രാജ്യത്തേക്കുള്ള തൊഴിൽ വിസയിൽ വൻ അഴിച്ചുപണി നടത്തിയതിനു പിന്നാലെയാണ് ഫെഡറൽ സർക്കാർ പൗരത്വ നിയമത്തിലും മാറ്റങ്ങൾ പ്രഖ്യാപിച്ചത്.
ഓസ്ട്രേലിയൻ മൂല്യങ്ങൾ പൂർണമായി പാലിക്കുന്നവർക്ക് മാത്രമേ പൗരത്വം നൽകാൻ കഴിയൂ എന്ന നിബന്ധനയാണ് പുതിയ നിയമത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഓസ്ട്രേലിയയിൽ ജീവിക്കുന്പോൾ ഓസ്ട്രേലിയൻ ജീവിതരീതിയും മൂല്യങ്ങളും പൂർണമായി പാലിക്കുകയും, ഇംഗ്ലീഷ് പരിജ്ഞാനം നേടുകയും ചെയ്യുന്നവർക്ക് മാത്രമായിരിക്കും ഇനി പൗരത്വം
ഇംഗ്ലീഷിൽ പ്രാവീണ്യം വേണം
ഇതിൽ ഏറ്റവും പ്രധാനപ്പെട്ട മാറ്റം വരുത്തിയിരിക്കുന്നത് പെർമനന്റ് റെസിഡൻസി ലഭിച്ച ശേഷം പൗരത്വം നേടാൻ വേണ്ടി വരുന്ന കാലാവധിയിലാണ്. നിലവിൽ നാലു വർഷമായി ഓസ്ട്രേലിയയിൽ താമസിക്കുന്നവർക്ക്, പെർമനൻറ് റെസിഡൻസി ലഭിച്ച് ഒരു വർഷമേ ആയിട്ടുള്ളൂവെങ്കിലും പൗരത്വം ലഭിക്കും. എന്നാൽ പുതിയ നിയമ പ്രകാരം പെർമനന്റ് റെസിഡൻസി ലഭിച്ച് നാലു വർഷം കഴിഞ്ഞു മാത്രമേ പൗരത്വത്തിന് അപേക്ഷിക്കാൻ കഴിയൂ.
നിലവിൽ ഇംഗ്ലീഷ് ഭാഷയിൽ അടിസ്ഥാന പരിജ്ഞാനമുള്ളവർക്കും പൗരത്വം കിട്ടുമെങ്കിൽ, ഇനി ഭാഷയിൽ മികച്ച പ്രാവീണ്യം തെളിയിക്കണം. IELTS സ്കോർ ആറിന് തുല്യമായ, കോംപീറ്റൻറ് എന്ന പ്രാവീണ്യമാണ് പൗരത്വം ലഭിക്കാൻ വേണ്ടത്. ഓസ്ട്രേലിയൻ സമൂഹത്തിൽ പൂർണമായി ഇടപഴകാൻ കഴിയും എന്നു തെളിയിക്കുന്നതിന് വേണ്ടിയാണ് ഇത്.
പൗരത്വ പരീക്ഷ മാറും
പൗരത്വത്തിനായുള്ള പരീക്ഷയിലും മാറ്റം വരുത്തും. നിലവിൽ മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളാണെങ്കിൽ, ഇനി മുതൽ ഓസ്ട്രേലിയൻ മൂല്യങ്ങൾ പാലിക്കുന്നു എന്ന് തെളിയിക്കുന്നതിനു വേണ്ടിയുള്ള ചോദ്യങ്ങളാകും. ഓസ്ട്രേലിയയിൽ ഉണ്ടായിരുന്ന കാലഘട്ടത്തിൽ ജോലി ചെയ്തോ, കുട്ടികളെ സ്കൂളിലയച്ചോ തുടങ്ങിയ കാര്യങ്ങളും പരിശോധിക്കും.
ഗാർഹിക പീഡനം പോലുള്ള കേസുകളിൽപ്പെടുന്നവർക്ക് പൗരത്വം നൽകില്ലെന്നും പ്രധാനമന്ത്രി മാൽക്കം ടേൺബുള്ളും കുടിയേറ്റകാര്യമന്ത്രി പീറ്റർ ഡറ്റനും വ്യക്തമാക്കി.