കൂട്ടുകാരുടെ കളിയാക്കലിനെ തുടര്‍ന്ന് കരയുന്ന ഒമ്പതു വയസുകാരനായ ആദിമവര്‍ഗ്ഗ ബാലന്‍ ക്വേഡന്‍ ബെയില്‍സിന്റെ വീഡിയോ ഫെബ്രുവരിയിലാണ് പുറത്തു വന്നത്.
ഇത് വൈറലായി മാറിയതിനെത്തുടര്‍ന്ന് ക്വേഡന് പിന്തുണയുമായി ലോകത്തിന്‌റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ രംഗത്ത് വന്നിരുന്നു.
ഇതിനിടെയായിരുന്നു ന്യൂസ് കോര്‍പ്പിന്റെ കീഴിലുള്ള പത്രങ്ങളില്‍ കോളമിസ്റ്റായ മിറാന്‍ഡ ഡിവൈന്‍ ക്വേഡന്‍ ബെയില്‍സിന്റേത് 'വെറും അഭിനയ'മാണെന്ന് ആരോപിച്ച് രംഗത്തെത്തിയത്.
പ്രായപൂര്‍ത്തിയായ ഒരു അഭിനേതാവാണ് ക്വേഡനെന്നും, പണം തട്ടാന്‍ വേണ്ടിയുള്ള ഒരു വ്യാജ വീഡിയോ ആണിത് എന്നുമായിരുന്നു മിറാന്‍ഡ ഡിവൈന്റെ ആരോപണം.
ന്യൂയോര്‍ക്കില്‍ ജീവിക്കുന്ന മിറാന്‍ഡ ഡിവൈന്റെ ട്വിറ്റര്‍ ഫോളോവര്‍മാരും ഇതേ ആരോപണമുന്നയിച്ചു. അതും അവര്‍ റീട്വീറ്റ് ചെയ്തിരുന്നു.
തുടര്‍ന്നാണ് ക്വേഡന്റെ അമ്മ യാരാക ബെയില്‍സ് മിറാന്‍ഡ ഡിവൈനും, ന്യൂസ് കോര്‍പ്പിനുമെതിരെ മാനനഷ്ടക്കേസ് നല്‍കിയത്.
റൂപ്പര്‍ട്ട് മര്‍ഡോക്കിന്റെ ഉടമസ്ഥതയിലുള്ള മാധ്യമസ്ഥാപനമാണ് ന്യൂസ് കോര്പ്പ്.
ഈ കോടതിയലക്ഷ്യ കേസുമായി മുന്നോട്ടു പോകാന്‍ കോടതി നേരത്തേ അനുമതി നല്‍കിയിരുന്നു.
എന്നാല്‍ മിറാന്‍ഡ ഡിവൈന്‍ ക്വേഡന്‍ ബെയില്‍സിനോട് മാപ്പു പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഈ കേസ് ഒത്തുതീര്‍പ്പാക്കിയിട്ടുണ്ടെന്ന് അഭിഭാഷകര്‍ ഫെഡറല്‍ കോടതിയെ അറിയിച്ചു.

Yarraka Bayles, with son Quaden Source: Supplied
ഫെഡറല്‍ കോടതി ജഡ്ജി അന്ന കാറ്റ്‌സ്മാന്‍ ഈ ഒത്തുതീര്‍പ്പ് വ്യവസ്ഥ അംഗീകരിച്ചു.
ആത്മാര്‍ത്ഥവും, വിശദവുമായ മാപ്പപേക്ഷയാണ് മാധ്യമപ്രവര്‍ത്തകയുടേതെന്ന് കോടതി വിലയിരുത്തി.
'ഫെബ്രുവരിയില്‍ ക്വേഡന്‍ ബേയില്‍സിനെയും അമ്മ യാരാകയെയും കുറിച്ച് എന്റെ ട്വിറ്ററില്‍ ചില കമന്റുകള്‍ എഴുതിയിരുന്നു,' മിറാന്റ ട്വീറ്റ് ചെയ്ത മാപ്പപേക്ഷയില്‍ ഇങ്ങനെയാണ് പറയുന്നത്.
ഈ കമന്റുകള്‍ വാസ്ത വിരുദ്ധവും വേദനാജനകവുമാണെന്ന് ഞാന്‍ തിരിച്ചറിയുന്നു. ആ കമന്റുകളുടെ പേരില്‍ ഞാന്‍ ബെയില്‍സിനോട് ആത്മാര്‍ത്ഥമായി മാപ്പു ചോദിക്കുന്നു.
ഒത്തുതീര്പ്പ് വ്യവസ്ഥ ക്വേഡന്റെ താല്‍പര്യങ്ങള് സംരക്ഷിക്കുന്നതാണെന്ന് അമ്മ യാരാക ടെലിഫോണ്‍ വഴി കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് കോടതി അത് അംഗീകരിച്ചത്.
ഒരു കുട്ടി നല്‍കിയ മാനനഷ്ടക്കേസ് ആദ്യമായാണെന്നും, അതിനാല്‍ എത്രത്തോളം നഷ്ടപരിഹാരം വേണമെന്ന് തീരുമാനിക്കുന്നതില്‍ മുന്‍ മാതൃകകളില്ലെന്നും ക്വേഡന്റെ അഭിഭാഷക ചൂണ്ടിക്കാട്ടി.
അതേസമയം, 'അത്ര ചെറുതല്ലാത്ത' നഷ്ടപരിഹാരമാണ് ക്വേഡന് ലഭിക്കുകയെന്ന് ജസ്റ്റിസ് കാറ്റ്‌സ്മന്‍ പറഞ്ഞു. ഈ തുക എത്രയെന്ന് വെളിപ്പെടുത്തിയിട്ടില്ല.
നേരത്തേ ക്വേഡന് പിന്തുണയുമായി ഉയരക്കുറവിന്റെ പേരില്‍ ഗിന്നസ് ബുക്കിലെത്തിയ മലയാള നടന്‍ ഗിന്നസ് പക്രു രംഗത്തെത്തിയത് വൈറലായിരുന്നു.
എസ് ബി എസ് മലയാളത്തിലൂടെ ഗിന്നസ് പക്രുവും ക്വേഡനുമായി ആശയങ്ങള്‍ പങ്കുവയ്ക്കുകയും, ക്വേഡനെ പക്രു മലയാള സിനിമയിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു.