കഴിഞ്ഞ ഒരാഴ്ചയിൽ ക്വീൻസ്ലാന്റിൽ കൊവിഡ് കേസുകളുടെ എണ്ണം 15 ശതമാനം കൂടിതയായി അധികൃതർ വ്യക്തമാക്കി.
ആശുപത്രിയിൽ പ്രവേശിക്കുന്നവരുടെ എണ്ണം ഇരട്ടിയായതായും സംസ്ഥാന പ്രീമിയർ അനസ്തേഷ്യ പാലഷേ പാർലമെന്റിൽ പറഞ്ഞു.
ഇതിന് പിന്നാലെ പൊതുഗതാഗത സംവിധാനങ്ങളിലും, ആശുപത്രികളിലും മാസ്ക് ഉപയോഗിക്കാൻ അധികൃതർ നിർദ്ദേശം നൽകി.
കൊവിഡ് ബൂസ്റ്റർ ഡോസ് സ്വീകരിക്കാത്തവർക്കും മാസ്ക് ഉപയോഗിക്കാൻ നിർദ്ദേശമുണ്ട്.
ഓസ്‌ട്രേലിയയിൽ വിവിധ സംസ്ഥാനങ്ങളിൽ കേസുകൾ കൂടുന്നതായി കഴിഞ്ഞ ദിവസങ്ങളിൽ അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു.
ക്വീൻസ്ലാന്റിൽ കൊവിഡ് നാലാം തരംഗമാണ് നേരിടുന്നതെന്നും ജാഗ്രത പാലിക്കണമെന്നും പ്രീമിയർ പറഞ്ഞു.
സാമൂഹിക അകലം പാലിക്കാൻ കഴിയാത്ത സാഹചര്യങ്ങളിലും രോഗബാധ ഗുരുതരമാകാൻ സാധ്യതയുള്ളവരുമായി ഇടപഴകുമ്പോഴും മാസ്ക് ധരിക്കണമെന്ന് പാലഷേ നിർദ്ദേശിച്ചു.
കേസുകളുടെ നിരക്ക് കൂടുന്ന സാഹചര്യത്തിൽ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും പ്രീമിയർ പറഞ്ഞു.
വൈറസിനൊപ്പം ജീവിക്കുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് എല്ലാവർക്കും അറിയാവുന്നതാണെന്നും പാലഷേ ചൂണ്ടിക്കാട്ടി.
കൊവിഡ് രോഗലക്ഷണങ്ങൾ ഉള്ളവർ RAT പരിശോധന നടത്തണമെന്ന് സംസ്ഥാന ആരോഗ്യ മന്ത്രി യവറ്റ് ഡാത്ത് പറഞ്ഞു.
ബൂസ്റ്റർ ഡോസുകൾ സ്വീകരിക്കാൻ അർഹതയുള്ളവർ വാക്‌സിൻ സ്വീകരിച്ചിട്ടില്ലെങ്കിൽ ബൂസ്റ്റർ ഡോസിനായി മുന്നോട്ട് വരണെമന്നും ആരോഗ്യ മന്ത്രി നിർദ്ദേശിച്ചു.



