നാലു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വിലയാണ് ഓസ്ട്രേലിയയിൽ ഇപ്പോൾ പെട്രോളിനുള്ളത്. പ്രീമിയം പെട്രോൾ ലിറ്ററിന് 1.90 ഡോളർ വരെയായി ഉയർന്നിട്ടുണ്ട്.
പെട്രോൾ വിലയിൽ 35 ശതമാനവും നികുതി ഇനത്തിലാണെന്ന് കൺസ്യൂമർ ആന്റ് പ്രൊട്ടക്ഷൻ കമ്മീഷൻ (ACCC) റോഡ് സിംസ് ചൂണ്ടിക്കാട്ടി. ജി എസ് ടിക്കു പുറമേ 41 സെന്റ് ഒരു ലിറ്റർ പെട്രോളിന്റെ എക്സൈസ് തീരുവ ഇനത്തിലും ഉപഭോക്താക്കൾ നൽകുന്നുണ്ട്.
റോഡ് നിർമ്മാണത്തിനും പരിപാലനത്തിനും വേണ്ടിയാണ് ഈ തുക പോകുന്നത്. എന്നാൽ ഇതിന്റെ വിനിയോഗം സംബന്ധിച്ച് ഉപഭോക്താക്കൾക്ക് കൃത്യമായ അറിവില്ലെന്നും റോഡ് സിംസ് പറഞ്ഞു.
ഇപ്പോഴത്തെ സാഹചര്യത്തിൽ അനുവദിക്കാവുന്നതിനെക്കാൾ കുറഞ്ഞത് രണ്ടോ മൂന്നോ സെന്റ് അമിതമായാണ് കമ്പനികൾ പെട്രോളിന് ഇടാക്കുന്നതെന്നും അദ്ദേഹം മെൽബണിലെ 3AW റേഡിയോയോട് ചൂണ്ടിക്കാട്ടി.
പെട്രോൾ വില കുറയ്ക്കുന്നതിനായി ACCC മുന്നോട്ടുവയ്ക്കുന്ന നിർദ്ദേശങ്ങൾ പാലിക്കാൻ തയ്യാറാണെന്ന് ഫെഡറൽ ട്രഷറർ ജോഷ് ഫ്രൈഡൻബർഗ് വ്യക്തമാക്കിയിട്ടുണ്ട്. രാജ്യാന്തര സാഹചര്യങ്ങളും ഓസ്ട്രേലിയൻ ഡോളറിന്റെ വിലയിടിവും കാരണമാണ് പെട്രോൾ വില ഇത്രയും കൂടി നിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ സാഹചര്യം മുതലെടുത്ത് പെട്രോൾ കമ്പനികൾ ഉപഭോക്താക്കളിൽ നിന്ന് കൂടുതൽ വില ഇടാക്കുകയാണെങ്കിൽ സർക്കാർ കർശന നടപടിയെടുക്കാൻ മടിക്കില്ലെന്ന് ട്രഷറർ പ്രഖ്യാപിച്ചു.