ഓസ്രേലിയൻ ടാക്സ് ഓഫീസിൻറെ പേരിൽ ഫോൺ വിളിച്ച് തട്ടിപ്പ് നടത്തുന്ന സംഘത്തിൽ അംഗമായ ഇന്ത്യൻ വിദ്യാർത്ഥിയെ കഴിഞ്ഞ ദിവസം കോടതി ഒരു വർഷത്തേക്ക് ശിക്ഷിച്ചിരുന്നു. ഈ വാർത്ത നൽകിയതിനു ശേഷം നിരവധി ശ്രോതാക്കളാണ് തട്ടിപ്പിന് ഇരയാകുകയോ, പണം നഷ്ടമാകാതെ കഷ്ടിച്ച് രക്ഷപ്പെടുകയോ ചെയ്ത കാര്യം എസ് ബി എസ് മലയാളത്തെ അറിയിച്ചത്. ഈ തട്ടിപ്പിൻറെ രീതിയെക്കുറിച്ച് അറിയുന്നതിനായി ഇത്തരത്തിൽ ഫോൺ കോൾ കിട്ടിയ ഒരു മലയാളിയുമായി നമ്മൾ സംസാരിക്കുന്നു.
കെയിൻസിനടുത്തുള്ള മറീബയിൽ ദന്തഡോക്ടറായ രാജേഷ് പട്നക്കാടും ഭാര്യ മൈത്രേയി പഠക്കുമാണ് തട്ടിപ്പിനിരയായി പണം നൽകുന്നതിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടത്. അതേക്കുറിച്ച് ഡോക്ടർ രാജേഷ് തന്നെ വിശദീകരിക്കുന്നത് മുകളിലെ പ്ലേയറിൽ നിന്ന് കേൾക്കാം.
തട്ടിപ്പുകാരുടെ ഫോൺ വിളിയുടെ വിശദാംശങ്ങൾ കേൾക്കുക - മുകളിലെ പ്ലേയറിൽ നിന്ന്...
തട്ടിപ്പ് എങ്ങനെ തിരിച്ചറിയാം?
ഒരുപാട് പേര്‍ക്ക് ഇത്തരം ഫോണ്‍കോളുകള്‍ കിട്ടാറുണ്ട്. ഈ വാര്‍ത്തയുടെയും മലയാളികള്‍ക്ക് വന്ന ഫോണ്‍കോളുകലെക്കുറിച്ചുള്ള വിവരത്തിന്റെയും പശ്ചാത്തലത്തില്‍ ഓസ്‌ട്രേലിയന്‍ ടാക്‌സേഷന്‍ ഓഫീസുമായി എസ് ബി എസ് മലയാളം ബന്ധപ്പെട്ടു. ടാക്‌സേഷന്‍ ഓഫീസ് നല്‍കിയ വിശദീകരണം ഇതാണ്.
നികുതി കുടിശ്ശിക സംബന്ധിച്ച് സംസാരിക്കാനായി ആയിരക്കണക്കിന് പേരെ ഓരോ ആഴ്ചയും ടാക്‌സ് ഓഫീസില്‍ നിന്ന് വളിക്കാറുണ്ട്. പക്ഷേ ഒരിക്കലും ഭീഷണിപ്പെടുത്തുന്ന തരത്തിൽ ഒരു ടാക്‌സേഷന്‍ ഓഫീസറും സംസാരിക്കില്ല.
തട്ടിപ്പ് കോളാണോ എന്ന് തിരിച്ചറിയാന്‍ ചില നിര്‍ദ്ദേശങ്ങളും അവര്‍ നല്‍കിയിട്ടുണട്.
- ആദ്യം ഫോൺ വിളിക്കില്ല
ഇത്തരത്തില്‍ നിങ്ങള്‍ക്ക് കുടിശ്ശികയുണ്ടെങ്കില്‍ ആദ്യം ഫോണ്‍ കോള്‍ ആയിരിക്കില്ല വരുന്നത്. അതിന് മുമ്പ് ഒരു കത്തോ എസ് എം എസോ അയക്കും. അതിനു ശേഷം മാത്രമേ ഫോണ്‍ വിളിക്കൂ.
- ടാക്സേഷൻ ഉദ്യോഗസ്ഥർ ഭീഷണി സ്വരത്തിൽ സംസാരിക്കില്ല
അഥവാ ഫോണ്‍ വിളിച്ചാലും നിങ്ങളെ അറസ്റ്റ് ചെയ്യുമെന്നോ ജയിലിലടക്കുമെന്നോ, ഇപ്പോള്‍ തന്നെ കുടിശ്ശിക അടക്കണമെന്നോ പറഞ്ഞ് ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തില്ല. തട്ടിപ്പ് കോളാണെന്ന് സംശയം തോന്നിയാല്‍ ചെയ്യാവുന്ന ഒരു കാര്യവും ടാക്‌സേഷന്‍ ഓഫീസ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
- ടാക്സേഷൻ ഓഫീസിലേക്ക് തിരിച്ചുവിളിക്കുക
വിളിക്കുന്ന ആളുടെ പേര് ചോദിക്കുക. അതിനു ശേഷം ഫോണ്‍ കട്ട് ചെയ്യുക. എന്നിട്ട് ടാക്‌സേഷന്‍ ഓഫീസിന്റെ സ്വിച്ച്‌ബോര്ഡിലേക്ക് തിരിച്ചുവിളിച്ച് ആ പേരിലുള്ള ആളെ കണക്ട് ചെയ്യാന്‍ ആവശ്യപ്പെടുക. 1800 008 540 എന്നതാണ് സ്വിച്ച് ബോര്‍ഡ് നന്പർ. ഏതെങ്കിലുംതരത്തില്‍ നിങ്ങൾ തട്ടിപ്പിന് ഇരയാകുകയാണെങ്കിലും ഇതേ നന്പരിൽ വിളിച്ച് എത്രയും വേഗം അറിയിക്കണമെന്ന് ടാക്‌സേഷന്‍ വകുപ്പ് നിര്‍ദ്ദേശിച്ചു.