സർവേയിൽ പങ്കെടുത്തതിൽ 61.6 ശതമാനം പേരാണ് സ്വവർഗ്ഗ വിവാഹത്തെ അനുകൂലിച്ച് വോട്ടു ചെയ്തത്. 38.4 ശതമാനം പേർ എതിർത്ത് വോട്ടു ചെയ്തു.
രണ്ടു മാസമായി നടന്നു വന്ന സർവേയുടെ ഫലം ഓസ്ട്രേലിയൻ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ചീഫ് സ്റ്റാറ്റിസ്റ്റീഷ്യൻ ഡേവിഡ് കാലിഷ് ആണ് പ്രഖ്യാപിച്ചത്.
പോസ്റ്റൽ സർവേയിൽ വോട്ടു രേഖപ്പെടുത്തണം എന്നത് നിർബന്ധിതമല്ലാതിരുന്നിട്ടും വോട്ടവകാശമുള്ള ഓസ്ട്രേലിയക്കാരിൽ 79.5 ശതമാനം പേരും അതിൽ പങ്കെടുത്തു.
എല്ലാ പ്രായവിഭാഗക്കരും സജീവമായി തന്നെ സർവേയിൽ പങ്കെടുത്തിരുന്നു. ഇതിൽ നിന്നാണ് വ്യക്തമായ ഭൂരിപക്ഷത്തോടെ യെസ് ഭാഗം ജയിച്ചിരിക്കുന്നത്.

Source: ABS
നിയമം ഉടൻ
ജനാഭിപ്രായം അനുകൂലമായതോടെ, സ്വവർഗ്ഗ വിവാഹം അനുവദിക്കുന്നതിനുള്ള പ്രൈവറ്റ് മെംബേഴ്സ് ബിൽ ഈ മാസം തന്നെ പാർലമെൻറിൽ അവതരിപ്പിക്കും.
ക്രിസ്ത്മസിന് മുന്പ് ബിൽ പാസാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി മാൽക്കം ടേൺബുൾ പറഞ്ഞു.
ആർപ്പുവിളികളോടെയും സന്തോഷാശ്രുക്കളോടെയുമാണ് രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം തടിച്ചുകൂടിയ യെസ് ക്യാംപയിൻ അനുകൂലികൾ ഈ പ്രഖ്യാപനത്തെ വരവേറ്റത്.
എല്ലാ സംസ്ഥാനങ്ങളിലും Yes
ഓസ്ട്രേലിയിയലെ എല്ലാ സംസ്ഥാനങ്ങളിലും യെസ് വോട്ടിന് തന്നെയാണ് ഭൂരിപക്ഷം കിട്ടിയത്.
78 ലക്ഷത്തിലേറെ പേരാണ് സ്വവർഗ്ഗ വിവാഹത്തെ അനുകൂലിച്ച് വോട്ടു ചെയ്തത്. 48 ലക്ഷം പേരായിരുന്നു ഇതിനെ എതിർത്തത്.
ഓസ്ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറിയിലാണ് യെസ് വോട്ടിന് ഏറ്റവും വലിയ ഭൂരിപക്ഷം. ഇവിടെ 74 ശതമാനം പേരും സ്വവർഗ്ഗ വിവാഹത്തെ അനുകൂലിച്ചു.

Source: ABS