തൃപ്പൂണിത്തുറ സ്വദേശി ജയാനന്ദ് നായരുടെയും ശാലിനി നായരുടെയും മകൻ അർജുൻ നായരാണ് ഓസ്ട്രേലിയൻ ക്രിക്കറ്റിലെ ഇപ്പോഴത്തെ ഹോട്ട് ന്യൂസ്.
നേരത്തേ ഓസ്ട്രേലിയയുടെ അണ്ടർ 19 ടീമിലെത്തിയപ്പോൾ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നെങ്കിലും, ഇപ്പോൾ ദേശീയ തലത്തിൽ തന്നെ ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്ന യുവതാരമായി മാറുകയാണ് ഓഫ് സ്പിന്നറും മികച്ച ബാറ്റ്സ്മാനുമായ അർജുൻ.
അടുത്തിടെ നടന്ന മാറ്റഡോർ കപ്പ് ഏകദിനത്തിൽ മികച്ച ഓൾറൌണ്ട് പ്രകടനത്തോടെയാണ് അർജുൻ വീണ്ടും ശ്രദ്ധാകേന്ദ്രമാകുന്നത്. ക്രിക്കറ്റ് ഓസ്ട്രേലിയ ഇലവനു വേണ്ടി ടൂർണമെൻറിൽ 11 വിക്കറ്റെടുത്ത അർജുൻ, ഏറ്റവുമധികം നേട്ടമുണ്ടാക്കിയ സ്പിന്നറായി മാറി.
വിക്ടോറിയയ്ക്കെതിരെയുള്ള മത്സരത്തിൽ 67 റൺസും മൂന്നു വിക്കറ്റുമെടുത്ത അർജുൻ മാൻ ഓഫ് ദ മാച്ചാവുകയും ചെയ്തു.
മാറ്റഡോർ കപ്പിലെ അർജുൻറെ പ്രകടനം കാണാം
ഓസ്ട്രേലിയൻ പര്യടനത്തിനെത്തിയ ദക്ഷിണാഫ്രിക്കൻ ടീമിനെതിരെ ശനിയും ഞായറുമായി അഡ്ലൈഡിൽ നടക്കുന്ന പരിശീലന മത്സരത്തിൽ CA XI നു വേണ്ടി ഇന്നിംഗ്സ് ഓപ്പൺ ചെയ്യാനുള്ള നറുക്കും ഇതോടെ അർജുന് വീണിരിക്കുകയാണ്.
അതിനു പിന്നാലെയാണ്, ബിഗ് ബാഷ് ലീഗിലെ നിലവിലെ ചാംപ്യൻമാരായ സിഡ്നി തണ്ടേഴ്സുമായുള്ള ഫുൾ കോൺട്രാക്ടും. ഇത്തവണ കിരീടം നിലനിർത്താനുള്ള പോരാട്ടത്തിൽ ടീമിൻറെ തുറുപ്പുചീട്ടായിരിക്കും അർജുൻ എന്നാണ് തണ്ടേഴ്സ് അധികൃതർ പറയുന്നത്.