കോവിഡ് കാലഘട്ടത്തിലാണ് ഇതിന് മുൻപ് ഒരു ഓസ്ട്രേലിയൻ പ്രധാനമന്ത്രി ഇത്തരത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചിട്ടുള്ളത്. 3 മിനിറ്റ് നീണ്ടു നിന്ന പ്രസംഗത്തിൽ ആഗോള ഇന്ധന വിതരണത്തിലുണ്ടായിരിക്കുന്ന തടസ്സങ്ങളെ ഒരു പ്രതിസന്ധിയായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടാതിരുന്നത് ശ്രദ്ധേയമായി.
ഓസ്ട്രേലിയ ശുഭാപ്തിവിശ്വാസമുള്ള ജനങ്ങളുടെ രാജ്യമാണ്. എന്നിരുന്നാലും ഇപ്പോൾ പോസിറ്റീവായിരിക്കുക എന്നത് ബുദ്ധിമുട്ടാണെന്ന് മനസ്സിലാക്കുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. പശ്ചിമേഷ്യയിലെ യുദ്ധം ചരിത്രത്തിലെ ഏറ്റവും വലിയ പെട്രോൾ, ഡീസൽ വില വർദ്ധനവിന് കാരണമായി. ലോകമെമ്പാടും സാമ്പത്തിക പ്രതിസന്ധി ഉടലെടുത്തിരിക്കുകയാണെന്ന് പ്രധാന മന്ത്രി ആൻറണി അൽബനിസി പറഞ്ഞു.
ഈ യുദ്ധത്തിൽ ഓസ്‌ട്രേലിയ സജീവ പങ്കാളിയല്ല. എന്നിട്ടും ഓസ്‌ട്രേലിയക്കാർക്ക് വലിയ വിലയാണ് നൽകേണ്ടിവരുന്നത്.
രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിൽ പുതിയ പ്രഖ്യാപനങ്ങളോ തീരുമാനങ്ങളോ പ്രധാനമന്ത്രി നടത്തിയില്ല. എന്നാൽ തിങ്കളാഴ്ച ദേശീയ മന്ത്രിസഭ അംഗീകരിച്ച ലിറ്ററിന് 26 സെന്റ് എന്ന ഇന്ധന എക്സൈസ് ഇളവും ഹെവി വെഹിക്കിൾ റോഡ് യൂസർ ചാർജ്ജ് കുറയ്ക്കുന്നതും പ്രധാനമന്ത്രി ആവർത്തിച്ചു.
ഈസ്റ്റർ അവധിക്കാലത്ത് ഓസ്‌ട്രേലിയക്കാരോട് യാത്രകൾ പോകണമെന്ന് പറഞ്ഞ പ്രധാനമന്ത്രി സാധ്യമാകുന്നിടത്തെല്ലാം ഇന്ധനം സംരക്ഷിക്കണമെന്നും, വരാനിരിക്കുന്ന വെല്ലുവിളി നിറഞ്ഞ സമയത്തെ മറികടക്കാൻ ഓരോരുത്തരും തങ്ങളുടെ കർത്തവ്യം നിർവഹിക്കണമെന്നും അഭ്യർത്ഥിച്ചു.
യാത്ര പോകുമ്പോൾ ആവശ്യമുള്ളതിനേക്കാൾ കൂടുതൽ ഇന്ധനം നിറയ്ക്കരുതെന്നും സാധാരണ ചെയ്യുന്നതുപോലെ ഇന്ധനം നിറയ്ക്കണമെന്നും പ്രധാനമന്ത്രി നിർദ്ദേശിച്ചു.
നമുക്ക് ചുറ്റുമുള്ള അവശ്യ സേവനങ്ങളെ പറ്റിയും, വ്യവസായങ്ങളെ പറ്റിയും ചിന്തിക്കണമെന്നും പ്രധാനമന്ത്രി നിർദ്ദേശിച്ചു.
സാധിക്കുന്ന ആളുകൾ വരും ആഴ്ചകളിൽ, ജോലിസ്ഥലത്തേക്കുള്ള യാത്രകൾക്ക് പൊതുഗതാഗതം ഉപയോഗിക്കണം. നിലവിലുണ്ടായിരിക്കുന്ന സാമ്പത്തിക ആഘാതങ്ങൾ മാസങ്ങളോളം തുടരുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
സ്ഥിതിഗതികൾ കൂടുതൽ വഷളായാൽ അടുത്ത ഘട്ടങ്ങൾ ഒരുമിച്ച് ഏകോപിപ്പിക്കാൻ കഴിയുമെന്ന് പറഞ്ഞ പ്രധാനമന്ത്രി അതിൽ എന്തൊക്കെ നടപടികൾ ഉൾപ്പെടുമെന്ന് വിശദീകരിച്ചില്ല.
നിലവിൽ ഇന്ധന നിയന്ത്രണങ്ങൾ ഏർപ്പെടുത്തില്ലെന്നും പകരം സ്വമേധയാ ഉള്ള നടപടികളാണ് ആവശ്യപ്പെടുന്നതെന്നും സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു
അതേസമയം നിലവിലെ സാഹചര്യത്തിൽ പ്രധാനമന്ത്രിക്കും സർക്കാരിനും വ്യക്തമായ പദ്ധതി ഇല്ലെന്ന് പ്രതിപക്ഷ നേതാവ് ആംഗസ് ടെയ്‌ലർ കുറ്റപ്പെടുത്തി. ഓസ്ട്രേലിയക്കാർക്കിടയിൽ ആശയക്കുഴപ്പമുണ്ടെന്നും സർക്കാരിൻറെ നടപടികളെ പറ്റി കൂടുതൽ വിശദാംശങ്ങൾ ആവശ്യമാണെന്നും അദ്ദേഹം സെവൻ ന്യൂസിനോട് പറഞ്ഞു. രാജ്യത്തെ ഇന്ധന ലഭ്യതയെ പറ്റി ദൈനം ദിന അപ്‌ഡേറ്റുകൾ വേണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
2020 മാർച്ചിൽ COVID-19 മഹാമാരിയുടെ തുടക്കത്തിൽ മുൻ പ്രധാനമന്ത്രി സ്കോട്ട് മോറിസണാണ് ഇത്തരത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്തത്. അതിനും മുൻപ് 2009 ഫെബ്രുവരിയിൽ മുൻ പ്രധാനമന്ത്രി കെവിൻ റഡ് 'സ്റ്റോളൻ ജനറേഷൻറെ' പിൻമുറക്കാരോട് ക്ഷമാപണം നടത്തുവാൻ രാജ്യത്തെ അഭിസംബോധന ചെയ്തിരുന്നു. 2003 ൽ മുൻ പ്രധാനമന്ത്രി ജോൺ ഹോവാർഡും രാജ്യത്തെ അഭിസംബോധന ചെയ്ത് ഓസ്‌ട്രേലിയ ഇറാഖിലെ യുദ്ധത്തിൽ ചേരുമെന്ന് പ്രഖ്യാപിച്ചിരുന്നു.
മുൻ കാലങ്ങളിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രിമാർ നടത്തിയ പ്രസംഗങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു പ്രധാനമന്ത്രി അൽബനീസിയുടെ ഇന്നത്തെ പ്രസംഗം.
വ്യാഴാഴ്ച നാഷണൽ പ്രസ് ക്ലബ്ബിൽ മാധ്യമങ്ങളെ കാണുന്ന ആൻണി അൽബനിസി, ഓസ്‌ട്രേലിയയുടെ നിലവിലെ സാഹചര്യത്തെ പറ്റിയും സാമ്പത്തിക മാന്ദ്യത്തിന്റെ സാധ്യതയെക്കുറിച്ചുമുള്ള ചോദ്യങ്ങൾക്കും മറുപടി നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

