2020-21ലെ കുടിയേറ്റ രീതിയിൽ നിരവധി മാറ്റങ്ങൾ പ്രഖ്യാപിച്ചതിനൊപ്പമാണ്, പാർട്ണർ വിസയിലുള്ള മാറ്റങ്ങളും സർക്കാർ ബജറ്റിൽ വ്യക്തമാക്കിയത്.
ഈ വർഷത്തെ ആകെ അനുവദിച്ചിട്ടുള്ള വിസകളുടെ പകുതിയോളം ഫാമിലി സ്ട്രീം വിസകളായിരിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചു. ഫാമിലി സ്ട്രീം വിസകളിൽ 90 ശതമാനവും പാർട്ണർ വിസകളാണ്.
ഇതിൽ തന്നെ, നിലവിൽ താൽക്കാലിക വിസകളിൽ ഓസ്ട്രേലിയയിൽ കഴിയുന്നവർക്കുള്ള പാർട്ണർ വിസ അപേക്ഷകൾക്ക് മുൻഗണന നൽകും.
എന്നാൽ പാർട്ണർ വിസയ്ക്കായി അപേക്ഷിക്കുന്നവരും, അവരെ സ്പോൺസർ ചെയ്യുന്നവരും ഇംഗ്ലീഷ് പ്രാവീണ്യം തെളിയിക്കണം എന്ന പുതിയ വ്യവസ്ഥയാണ് സർക്കാർ കൊണ്ടുവന്നിരിക്കുന്നത്.
2021 ലായിരിക്കും ഈ വ്യവസ്ഥ പ്രാബല്യത്തിൽ വരിക.
ഫംഗ്ഷണൽ തലത്തിലുള്ള ഇംഗ്ലീഷ് പരിജ്ഞാനം, അഥവാ അടിസ്ഥാന ഇംഗ്ലീഷ് പരിജ്ഞാനം ആണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് കുടിയേറ്റകാര്യമന്ത്രി അലൻ ടഡ്ജ് പറഞ്ഞു.
IELTSൽ നാലു ഘടകങ്ങളിലും 4.5 സ്കോർ ലഭിക്കുന്നതാണ് ഫംഗ്ഷണൽ ഇംഗ്ലീഷ് പ്രാവീണ്യം എന്ന് ആഭ്യന്തര വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. PTE ആണെങ്കിൽ നാലു ഘടകങ്ങളിലും സ്കോർ 30 വീതം വേണം.

Minister for Cities Alan Tudge speaks to the media during a Western Sydney Airport Rail Link announcement in Sydney, Source: AAP
ഇംഗ്ലീഷ് പരിശീലനമായാലും മതി
IELTSലോ, PTEയിലോ ഈ സ്കോർ ഇല്ലാത്തവർ, ഇംഗ്ലീഷ് പഠിക്കാൻ ന്യായമായ ശ്രമങ്ങൾ നടത്തി എന്നു തെളിയിച്ചാലും മതി.
പുതിയ കുടിയേറ്റക്കാർക്ക് സർക്കാർ സൗജന്യമായി നൽകുന്ന അഡൽറ്റ് മൈഗ്രേഷൻ ഇംഗ്ലീഷ് പ്രോഗ്രാം (AMEP)ൽ 500 മണിക്കൂർ പൂർത്തിയാക്കുന്നവർക്ക് പാർട്ണർ വിസക്കായി അപേക്ഷിക്കാൻ കഴിയും.
ഭൂരിഭാഗം പാർട്ണർ വിസ അപേക്ഷകളിലും പെർമനന്റ് വിസ ലഭിക്കും മുമ്പ് രണ്ടു വർഷത്തെ പ്രൊവിഷണൽ വിസയുണ്ടാകും.
ഈ പ്രൊവിഷണൽ വിസ കാലാവധിയിൽ AMEP പരിശീലനം പൂർത്തിയാക്കിയാൽ PRന് അപേക്ഷിക്കുമ്പോൾ അത് കണക്കിലെടുക്കും.
പുതിയ കുടിയേറ്റക്കാർക്ക് AMEP പരിശീലം ലഭിക്കുന്നതിനുള്ള സമയപരിധി സർക്കാർ അടുത്തിടെ എടുത്തുമാറ്റിയിരുന്നു. എത്ര മണിക്കൂർ വേണമെങ്കിലും സൗജന്യ പരിശീലനം ലഭിക്കും എന്നതാണ് പുതിയ വ്യവസ്ഥ.
ആവശ്യത്തിനുള്ള ഇംഗ്ലീഷ് പരിജ്ഞാനമില്ലാത്തവർ പാർട്ണർ വിസയിൽ ഓസ്ട്രേലിയയിലെത്തുമ്പോൾ ഗാർഹിക പീഡനക്കേസുകളും മറ്റും കൂടുന്നതായും, ഇത് ഒഴിവാക്കാനാണ് ഇംഗ്ലീഷ് പ്രാവീണ്യം നിർബന്ധമാക്കുന്നതെന്നും അലൻ ടഡ്ജ് വ്യക്തമാക്കി.