രാജ്യത്തെ 150ഓളം ഉള്‍നാടന്‍ പ്രദേശങ്ങളില്‍ ജനസംഖ്യ കുറഞ്ഞുവരുന്നതായാണ് റീജിയണല്‍ ഓസ്‌ട്രേലിയ ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഓസ്‌ട്രേലിയയില്‍ ജനിച്ചുവളരുന്നവരുടെ എണ്ണം ഈ പ്രദേശങ്ങളില്‍ കുറയുകയാണ്.
ഇതുകാരണം ഇത്തരം പ്രദേശങ്ങളിലെ തൊഴില്‍മേഖലകളില്‍ ആവശ്യത്തിന് ആളെ കിട്ടാറില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. രാജ്യത്തേക്ക്കുടിയേറിയെത്തുന്നവര്‍ക്ക് ഇത്തരം ഉള്‍നാടന്‍ പ്രദേശങ്ങളിലെ തൊഴിലുടമകളുമായി നേരിട്ട് ബന്ധപ്പെടാന്‍ ഇപ്പോള്‍ വ്യക്തമായ സംവിധാനവും ഇല്ല.
ഇത് മറികടക്കാനായി റീജിയണല്‍ പി ആര്‍ വിസകളുടെ എണ്ണം വര്‍ദ്ധിപ്പിക്കണം എന്നാണ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ശുപാര്‍ശ.
മാതൃകയായി പിരമിഡ് ഹിൽസ്
വിക്ടോറിയയിലെ പിരമിഡ് ഹില്‍സ് പോലുള്ള പ്രദേശങ്ങളെ ഇതിനു മാതൃകയാക്കാമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് സി ഇ ഒ ജാക്ക് ആര്‍ച്ചര്‍ ചൂണ്ടിക്കാട്ടി.
ജനസംഖ്യ വന്‍തോതില്‍ കുറഞ്ഞുകൊണ്ടിരുന്ന ഇവിടേക്ക് നൂറോളം ഫിലിപ്പൈന്‍സ് വംശജര്‍ കുടിയേറിയെത്തിയത് പ്രദേശത്തിന്റെ പുരോഗതിക്ക് സഹായിച്ചു. വര്‍ഷങ്ങള്‍ക്ക് ശേഷം ഇവിടെ ആദ്യമായി പുതിയ വീടുകളും സ്‌കൂളുകളും നിര്‍മ്മിച്ചതായും ജാക്ക് ആര്‍ച്ചര്‍ പറഞ്ഞു.
റീജിയണൽ വിസയിൽ എത്തുന്നവർ വൻതോതിൽ നഗരങ്ങളിലേക്ക് കുടിയേറുന്നു
റീജിയണൽ വിസകളിൽ ഓസ്ട്രേലിയയിലേക്ക് കുടിയേറുന്നവർ അതാത് പ്രദേശങ്ങളിൽ താമസിക്കാതെ PR വിസ പ്രകാരമുള്ള നിർബന്ധിത കാലാവധി കഴിഞ്ഞ ശേഷം നഗരങ്ങളിലേക്ക് മാറുന്നു എന്ന് മൾട്ടി കൾച്ചറൽ മിനിസ്റ്റർ അലൻ ടഡ്ജ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.
ഈ സാഹചര്യത്തിൽ ഇത്തരം വിസയിൽ ഓസ്‌ട്രേലിയയിൽ എത്തുന്നവർ നഗരങ്ങളിലേക്ക് മാറുന്നത് തടയുന്നതിനുള്ള നിയമ പരിഷകരണങ്ങൾക്കായി സർക്കാർ ശ്രമിക്കുന്നുണ്ട്.
ഇതേപ്പറ്റി കൂടുതൽ വായിക്കാം. ..

റീജിയണൽ വിസയിൽ എത്തുന്നവർ PRന് ശേഷം നഗരങ്ങളിലേക്ക് മാറുന്നത് തടയാൻ പദ്ധതിയുമായി സർക്കാർ