SKIP TO MAIN CONTENT

ഓസ്‌ട്രേലിയയില്‍ കാര്‍ വില്‍പ്പനയുടെ പേരില്‍ പുതിയ തട്ടിപ്പ്

ഓണ്‍ലൈന്‍ വ്യാപാര സൈറ്റുകളിലൂടെ കുറഞ്ഞ വിലയ്ക്ക് കാര്‍ വില്‍പ്പന നടത്തുന്നു എന്ന പേരില്‍ ഓസ്‌ട്രേലിയയില്‍ പുതിയ തട്ടിപ്പ് നടക്കുന്നതായി പൊലീസ് മുന്നറിയിപ്പ് നല്‍കി.

Car sale
Source: Getty

1 min read

Published

Updated

By ദീജു ശിവദാസ്


Skip to article content

eBay, GumTree, CarSales തുടങ്ങിയ ഓണ്‍ലൈന്‍ വ്യാപാര വെബ്‌സൈറ്റുകള്‍ വഴിയുള്ള തട്ടിപ്പ് വ്യാപകമായി എന്നാണ് പൊലീസ് മുന്നറിയിപ്പ് നല്‍കുന്നത്.

വിപണിയില്‍ മികച്ച വിലയുള്ള സെക്കന്റ് ഹാന്റ് കാറുകള്‍ കുറഞ്ഞ വിലയ്ക്ക് നല്‍കാം എന്ന വാഗ്ദാനവുമായാണ് തട്ടിപ്പുകാര്‍ ഇരകളെ തേടുന്നത്. ഓസ്‌ട്രേലിയന്‍ സൈനികര്‍ എന്ന പേരിലാണ് ഈ തട്ടിപ്പുകാര്‍ സ്വയം പരിചയപ്പെടുത്തുന്നത്.

സ്റ്റീവ് റോഡ്രിഗസ്, ഷോണ്‍ ക്ലിഫ്റ്റന്‍ തുടങ്ങിയ പേരുകളാണ് തട്ടിപ്പുകാര്‍ ഇതുവരെ ഉപയോഗിച്ചതെന്നും പൊലീസ് ചൂണ്ടിക്കാട്ടി.

വിദേശരാജ്യങ്ങളിലേക്ക് സൈനിക സേവനത്തിനായി പോകുകയാണെന്നും, അതിനാല്‍ തങ്ങളുടെ കാര്‍ എത്രയും വേഗം വില്‍ക്കണമെന്നും പറഞ്ഞായിരിക്കും ഇവര്‍ പരസ്യം നല്‍കുന്നത്.

കാര്‍ വാങ്ങാന്‍ ആരെങ്കിലും തയ്യാറായാല്‍, മണി ട്രാന്‍സ്ഫര്‍ വഴിയോ, ബാങ്ക് അക്കൗണ്ട് വഴിയോ പണം മാറ്റാന്‍ ആവശ്യപ്പെടും. ഈ പണം ഇവരുടെ അക്കൗണ്ടില്‍ നിന്ന് പിന്‍വലിച്ച് ഇവരുടെ കൈവശമെത്തുന്നതുവരെ ഇമെയിലില്‍ ബന്ധം തുടരുമെങ്കിലും, പിന്നെ ഇവര്‍ പ്രതികരിക്കാതാകും.

ഓണ്‍ലൈന്‍ തട്ടിപ്പുകളെക്കുറിച്ച് നിരവധി മുന്നറിയിപ്പുകളുണ്ടെങ്കിലും, ഈ തട്ടിപ്പില്‍ പലരും കുടുങ്ങുന്നതായി പൊലീസ് അറിയിച്ചു. ഓണ്‍ലൈന്‍ വ്യാപാരത്തിനായി എല്ലാവരും ഉപയോഗിക്കുന്ന വെബ്‌സൈറ്റുകളിലൂടെയാണ് ഈ തട്ടിപ്പ് എന്നതിനാലാണ് പലരും ഇതില്‍ കുടുങ്ങുന്നത്.

ഇത്തരം തട്ടിപ്പിന് ഇരയാകുകയോ, തട്ടിപ്പുകളെക്കുറിച്ച് വിവരം ലഭിക്കുകയോ ചെയ്യുന്നവര്‍ ഓസ്‌ട്രേലിയന്‍ കോംപറ്റീഷന്‍ ആന്റ് കണ്‍സ്യൂമര്‍ കമ്മീഷനെ അത് അറിയിക്കണമെന്ന് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

അതോടൊപ്പം ക്രൈം സ്റ്റോപ്പേഴ്‌സിനെ 1800 333 000 എന്ന നമ്പരിലോ, www.crimestoppers.com.au എന്ന വെബ്‌സൈറ്റിലോ ബന്ധപ്പെടാം.


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now