ഏറെ വിവാദമായ പൗരത്വ നിയമ ഭേദഗതി ബിൽ ഇന്നലെയാണ് സെനറ്റിന്റെ പരിഗണനാ പട്ടികയിൽ നിന്ന് ഒഴിവാക്കിയത്.
ബിൽ പാസ് ആക്കാനായി കുടിയേറ്റ കാര്യ മന്ത്രിക്ക് അനുവദിച്ചിരുന്ന സമയം വൈകിട്ട് 7.20 ആയിരുന്നു. ഇതിനു മുൻപായി ക്രോസ്സ് ബെഞ്ച് സെനറ്റർമാരുടെ പിന്തുണ ലഭിക്കാത്ത സാഹചര്യത്തിലാണ് ബിൽ സെനറ്റ് പട്ടികയിൽ നിന്ന് തള്ളിയത്.
ഇതോടെ കുടിയേറ്റ കാര്യ മന്ത്രാലയം സ്വീകരിച്ചിരിക്കുന്ന അപേക്ഷകൾ നിലവിലെ നിയമപ്രകാരം പൂർത്തിയാക്കുമെന്ന് കുടിയേറ്റ കാര്യ മന്ത്രിയുടെ വക്താവ് എസ് ബി എസ് ന്യൂസിനെ അറിയിച്ചു. പുതിയ നിയമം പ്രഖ്യാപിച്ച ശേഷം ലഭിച്ച അപേക്ഷകളെല്ലാം ഇപ്പോൾ പരിഗണിക്കാതെ കെട്ടിക്കിടക്കുകയാണ്.
നേരത്തേ, പ്രതിപക്ഷ കുടിയേറ്റകാര്യ വക്താവ് ടോണി ബർക്ക് ബിൽ പാസാകാത്ത വിവരം പാർലമെൻറിനെ അറിയിച്ചിരുന്നു.
അതേസമയം, കൂടുതൽ ഭേദഗതികൾ വരുത്തിക്കൊണ്ട് പൗരത്വ നിയമ ഭേദഗതി ബിൽ പാർലമെന്റിൽ പാസ് ആക്കാനുള്ള ശ്രമം സർക്കാർ തുടരുമെന്ന് കുടിയേറ്റ കാര്യ മന്ത്രിയുടെ വക്താവ് അറിയിച്ചു.
വീണ്ടും അവതരിപ്പിച്ച് ബിൽ പാസ് ആകുന്നപക്ഷം 2018 ജൂലൈ ഒന്ന് മുതൽ പൗരത്വ നിയമത്തിൽ മാറ്റങ്ങൾ കൊണ്ടുവരാനാണ് സർക്കാർ പദ്ധതി.
ഈ വർഷം ഏപ്രിൽ 20 മുതൽ ലഭിച്ച അപേക്ഷകൾ പുതുക്കിയ നിയമപ്രകാരം ആകും പരിഗണിക്കുക എന്ന് സർക്കാർ അറിയിച്ചിരുന്നു. ഇത് കുടിയേറ്റ സമൂഹത്തിനിടയിൽ ഏറെ ആശങ്കയ്ക്ക് വക നൽകിയിരുന്നു.
ഏപ്രിൽ 20 മുതൽ 2018 ജൂലൈ ഒന്ന് വരെ സ്വീകരിക്കുന്ന എല്ലാ അപേക്ഷകളും നിലവിലെ നിയമപ്രകാരമാകും പരിഗണിക്കുക.
അതിനിടെ, നീണ്ട കാത്തിരിപ്പിനൊടുവിൽ പൗരത്വ നിയമത്തിൽ ഉടൻ മാറ്റങ്ങൾ കൊണ്ടുവരാത്തതിന്റെ ആശ്വാസത്തിലാണ് രാജ്യത്തെ കുടിയേറ്റ സമൂഹം.
ഈ വർഷം ആദ്യമാണ് പൗരത്വ നിയമത്തിൽ ഭേദഗതി വരുത്താൻ സർക്കാർ പദ്ധതിയിട്ടത്.
ഓസ്‌ട്രേലിയൻ പൗരത്വം സ്വന്തമാക്കാൻ ഇംഗ്ലീഷ് ഭാഷാ പരീക്ഷ നിർബന്ധമാക്കുമെന്ന് അറിയിച്ചിരുന്നു. കൂടാതെ പെര്മനന്റ് റസിഡന്റ് വിസയിൽ രാജ്യത്തുള്ളവർക്ക് വിസ ലഭിച്ച് നാല് വർഷം പൂർത്തിയായ ശേഷം മാത്രമേ പൗരത്വത്തിനായി അപേക്ഷിക്കാൻ സാധിക്കുകയുള്ളു എന്ന നിബന്ധനയും സർക്കാർ മുൻപോട്ടു വച്ചിരുന്നു.
നിലവിൽ ഓസ്ട്രേലിയയിൽ നാലു വർഷം ജീവിച്ചവർക്ക് ഒരു വർഷത്തെ പി ആർ കാലാവധിയുണ്ടെങ്കിൽ പൗരത്വത്തിനായി അപേക്ഷിക്കാവുന്നതാണ്.