കിഴക്കൻ പെർത്തിലെ മിഡ്‌വെയിലിലുള്ള ഫെറൽ റോഡിൽ ജൂലൈ 31 നു വൈകിട്ട് ആറരയോടെയാണ് അപകടം നടന്നത്. പെർത്തിലെ ജെയ്ൻ ബ്രൂക്കിലുള്ള ബിജു പൗലോസ് എന്ന 48കാരൻ ഓടിച്ചിരുന്ന BMW SUV കാർ കാല്നടക്കാരായ മൂന്നു ടീനേജുകാരായ ആൺകുട്ടികളെ ഇടിച്ചു വീഴ്ത്തുകയായിരുന്നു എന്ന് വെസ്റ്റേൺ ഓസ്ട്രേലിയ പൊലീസ് ആരോപിച്ചു.
ഇതിൽ 15 വയസ്സുള്ള കുട്ടി അതീവ ഗുരുതരാവസ്ഥയിൽ റോയൽ പെർത്ത് ആശുപത്രിയിൽ ചികിത്സയിലാണെന്ന് നയൻ ന്യൂസിന്റെ റിപ്പോർട്ട് സൂചിപ്പിക്കുന്നു. 16 വയസ്സുള്ള മറ്റൊരു കുട്ടിയുടെ നില ഗുരുതരമായിരുന്നുവെങ്കിലും നില മെച്ചപ്പെട്ടതായാണ് റിപ്പോർട്ടുകൾ. അപകടത്തിൽപ്പെട്ട 12 കാരൻ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
ഇടിച്ച ശേഷം ഡ്രൈവർ കാർ നിറുത്താതെ പോയെന്നും അപകടം നേരിൽ കണ്ട ഒരാൾ വാഹനത്തെ പിന്തുടർന്ന് കാർ തടഞ്ഞു നിർത്തുകയായിരുന്നു എന്നും പൊലീസ് നയൻ ന്യൂസിനോട് പറഞ്ഞു.
അപകടകരമായ രീതിയിൽ വണ്ടി ഓടിച്ച് രണ്ടു പേരെ ഗുരുതരമായി പരിക്കേൽപ്പിച്ചു, ഗുരുതരമായി പരിക്കേൽപ്പിച്ച ശേഷം അപകടം റിപ്പോർട്ട് ചെയ്തില്ല എന്നീ കുറ്റങ്ങളാണ് ബിജുവിനെതിരെ ചുമത്തിയിരിക്കുന്നതെന്ന് വെസ്റ്റേൺ ഓസ്ട്രേലിയ പൊലീസ് എസ് ബി എസ് മലയാളത്തെ അറിയിച്ചു.
ഓഗസ്റ്റ് ഒന്നാം തീയതി മിഡ്ലാൻഡ് മജിസ്‌ട്രേറ്റ്സ് കോടതിയിൽ ഹാജരാക്കിയ ബിജുവിന് ജാമ്യം നൽകിയതായി കോടതി വ്യക്തമാക്കി.
ഓഗസ്റ്റ് 30 ന് ബിജുവിനെ വീണ്ടും കോടതിയിൽ ഹാജരാക്കും.
സംഭവം നേരിൽ കണ്ടവർ 1800 330 000 എന്ന നമ്പറിൽ ക്രൈം സ്റ്റോപ്പേഴ്സിനെ ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു.