കൊവിഡ് പ്രതിസന്ധി രൂക്ഷമായതിനെത്തുടർന്ന് ജീവനക്കാരെ പിരിച്ചുവിടുമെന്ന് ഓസ്‌ട്രേലിയൻ വിമാന കമ്പനിയായ ക്വാണ്ടസ് മാർച്ചിൽ അറിയിച്ചിരുന്നു. 6,000 ജീവനക്കാരെയാണ് പിരിച്ചുവിടുമെന്ന് കമ്പനി അറിയിച്ചിരുന്നത്.
ഇതിൽ 4,000 ജീവനക്കാരെ സെപ്തംബര് അവസാനത്തോടെ പിരിച്ചുവിടുമെന്നും സൂചിപ്പിച്ചിരുന്നു.
മാത്രമല്ല, കൊറോണ പ്രതിസന്ധി മൂലം ക്വാണ്ടസിന് നാല് ബില്യൺ ഡോളർ നഷ്ടം നേരിട്ടതായി കമ്പനി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് കൂടുതൽ ജീവനക്കാരെ പിരിച്ചുവിടുമെന്ന് ക്വാണ്ടസ് അറിയിച്ചിരിക്കുന്നത്.
സിഡ്നി, മെൽബൺ ഉൾപ്പെടെ പത്ത് വിമാനത്താവളങ്ങളിലെ 2,500 ഗ്രൗണ്ട് ഹാൻഡ് ലിംഗ് ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്.
ബാഗേജ് ഹാൻഡ്‌ലർമാർ, ടഗ് ഡ്രൈവർമാർ, ക്യാബിൻ ക്ലീനർമാർ എന്നീ ജോലികൾ ഔട്സോഴ്സ് ചെയ്യാൻ കമ്പനി തീരുമാനിച്ചതാണ് ഇതിന്റെ കാരണം.
സിഡ്നി, മെൽബൺ വിമാനത്താവളങ്ങൾക്ക് പുറമെ അഡ്‌ലൈഡ്, ആലിസ് സ്പ്രിങ്സ്, ബ്രിസ്‌ബൈൻ, കെയിൻസ്, കാൻബറ, ഡാർവിൻ, പെർത്ത്, ടൗൺസ്‌വിൽ എന്നീ വിമാനത്താവളങ്ങളിലെ ജോലികളെയും ഇത് ബാധിക്കും.
രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിലുള്ള ചെറിയ വിമാനത്താവങ്ങളിലെ ഈ ജോലികൾ നേരത്തെ തന്നെ ക്വാണ്ടസ് ഔട്സോഴ്സ് ചെയ്തിരുന്നു.
ഇതോടെ കൊറോണ പ്രതിസന്ധി മൂലം ആകെ ക്വാണ്ടസിലെ 8,500 ജീവനക്കാർക്കാണ് ജോലി നഷ്ടമാകുന്നത്.
ഇത്തരത്തിൽ 2,500 ജോലികൾ ഔട്സോഴ്സ് ചെയ്യുന്നത് വഴി കമ്പനിക്ക് വർഷം 100 മില്യൺ ഡോളർ ലാഭിക്കാൻ കഴിയുമെന്ന് ക്വാണ്ടസ് പ്രതീക്ഷിക്കുന്നത്.
നിലവിൽ 20,000 ജീവനക്കാരെ ക്വാണ്ടസ് ജോലിയിൽ നിന്ന് മാറ്റി നിർത്തിയിരിക്കുകയാണ്.
കൊറോണവൈറസ് വ്യാപനം മൂലം സർവീസുകൾ മുടങ്ങിയതോടെ 100 വർഷത്തിൽ ആദ്യമായാണ് ക്വാണ്ടസിന് ഇത്രയും വലിയ നഷ്ടം നേരിടേണ്ടി വരുന്നതെന്ന് ക്വാണ്ടസ് ചീഫ് എക്സിക്യൂട്ടീവ് അലൻ ജോയ്‌സ് നേരത്തെ നേരത്തെ വ്യക്തമാക്കിയിരുന്നു.
അഡ്‌ലൈഡ്, ആവലോൺ, ബ്രിസ്‌ബൈൻ, കെയ്ൻസ്, മെൽബൺ, സിഡ്നി എന്നിവിടങ്ങളിലെ ഡൊമസ്റ്റിക് വിമാനത്താവളങ്ങളിലെ ചില ജോലികൾ ജെറ്റ്സ്റ്റാറും നേരത്തെ ഔട്ട്സോഴ്സ് ചെയ്തിട്ടുണ്ട്.
രാജ്യത്ത് കൊറോണ വൈറസ് പ്രതിസന്ധി രൂക്ഷമായതു മുതൽ വിമാനകമ്പനികൾ സർവീസുകൾ നിർത്തിവച്ചിരുന്നു.
2021 ജൂലൈ വരെയെങ്കിലും രാജ്യാന്തര വിമാന സർവീസുകൾ നടത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നുമാണ് ക്വാണ്ടസ് കഴിഞ്ഞ ദിവസം അറിയിച്ചത്.