ശനിയാഴ്ചകളിലും രാത്രി സമയങ്ങളിലും ജോലി ചെയ്യുന്നവർക്കുള്ള പെനാൽറ്റി നിരക്കുകളിലാണ് വർദ്ധനവ് പ്രഖ്യാപിച്ചിരിക്കുന്നത്. ശനിയാഴ്ചകളിൽ ജോലി ചെയ്യുന്നവർക്ക് നിലവിൽ 10 ശതമാനമാണ് പെനാൽറ്റി നിരക്ക് ലഭിക്കുന്നത്.
ഇത് 25 ശതമാനമായി വർധിപ്പിക്കാനാണ് കമ്മീഷന്റെ തീരുമാനം. അതായത് ശനിയാഴ്ചകളിൽ ജോലിചെയ്യുന്ന കാഷ്വൽ ജീവനക്കാർക്ക് പെനാൽറ്റി നിരക്കിൽ 15 ശതമാനം വർദ്ധനവ് ലഭിക്കും.
കൂടാതെ വൈകിട്ട് ആറ് മണിക്ക് ശേഷം ജോലി ചെയ്യുന്ന കാഷ്വൽ ജീവനക്കാർക്ക് ഈ സമയത്ത് ജോലി ചെയ്യുമ്പോൾ പെർമനന്റ് ജീവനക്കാർക്ക് ലഭിക്കുന്ന 25 ശതമാനം ലോഡിങ് നൽകാനും കമ്മീഷൻ തീരുമാനിച്ചു. നിലവിൽ ആറ് മണിക്ക് ശേഷം ജോലി ചെയ്യുന്നതിന് ഇവർക്ക് അധിക തുക ഒന്നും നൽകിയിരുന്നില്ല.
ജസ്റ്റിസ് ഇയാൻ റോസിന്റെ നേതൃത്വത്തിലുള്ള ഫെയർ വർക് കമ്മീഷന്റെ ഫുൾ ബെഞ്ചാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്.
നിലവിൽ കാഷ്വൽ ജോലി ചെയ്യുന്നവർക്ക് ശനിയാഴ്ചകളിലും തിങ്കൾ മുതൽ വെള്ളിവരെ വൈകുന്നേരങ്ങളിലും ലഭിക്കുന്ന പെനാൽറ്റി നിരക്ക് കുറവാണെന്ന് കമ്മീഷൻ നിരീക്ഷിച്ചു.
ഈ മേഖലയിൽ ജോലി ചെയ്യുന്ന 350,000 ജീവനക്കാർക്ക് പെന്റലി നിരക്കിലെ വർദ്ധനവ് ഒരു ആശ്വാസമാകുമെന്ന് ഷോപ്, ഡിസ്ട്രിബ്യുട്ടീവ് ആൻഡ് അലൈഡ് എംപ്ലോയീസ് അസോസിയേഷൻ നാഷണൽ സെക്രട്ടറി ജെറാർഡ് ദ്വേയർ പ്രതീക്ഷ പ്രകടിപ്പിച്ചു.
പുതിയ നിരക്കുകൾ ക്രിസ്തുമസിന് മുൻപായി നടപ്പിലാക്കാനാണ് പദ്ധതി. നവംബർ ഒന്ന് മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്ന് കമ്മീഷൻ അറിയിച്ചു.
റീട്ടെയിൽ മേഖലയിലെ കാഷ്വൽ ജീവനക്കാർക്ക് ഞായറാഴ്ചകളിൽ ലഭിക്കുന്ന പെനാൽറ്റി നിരക്ക് കഴിഞ്ഞ വർഷം വെട്ടിക്കുറച്ചിരുന്നു. ഇത് അടുത്ത വർഷം ജൂലയ് മുതൽ നടപ്പിലാക്കാനിരിക്കവെയാണ് ഈ തീരുമാനം.