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ നിന്നും ഏഷ്യൻ രാജ്യങ്ങളിൽ നിന്നുമാണ് മതസ്ഥാപനങ്ങൾ സ്പെഷ്യൽ ലേബർ എഗ്രിമെന്റിൽ ഇവരെ കൊണ്ടുവരുന്നത്.