രാജ്യത്തേക്ക് അനുവദിക്കുന്ന കുടിയേറ്റ വിസകളുടെ എണ്ണത്തില്‍ വര്‍ഷം 30,000 വരെ കുറവ് വരുത്താന്‍ ആലോചിക്കുന്നതായി പ്രധാനമന്ത്രി വ്യക്തമാക്കി. ജനസംഖ്യാവര്‍ദ്ധനവ് മൂലം പ്രധാന നഗരങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉപയോഗിക്കാന്‍ പോലും ജനങ്ങള്‍ ബുദ്ധിമുട്ടുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രധാന നഗരങ്ങളായ സിഡ്‌നിയിലെയും മെൽബണിലെയും റോഡുകളിലും പൊതുഗതാഗത സൗകര്യങ്ങളിലുമെല്ലാം തിരക്കേറുന്നു. സ്കൂളുകളിൽ പ്രവേശനം ലഭിക്കാൻ കുട്ടികൾ ബുദ്ധിമുട്ടനുഭവിക്കുന്നതായും ജനങളുടെ സ്വകാര്യത പോലും നഷ്ടപ്പെടുന്നതായുമാണ് പൊതുജനങ്ങൾ അഭിപ്രായപ്പെടുന്നതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ഇക്കഴിഞ്ഞ ഓഗസ്‌റ്റോടെ ഓസ്‌ട്രേലിയയുടെ ജനസംഖ്യ 2.5 കോടിയായി ഉയർന്നിരുന്നു. 2050 ഓടെ ഇത് 3.6 കോടിയായി വർധിക്കുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
2012-13 മുതല്‍ വര്‍ഷം 190,000 വിസകള്‍ എന്ന രീതിയിലാണ് ഓസ്‌ട്രേലിയയിലെ കുടിയേറ്റ നിരക്ക് പരിമിതപ്പെടുത്തിയിരിക്കുന്നത്. ഏകദേശം ഇത്രയും കുടിയേറ്റക്കാര്‍ തന്നെ ഓരോ വര്‍ഷവും എത്തുകയും ചെയ്യാറുണ്ട്.
എന്നാല്‍ 2017-18ല്‍ 163,000 പേര്‍ക്ക് മാത്രമാണ് കുടിയേറ്റ വിസ ലഭിച്ചത്.
ഈ സാഹചര്യത്തിൽ, അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ 160,000 ആയി കുടിയേറ്റ നിരക്ക് പരിമിതപ്പെടുത്തും എന്ന സൂചനയാണ് പ്രധാനമന്ത്രി നല്‍കിയത്.
കുടിയേറ്റ പദ്ധതിയിൽ മാറ്റങ്ങൾ
ദേശീയ കുടിയേറ്റ പദ്ധതിയിൽ നിരവധി മാറ്റങ്ങൾ ആലോചിക്കുന്നതായി ഈ വര്ഷം സർക്കാർ പ്രഖ്യാപിച്ചിരുന്നു.
ഇതിന്റെ ഭാഗമായി രാജ്യത്തേക്ക് കുടിയേറുന്നവരിൽ എത്രത്തോളം ആളുകൾ ഓരോ സംസ്ഥാനത്തേക്കും ടെറിട്ടറിയിലേക്കും പോകണമെന്നതിനെക്കുറിച്ച് സംസ്ഥാനങ്ങളും ടെറിറ്ററികളുമാകും തീരുമാനമെടുക്കുക.
കൂടാതെ, രാജ്യത്തേക്കെത്തുന്നവർ ആദ്യ അഞ്ച് വർഷം പ്രധാന നഗരങ്ങൾ ഒഴിവാക്കി ഉൾ നാടൻ പ്രദേശങ്ങളിലേക്കും ചെറുപട്ടണങ്ങളിലേക്കും പോകാൻ വിസ നിയമത്തിൽ ഭേദഗതി വരുത്തുമെന്ന് സർക്കാർ അറിയിച്ചിരുന്നു.
വിദേശത്തുനിന്നും NSWലേക്ക് കുടിയേറുന്നവരുടെ എണ്ണം പകുതിയായി കുറയ്ക്കണമെന്ന് സംസ്ഥാന പ്രീമിയർ ഗ്ലാഡിസ് ബെറെജിക്ലിയൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.