'ഈ പിന്തുണയ്ക്ക് ഒരുപാട് നന്ദിയുണ്ട്'
ശ്രവണ സഹായി വയ്ക്കാത്തതിനാൽ ടെലിഫോണിലൂടെയുള്ള സംഭാഷണങ്ങൾ മിതമാണെങ്കിലും , ക്വേഡന്‍ ബെയില്‍സ് ഇത്രയും പറഞ്ഞുവച്ചു.
'അവന് ഗിന്നസ് പക്രുവുമായി വീഡിയോ കോളില്‍ സംസാരിക്കണമെന്നുണ്ട്.' ക്വേഡന്റെ ആഗ്രഹം വാക്കുകളായി പങ്കുവയ്ക്കാന്‍ അമ്മ യാരാക്ക ബെയില്‍സുമെത്തി.
ഉയരക്കുറവിന്റെ പേരില്‍ സഹപാഠികളുടെ ബുള്ളിയിംഗിന് ഇരയായ ക്വേഡന്‍ ബെയില്‍സ് എന്ന ക്വീന്‍സ്ലാന്റ് സ്വദേശിയായ ഒമ്പതുവയസുകാരന് ലോകമെങ്ങും നിന്ന് പിന്തുണയും പ്രോത്സാഹനവും ലഭിച്ചിരുന്നു. പക്ഷേ അവന്റെ മനസിനെ സ്പര്‍ശിച്ചത് ഒരു മലയാളിയുടെ വാക്കുകളായിരുന്നു.
'ഒരിക്കല്‍ നിന്നെ പോലെ ഞാനും കരഞ്ഞിരുന്നു. ആ കരച്ചിലായിരുന്നു എന്നെ ഗിന്നസ് ബുക്ക് വരെ എത്തിച്ചത്' എന്ന അജയ് കുമാര്‍ അഥവാ ഗിന്നസ് പക്രുവിന്റെ വാക്കുകള്‍.
ഗിന്നസ് പക്രുവുമായി സംസാരിച്ച എസ് ബി എസ് മലയാളം ഇംഗ്ലീഷിലും മലയാളത്തിലും ഇത് റിപ്പോര്ട്ട് ചെയ്തിരുന്നു. റിപ്പോര്‍ച്ച് വായിച്ച യാരാക്ക ബെയില്‍സ് 'അവന് നിങ്ങളോട് സംസാരിക്കണം' എന്നാണ് എസ് ബി എസ് മലയാളത്തോട് പറഞ്ഞത്.
ഒരു നടനാകണമെന്നാണ് ക്വേഡന്റെയും ആഗ്രഹം. അതുകൊണ്ടാണ് ഗിന്നസ് പക്രുവിന്റെ ജീവിതകഥ മറ്റെന്തിനെക്കാളും അവനെ സന്തോഷിപ്പിച്ചത് - യാരാക്ക പറഞ്ഞു.
വീഡിയോ കോളിലൂടെ പക്രുവിനെ കാണാന്‍ കാത്തിരിക്കുകയാണ് ക്വേഡന്‍ ഇപ്പോള്‍. കൂടാതെ അടുത്ത ഇന്ത്യാ സന്ദർശനത്തിൽ പക്രുവിനെ നേരിൽ കാണാനുള്ള ആഗ്രഹത്തെക്കുറിച്ച് ക്വേഡനും അമ്മയും പറയുന്ന വാക്കുകളും ഇവിടെ കേള്‍ക്കാം.