ബ്രിസ്‌ബൈനിലുള്ള രഞ്ജിത് പി ദാസിന്റെയും ഹരിവിദ്യ രഞ്ജിത്തിന്റെയും രണ്ടു മക്കളില്‍ മൂത്തയാളായ ശ്രാവണ്‍ രഞ്ജിത്, തന്നെക്കാള്‍ പ്രായമുള്ള നിരവധി കളിക്കാരെ തോല്‍പ്പിച്ചാണ് ചെസ്സില്‍ നേട്ടങ്ങള്‍ കൊയ്യുന്നത്.
പത്തു വയസുള്ള ശ്രാവണ്‍ അണ്ടര്‍ 10, അണ്ടര്‍ 12 വിഭാഗങ്ങളില്‍ ദേശീയ തലത്തിലെ റാങ്ക് പട്ടികയില്‍ ഒന്നാം സ്ഥാനത്തും, അണ്ടര്‍ 18 വിഭാഗത്തില്‍ നാലാം സ്ഥാനത്തുമാണ്.
പന്ത്രണ്ടാം വയസ്സിനുള്ളില്‍ ഗ്രാന്റ് മാസ്റ്റര്‍ പദവി എന്ന സ്വപ്‌നമാണ് ശ്രാവണിന്റെ മനസില്‍ ഇപ്പോള്‍. അതേക്കുറിച്ച് ശ്രാവണ്‍ സംസാരിക്കുന്നത് കേള്‍ക്കാം.
കരുക്കളുടെ ലോകത്തേക്ക് മൂന്നാം വയസ്സിൽ
അച്ഛനും ഇളയച്ഛനും ചെസ് കളിക്കുന്നതിനിടക്ക് ചെസ് ബോര്‍ഡില്‍ നിന്ന് കരുക്കള്‍ എടുത്തുകൊണ്ടുപോയ മൂന്നര വയസുകാരന്റെ കൈയില്‍ നിന്ന്, അവ തിരിച്ചു കിട്ടാനാണ് രഞ്ജിത് ചെസ് പഠിപ്പിക്കുന്നത്. ഒറ്റത്തവണ കേട്ടപ്പോള്‍ തന്നെ കരുക്കളുടെ നീക്കങ്ങള്‍ പഠിച്ച ശ്രാവണ്‍, അഞ്ചാം വയസായപ്പോള്‍ കളി പഠിപ്പിച്ച അച്ഛനെ തോല്‍പ്പിച്ചു തുടങ്ങി.
പിന്നെ ഇതുവരെയും ശ്രാവണിനെ തോല്‍പ്പിക്കാന്‍ തനിക്ക് കഴിഞ്ഞിട്ടില്ലെന്ന് രഞ്ജിത് പി ദാസ് പറയുന്നു.

Sravan Renjith has defeated many older players Source: SBS
പ്രൊഫഷണൽ ചെസ്സിന്റെ ലോകത്തേക്ക്
ഏഴാം വയസ് മുതലാണ് ശ്രാവണിന് പ്രൊഫഷണല്‍ ചെസ്സില്‍ പരിശീലനം നല്‍കിത്തുടങ്ങിയത്. ആദ്യം ഇന്ത്യയില്‍ നിന്നും പിന്നീട് സെര്‍ബിയയില്‍ നിന്നുമുള്ള പരിശീലകര്‍ക്കൊപ്പം പരിശീലിച്ച ശ്രാവണ്‍, ഇപ്പോള്‍ ഒരു ഓസ്‌ട്രേലിയന്‍ ഗ്രാന്റ്മാസ്റ്റര്‍ക്കൊപ്പാണ് പരിശീലനം നടത്തുന്നത്.
ഇന്ത്യയില്‍ നടന്ന കോമണ്‍വെല്‍ത്ത് ചെസ് ചാംപ്യന്‍ഷിപ്പ് ഉള്‍പ്പെടെ നിരവധി രാജ്യാന്തര മത്സരങ്ങളിലും ദേശീയ മത്സരങ്ങളിലും പങ്കെടുത്ത ശ്രാവണ്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചിരുന്നു. തായ്‌ലന്റില്‍ നടന്ന ഏഷ്യന്‍ ഏജ് ഗ്രൂപ്പ് ടൂര്‍ണമെന്റില്‍ ഒരു സ്വര്‍ണവും ഒരു വെങ്കലവും ശ്രാവണ്‍ കരസ്ഥമാക്കിയിരുന്നു. മെല്‍ബണില്‍ പതിനെട്ടു വയസുകാര്‍ക്കായി നടന്ന മത്സരത്തില്‍ അഞ്ചാം സ്ഥാനത്തെത്തുകയും ചെയ്തു.
Image
വെല്ലുവിളിയായി പരിശീലനച്ചെലവുകള്‍
പരിശീലനത്തിനും യാത്രകള്‍ക്കും വേണ്ടിവരുന്ന സാമ്പത്തികഭാരവും, ഇതുവരെയും ഒരു സ്‌പോണ്‍സറെ കിട്ടാത്തതും കാരണം ആഗ്രഹിക്കുന്ന എല്ലാ മത്സരങ്ങളിലും പങ്കെടുക്കാന്‍ ശ്രാവണിന് കഴിയുന്നില്ലെന്ന് രഞ്ജിത് പറയുന്നു.
ശ്രാവണിന്റെ ചെസ്സിലെ കഴിവുകളും നേട്ടങ്ങളും കണ്ട് പ്രത്യേക പരിഗണനയോടെ പ്രവേശനം നല്‍കാന്‍ തയ്യാറായി ബ്രിസ്‌ബൈനിലെ മുന്‍നിര സ്‌കൂളുകളിലൊന്ന് മുന്നോട്ടുവന്നിട്ടുണ്ട്. പതിവു ഫീസിലും കുറഞ്ഞ നിരക്കിലാണ് പരിശീലകനായ ഇയാന്‍ റോജറും ശ്രാവണിന് കോച്ചിംഗ് നല്‍കുന്നത്.
ഒരു സ്‌പോണ്‍സറെ കിട്ടിയാല്‍ ഇനിയുമേറെ മുന്നോട്ടുപോകാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ശ്രാവണും കുടുംബവും.