പാചകപരീക്ഷണങ്ങൾ പതിവായ ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസന്റെ സാമൂഹ്യമാധ്യമ പേജുകളിൽ ഏറ്റവും അവസാനം പ്രത്യക്ഷപ്പെട്ടത് ഗുജറാത്തി കിച്ച്ഡിയുടെ ചിത്രമായിരുന്നു.

സ്കോട്ട് മോറിസൻ മദിരാശി മീൻകറി വച്ചിട്ട് അധികകമായിട്ടില്ല.
ദീപാവലിയും ഹോളിയും ഇന്ത്യൻ സ്വാതന്ത്ര്യദിനവും റിപ്പബ്ലിക് ദിനവും തുടങ്ങി, ഇന്ത്യൻ വംശജരുടെ ഓരോ ആഘോഷവേളകളിലും വീഡിയോ സന്ദേശങ്ങളുമായി പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും രംഗത്തെത്തുന്നതും ഇക്കഴിഞ്ഞ വർഷങ്ങളിൽ പതിവാണ്.
ഏതാനും വർഷങ്ങൾക്ക് മുമ്പുള്ള ഓസ്ട്രേലിയയിൽ പതിവില്ലാത്തതാണ് ഇക്കാര്യങ്ങളെല്ലാം.
ഹിന്ദു കൗൺസിൽ ഓഫ് ഓസ്ട്രേലിയയുടെ സമ്മേളനത്തിൽ പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവ് ആന്തണി അൽബനീസിയും പങ്കെടുത്തതിന്റെ ചിത്രങ്ങളും ഇക്കഴിഞ്ഞ ദിവസങ്ങളിൽ മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു.

കാവി ഷോൾ പുതച്ചു നിൽക്കുന്ന നേതാക്കൻമാരുടെ ചിത്രത്തെ വിമർശിച്ചുകൊണ്ടായിരുന്നു ചില വാർത്തകളെങ്കിലും, ലഭ്യമായ അവസരങ്ങളിലെല്ലാം ഇന്ത്യൻ വംശജരുടെ പരിപാടികളിലേക്ക് സജീവമായി എത്തുകയാണ് ലിബറൽ, ലേബർ നേതാക്കൾ ചെയ്തത്.
തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് ഇരു പാർട്ടികളും ഇന്ത്യൻ വംശജരുടെ മത-സാംസ്കാരിക സംഘടനകൾക്കായി ദശലക്ഷക്കണക്കിന് ഡോളറിന്റെ വാഗ്ദാനങ്ങളാണ് നൽകിയിരിക്കുന്നതും.
ലിബറലും ലേബറും ഇന്ത്യൻ വംശജരുടെ സംഘടനൾക്കായി നൽകിയ വാഗ്ദാനങ്ങൾ ഇവയാണ്:
ലിബറൽ പാർട്ടി
- വിക്ടോറിയയിലെ ദി ബേസിനിലുള്ള ശ്രീ വക്രതുണ്ഡ വിനായഗർ ക്ഷേത്രത്തിലെ ഹിന്ദു കമ്മ്യൂണിറ്റി ഹബ്ബിനായി $1.5 മില്യൺ ഗ്രാൻറ്.
- വിക്ടോറിയയിലെ പകെൻഹാമിലുള്ള ഗുരുദ്വാര ബാബ ബുദ്ധ സാഹിബ് ജിക്ക് വേണ്ടി 500,000 ഡോളറിൻറെ ധനസഹായം.
- ബ്രിസ്‌ബേനിലെ ഓസ്‌ട്രേലിയ ഇന്ത്യ ഹൗസ് പ്രോജക്‌റ്റിനായി $3.5 മില്യൺ.
- സിഖ് വോളന്റിയേഴ്‌സ് ഓസ്‌ട്രേലിയക്ക് 700,000AUD.
- കാൻബെറയിലെ BAPS ഹിന്ദു ക്ഷേത്രത്തിന് $500,000 ധനസഹായം.
- ജീലോംഗിലെ ഗുരുദ്വാര സാഹിബിനും, ഗുരുദ്വാര സിരി ഗുരു നാനാക് ദർബാർ ഇൻ ഓഫീസറിനുമായി 500,000 ഡോളറിൻറെ വ്യക്തിഗത ഗ്രാൻറ്.
READ MORE
ലേബർ പാർട്ടി
- ന്യൂ സൗത്ത് വെയിൽസിലെ ലിറ്റിൽ ഇന്ത്യ സമുച്ചയത്തിനായി 3.5 മില്യൺ.
- സിഖ് വോളന്റിയേഴ്‌സ് ഓസ്‌ട്രേലിയയ്‌ക്ക് 700,000 ഡോളർ.
- ന്യൂ സൗത്ത് വെയിൽസിലെ വയോജന സംരക്ഷണ പദ്ധതിയായ ശ്രീ ഓം കെയറിന് 6 മില്യൺ ഡോളർ ധനസഹായം.
- ബ്രിസ്‌ബേനിലെ ഓസ്‌ട്രേലിയ ഇന്ത്യ ഹൗസ് പ്രോജക്‌റ്റിനായി $3.5 മില്യൺ ഡോളർ.
- വിദ്യാഭ്യാസത്തിനും സാംസ്കാരിക കെട്ടിടത്തിനുമായി പെർത്തിലെ ശിവ ക്ഷേത്രത്തിന് 1 മില്യൺ ഗ്രാൻറ്.
എന്തുകൊണ്ട് ഇന്ത്യൻ വംശജർ?
അടുത്തിടെ പുറത്തു വന്ന ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സിൻറെ കണക്കുകളാണ് ഇന്ത്യൻ വംശജരുടെ പ്രാധാന്യം വർദ്ധിപ്പിച്ചത്. വിദേശത്ത് ജനിച്ച ഓസ്ട്രേലിയക്കാരുടെ എണ്ണത്തിൽ ഇന്ത്യൻ വംശജർ ഇംഗ്ലണ്ടിന് തൊട്ടുപിന്നിലെത്തിയെന്നായിരുന്നു റിപ്പോർട്ട്.
ഇന്ത്യയിൽ ജനിച്ച ഏകദേശം 7,10,000 പേരാണ് ഓസ്ട്രേലിയയിലുള്ളത്. ജനസംഖ്യയുടെ 2.8 ശതമാനമാണ് ഇത്.
ഇതിൽ നല്ലൊരു ഭാഗം പേരും ഓസ്ട്രേലിയൻ പൗരത്വമെടുത്തവരാണ്. അതായത്, ഓസ്ട്രേലിയൻ തെരഞ്ഞെടുപ്പിൽ വോട്ടുള്ളവർ.
2011ൽ ഇന്ത്യയിൽ ജനിച്ച ഓസ്ട്രേലിയക്കാരുടെ എണ്ണം 3,73,000 ആയിരുന്നെങ്കിൽ 2021ഓടെ ഇവരുടെ എണ്ണം 7,10,000ത്തിലേക്കുയർന്നു.
സമീപ വർഷങ്ങളിൽ ഓസ്ട്രേലിയൻ പൗരത്വം നേടിയവരിൽ ഇന്ത്യൻ വംശജർ കൂടുതലായുണ്ടെന്നും അതു കൊണ്ട് തന്നെ ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ അവരുടെ വോട്ടുകൾ നിർണ്ണായകമാണെന്നുമാണ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി സിഡ്‌നിയിലെ (UTS) ആൻഡ്രൂ ജാക്കുബോവിച്ച്‌സിന്റെ വിലയിരുത്തൽ.
ഇരു പാർട്ടികളും ഇഞ്ചോടിഞ്ച് പോരാടുന്ന NSW ലെ പരാമറ്റ, ഗ്രീൻവേ പോലുള്ള സീറ്റുകളിൽ ഇന്ത്യൻ വംശജരുടെ വോട്ടുകൾ നിർണ്ണായകമാണെന്നും ആൻഡ്രൂ പറയുന്നു.
പരാമറ്റയിൽ ഏറ്റവും അധികമുള്ളത് ഇന്ത്യൻ വംശജരാണെന്നാണ് സമീപകാല സെൻസസ് കണക്കുകൾ വ്യക്തമാക്കുന്നത്. 26.9 ശതമാനമാണ് ഇന്ത്യക്കാരുടെ എണ്ണം.
2012 മുതൽ 2017 വരെയുള്ള കാലയളവിൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നിന്നും ഗണ്യമായ കുടിയേറ്റം ഓസ്ട്രേലിയയിലേക്കുണ്ടായെന്നാണ് കണക്കുകൾ. ഇങ്ങനെയെത്തിയ നേപ്പാളികൾ, പാക്കിസ്ഥാനികൾ, തമിഴർ, സിംഹളർ, ബംഗ്ലാദേശികൾ തുടങ്ങിയവരെല്ലാം ഈ തിരഞ്ഞെടുപ്പിൽ നിർണ്ണായകമാണെന്നും ആൻഡ്രൂ ജാകുബോവിച്ച്സ് പറയുന്നു.
ഇന്ത്യൻ വംശജരുടെ വോട്ട് ആർക്ക്?
സമീപകാലത്ത് ക്വാഡ് സഖ്യം, വാണിജ്യ കരാർ തുടങ്ങിയവ വഴി ഓസ്ട്രേലിയക്ക് ഇന്ത്യയുമായുള്ള ബന്ധം മുമ്പെന്നത്തേക്കാളും ഊട്ടിയുറപ്പിക്കുകയും ചെയ്തിരുന്നു.
കുടിയേറ്റം, വിസ പ്രോസസ്സിംഗ്, പേരൻറ് വിസ, തൊഴിൽ ലഭ്യത തുടങ്ങിയവയൊക്കെയാണ് ഇന്ത്യൻ സമൂഹത്തിൻറെ പ്രശ്നങ്ങളായി വിലയിരുത്തപ്പെടുന്നത്.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ അനുകൂലിക്കുന്നവർ കൂടുതലായി മോറിസൺ സർക്കാരിലേക്ക് ആകർഷിക്കപ്പെടുമ്പോൾ, മോദി വിരുദ്ധർ ലേബർ പാർട്ടിയിലേക്ക് (ALP) ലേക്ക് ആകർഷിക്കപ്പെടുന്നതായാണ് വോട്ടിംഗ് ട്രെൻഡുകളിൽ നിന്ന് മനസിലാക്കുന്നതെന്ന് ആൻഡ്രൂ ജാക്കുബോവിച്ച്‌സ് അഭിപ്രായപ്പെട്ടു.
ഇന്ത്യൻ വംശജരിലെ രണ്ടാം തലമുറ കുടിയേറ്റക്കാർ ഗ്രീൻസിലേക്ക് ആകർഷിക്കപ്പെടുന്നുവെന്നും ജാക്കുബോവിച്ച്‌സ് ചൂണ്ടിക്കാട്ടി.
ഉയർന്ന കുടിയേറ്റ ജനസംഖ്യയുള്ള പ്രദേശങ്ങളിലെ പോളിംഗ് ബൂത്തുകളിൽ നിന്ന് ശേഖരിച്ച കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തലുകളെന്ന് വ്യക്തമാക്കിയ ജാകുബോവിച്ച്സ്, ഈ തിരഞ്ഞെടുപ്പിന് ശേഷം മാത്രമേ ഇക്കാര്യത്തിൽ കൃത്യമായ കണക്കുകൾ ലഭ്യമാകൂവെന്നും കൂട്ടിച്ചേർത്തു.



