ഓസ്ട്രേലിയയിലേക്ക് കുടിയേറുന്നവരിൽ നല്ലൊരു ശതമാനം പേർ NSWലേക്കാണ് എത്തുന്നത്. ഇതുമൂലം വർദ്ധിച്ചുവരുന്ന ജനസംഖ്യക്ക് കുറവു വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇങ്ങനെയൊരു ആവശ്യം പ്രീമിയർ ഗ്ലാഡിസ് ബെറെജിക്ലിയൻ മുൻപോട്ടു വച്ചത്.
ജനസംഖ്യ കൂടുന്നതനുസരിച്ച് വേണ്ടിവരുന്ന അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്ന് പ്രീമിയർ പറഞ്ഞു. അതിന് വേണ്ടത്ര സമയം ലഭിക്കണം. കുടിയേറ്റത്തിന്റെ നിരക്കിൽ കുറവു വരുത്തിയാലേ അത് സാധിക്കൂ എന്നും ബെറെജിക്ലിയൻ ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രി സ്കോട്ട് മോറിസനുമായും ഫെഡറൽ മന്ത്രിമാരുമായും ഇതേക്കുറിച്ച് ചർച്ച നടത്തുമെന്നും പ്രീമിയർ പറഞ്ഞു. കുടിയേറ്റ വിസകളുടെ കാര്യത്തിൽ തീരുമാനം എടുക്കുന്നത് ഫെഡറൽ സർക്കാരാണ്.
ജോൺ ഹോവാർഡ് പ്രധാനമന്ത്രിയായിരുന്ന കാലത്തേതിന് സമാനമായി കുടിയേറ്റം കുറയ്ക്കണമെന്നാണ് പ്രീമിയർ ആവശ്യപ്പെട്ടത്.
ജോൺ ഹൊവാർഡിന്റെ ഭരണകാലത്ത് വർഷം 45,000 കുടിയേറ്റക്കാർ മാത്രമാണ് NSWലേക്ക് എത്തിയിരുന്നത്. നിലവിൽ ഇത് ഒരു ലക്ഷമാണ്.
രാജ്യത്തെ മൊത്തം കുടിയേറ്റക്കാരിൽ 75.6 ശതമാനം പേരും ഇപ്പോൾ NSWലേക്കും വിക്ടോറിയയിലേക്കുമാണ് എത്തുന്നത്.
2017 ൽ NSW ലേക്ക് കുടിയേറി പാർത്തത് 98,570 പേരാണെന്നാണ് കണക്കുകൾ. 2018ൽ ഗ്രേറ്റർ സിഡ്നി മേഖലയിൽ മാത്രം 70,500 ത്തോളം പേർ പുതുതായി കുടിയേറിത്താമസിക്കും എന്നാണ് ആഭ്യന്തര വകുപ്പിന്റെ വിലയിരുത്തൽ.
ഓസ്ട്രേലിയയിലേക്ക് പുതുതായി കുടിയേറുന്നവർ അഞ്ച് വർഷം ഉൾനാടൻ പ്രദേശങ്ങളിലേക്കും ചെറുപട്ടണങ്ങളിലേക്കും പോകാൻ വിസ നിയമത്തിൽ ഭേദഗതി വരുത്തുമെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് NSW പ്രീമിയർ ഈ ആവശ്യം ഉന്നയിച്ചത്.