അദാനി കൽക്കരി ഖനി പദ്ധതി നടപ്പിലാക്കുന്നതിന് തടസ്സമായി നിൽക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങളിൽ ഒന്നായിരുന്നു തദ്ദേശിയമായി കാണപ്പെടുന്ന ബ്ലാക്ക് ത്രോട്ടഡ് ഫിഞ്ച് എന്ന പക്ഷി നേരിടുന്ന ഭീഷണി. വംശനാശം നേരിടുന്ന പക്ഷികൾക്ക് കൽക്കരി ഖനി ഭീഷണിയാകുമെന്ന് ചൂണ്ടിക്കാണിച്ചാണ് പാരിസ്ഥിതിക വകുപ്പ് അനുമതി നിഷേധിച്ചിരുന്നത്.
എന്നാൽ ഇവയെ സംരക്ഷിക്കാനായി അദാനി ഗ്രൂപ് മുൻപോട്ടു വച്ച പദ്ധതി വെള്ളിയാഴ്ച വകുപ്പ് അംഗീകരിച്ചു .
ഇതോടെ കൽക്കരി ഖനി പദ്ധതിയുമായി മുൻപോട്ടു പോകുന്നതിനുള്ള പ്രധാന തടസ്സം നീങ്ങിയിരിക്കുകയാണ്.
പ്രദേശത്തെ ഭൂഗർഭ ജലസ്രോതസ്സാണ് പദ്ധതി നേരിടുന്ന മറ്റൊരു പാരിസ്ഥിതിക പ്രശ്നം. മറ്റ് ഖനികളെ അപേക്ഷിച്ച് കാർമൈക്കൽ ഖനിയിലേത് സങ്കീർണമായ ഭൂഗർഭ ജലസ്രോതസ്സാണ്. അതുകൊണ്ട് തന്നെ ഇവിടെ ആവശ്യമായ കാര്യങ്ങൾ അദാനി കമ്പനി ചെയ്യേണ്ടതുണ്ട്.
ഈ പ്രശനം കൂടി നീങ്ങിയാൽ എട്ടു വര്ഷം നീണ്ട അദാനി കൽക്കരി ഖനി പദ്ധതിക്ക് സർക്കാരിന്റെ അനുമതി ലഭിക്കും. ഇതിന് രണ്ടാഴ്ച കൂടി കാത്തിരിക്കേണ്ടി വന്നേക്കാമെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം പദ്ധതി സംബന്ധിച്ച തീരുമാനം വൈകിപ്പിക്കുന്നതിനെതിരെ ക്വീൻസ്ലാൻറ് പ്രീമിയർ അനസ്താഷ്യ പാലാഷെ കഴിഞ്ഞയാഴ്ച രംഗത്തെത്തിയിരുന്നു.
അദാനി പദ്ധതിക്ക് അനുമതി നൽകാനുള്ള ചുമതലയുള്ള സംസ്ഥാന കോർഡിനേറ്റർ ജനറലിനോടാണ് ഇതുസംബന്ധിച്ച തീരുമാനങ്ങൾ വൈകിപ്പിക്കരുതെന്ന് പ്രീമിയർ ആവശ്യപ്പെട്ടത്. ഇതിനായി അദാനി ഗ്രൂപ്പുമായി അടിയന്തര ചർച്ചകൾ നടത്തണമെന്നും പ്രീമിയർ ആവശ്യപ്പെട്ടിരുന്നു.
ആയിരക്കണക്കിന് തൊഴിലവസരങ്ങളുള്ള കൽക്കരി ഖനി പദ്ധതി വൈകിപ്പിച്ചതാണ് ഫെഡറൽ തെരഞ്ഞെടുപ്പിൽ ലേബറിന് തിരിച്ചടിയായതെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് പദ്ധതി വൈകിപ്പിക്കരുതെന്ന് പ്രീമിയർ ആവശ്യപ്പെട്ടത്.
അതേസമയം ഫെഡറൽ പരിസ്ഥിതിക മന്ത്രി മെലിസാ പ്രൈസ് ഭൂഗർഭ ജല പദ്ധതിക്കുള്ള അനുമതി ഏപ്രിലിൽ നൽകിയിരുന്നു. എന്നാൽ സംസ്ഥാന സർക്കാരിന്റെ അനുമതി ലഭിക്കാത്ത സാഹചര്യത്തിലാണ് പദ്ധതി വൈകുന്നത്.
മാത്രമല്ല പദ്ധതിക്ക് തിരക്കിട്ട് അനുമതി നൽകില്ലെന്ന് പാരിസ്ഥിതിക മന്ത്രി ലീ ആൻ ഇനോക് കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു.
പദ്ധതിയുമായി ബന്ധപ്പെട്ട് തീരുമാനം എടുക്കാൻ വൈകിപ്പിച്ചതിൽ സമീപവാസികൾക്കിടയിൽ ആശങ്കയുണ്ടായതായി മനസ്സിലാക്കുന്നുവെന്നും സംസ്ഥാനത്ത് വാഗ്ദാനം നൽകിയ തൊഴിലുകളുടെ കാര്യത്തിൽ വൈകാതെ തീരുമാനമെടുക്കുമെന്നും പലാഷേ ജനങ്ങൾക്ക് ഉറപ്പു നൽകിയിരുന്നു.
പതിനെട്ടു മാസം മുൻപ് നടക്കേണ്ട പദ്ധതിയാണ് പ്രീമിയർ വൈകിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് ഡെബ് ഫ്രക്കലിംഗ്ടൺ കുറ്റപ്പെടുത്തി.
വിവാദ കൽക്കരി ഖനി പദ്ധതി സർക്കാർ മനഃപൂർവം വൈകിപ്പിക്കുന്നുവെന്ന് അദാനി പലതവണ ആരോപണം ഉന്നയിച്ചിരുന്നു.
ആയിരക്കണക്കിന് തൊഴിൽ സാധ്യതകളുള്ള പദ്ധതിക്ക് ക്വീൻസ്ലാൻറ് സർക്കാർ തടസ്സം നിൽക്കുകയാണെന്ന് ചൂണ്ടിക്കാട്ടി അദാനി ഗ്രൂപ്പ് കഴിഞ്ഞ മാസം പ്രദേശത്ത് നോട്ടീസ് വിതരണം നടത്തിയിരുന്നു. പദ്ധതിക്ക് എത്രയും വേഗം അനുമതി ലഭിക്കാൻ സർക്കാറിന് മേൽ കമ്പനി സമ്മർദ്ദം ചെലുത്തുകയും ചെയ്തിരുന്നു.