കഴിഞ്ഞ ദിവസങ്ങളിലായി ന്യൂ സൗത്ത് വെയില്‍സില്‍ ആറു പേര്‍ക്കും വിക്ടോറിയയിലും ക്വീന്‍സ്ലാന്റില്‍ ഓരോരുത്തര്‍ക്കും കൊറോണ വൈറസ് ബാധ (Covid 19) സ്ഥിരീകരിച്ചതോടെ, രാജ്യത്തെ മൊത്തം രോഗബാധിതരുടെ എണ്ണം 40 ആയി.
പെര്‍ത്തില്‍ ഒരാള്‍ മരിച്ചതും, സിഡ്‌നിയില്‍ പുതിയ ആളുകളിലേക്ക് രോഗം പടര്‍ന്നു തുടങ്ങിയതും കൂടുതല്‍ ആശങ്ക പടര്‍ത്തുകയാണ്.
ആശങ്കയുണ്ടെങ്കിലും ജനങ്ങള്‍ ഭയക്കേണ്ട സാഹചര്യമില്ലെന്ന് ന്യൂ സൗത്ത് വെയില്‍സ് പ്രീമിയര്‍ ഗ്ലാഡിസ് ബെറെജെക്ലിയന്‍ പറഞ്ഞു.
'സ്ഥിതി ആശങ്കാജനകമാണ് എന്നത് വാസ്തവമാണ്. എല്ലാവരും മുന്‍കരുതല്‍ എടുക്കണം. എന്നാല്‍, ആളുകള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ല. ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പുകളും നിര്‍ദ്ദേശങ്ങളും പിന്തുടരാന്‍ ശ്രമിക്കുക.'
അഞ്ചു വിമാനങ്ങളിലെത്തിയവര്‍ക്ക് മുന്നറിയിപ്പ്
സിംഗപ്പൂര്‍, മലേഷ്യയിലെ ക്വാലാലംപൂര്‍, ദക്ഷിണ കൊറിയ എന്നിവിടങ്ങളില്‍ നിന്ന് വന്ന വിമാനങ്ങളിലെ യാത്രക്കാര്‍ക്കാണ് സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.
മാര്‍ച്ച് ഒന്നിന് സിംഗപ്പൂരില്‍ നിന്ന് ക്വാണ്ടസിന്റെ QF82 വിമാനത്തില്‍ എത്തിയ ഒരാള്‍ക്ക് വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാള്‍ ജെറ്റ്‌സ്റ്റാര്‍ ഏഷ്യയുടെ 5186 നമ്പര്‍ വിമാനത്തില്‍ ക്വാലാലംപൂരില്‍ നിന്ന് സിംഗപ്പൂരേക്കും സഞ്ചരിച്ചിട്ടുണ്ട്.
ഫെബ്രുവരി 28ന് സിംഗപ്പൂരില്‍ നിന്ന് സിഡ്‌നിയിലെത്തിയ QF02 വിമാനത്തിലും ഒരാള്‍ രോഗ ലക്ഷണങ്ങളോടെ യാത്ര ചെയ്തിട്ടുണ്ട്.
ക്വാലാലംപൂരില്‍ നിന്ന് സിഡ്‌നിയിലേക്ക് മാര്‍ച്ച് ഒന്നിന് വന്ന മലിന്‍ഡോ എയറിന്റെ OD171 വിമാനമാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്ന മറ്റൊന്ന്. ദക്ഷിണ കൊറിയയില്‍ നിന്ന് ഫെബ്രുവരി 27ന് സിഡ്‌നിയിലെത്തിയ കൊറിയന്‍ എയറിന്റെ KE121 വിമാനത്തിലെ യാത്രക്കാര്‍ക്കും നിര്‍ദ്ദേശമുണ്ട്.
ജപ്പാനില്‍ നിന്ന് സിഡ്‌നിയിലേക്ക് വന്ന ഒരു വനിതയ്ക്കും വൈറസ് ബാധ സ്ഥിരീകരിച്ചെങ്കിലും ഇവര്‍ വന്ന വിമാനം ഏതെന്ന് വെളിപ്പെടുത്തിയിട്ടില്ല.
ഈ വിമാനങ്ങളില്‍ രോഗബാധിതരുടെ സമീപത്തുണ്ടായിരുന്ന മറ്റു യാത്രക്കാരുമായി അധികൃതര്‍ നേരിട്ട് ബന്ധപ്പെടുന്നുണ്ട്.
രോഗം സ്ഥിരീകരിച്ചത് ഏജ്ഡ് കെയര്‍ ജീവനക്കാരിക്ക്
ഓസ്‌ട്രേലിയയില്‍ വച്ച് രോഗം ബാധിച്ച മൂന്നാമത്തെ സംഭവം ഇന്നലെ രാത്രി സ്ഥിരീകരിച്ചിരുന്നു.
വടക്കന്‍ സിഡ്‌നിയിലെ ഒരു ഏജ്ഡ് കെയര്‍ സെന്ററിലെ ജീവനക്കാരിയാണ് ഇതെന്ന് ആരോഗ്യവകുപ്പ് ഇന്ന് അറിയിച്ചു.
മക്വാറി പാര്‍ക്കിലെ ഡോറോത്തി ഹെന്‍ഡേഴ്‌സന്‍ ലോഡ്ജിലെ ജീവനക്കാരിയാണ് ഇത്.
ഇവര്‍ പരിചരിച്ച 11 പേരെ ഇപ്പോള്‍ ഐസൊലേഷനില്‍ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
ഈ ഏജ്ഡ് കെയര്‍ കേന്ദ്രത്തിലുണ്ടായിരുന്ന ഒരു 95കാരി മരിച്ചിരുന്നെങ്കിലും, അത് കൊറോണ മൂലമാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.