ഓസ്‌ട്രേലിയയിൽ കൊറോണവൈറസ് ബാധിച്ചവരുടെ എണ്ണം 4,800 കടന്നു. ന്യൂ സൗത്ത് വെയിൽസിൽ 95 വയസ്സുള്ള സ്ത്രീയും മറ്റൊരാളും കൂടി ബുധനാഴ്ച മരണമടഞ്ഞു. ഇതോടെ രാജ്യത്ത് കൊറോണവൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 21 ആയി.
രോഗം പ്രതിരോധിക്കാൻ സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന കർശന നിയന്ത്രണങ്ങൾ നടപ്പാക്കാൻ ശ്രമിക്കുകയാണ് സംസ്ഥാനങ്ങൾ.
സാമൂഹിക അകലം അഥവാ സോഷ്യൽ ഡിസ്റ്റൻസിംഗ് നിയമം ലംഘിക്കുന്നവരിൽ നിന്ന് വിക്ടോറിയ പിഴ ഈടാക്കി തുടങ്ങി.
കഠിന പിഴ ഈടാക്കി സംസ്ഥാനങ്ങൾ
10 വ്യക്തികൾക്കും വ്യവസായ സ്ഥാപനങ്ങൾക്കുമാണ് നിയമ ലംഘനം നടത്തിയതിന് പിഴ ഈടാക്കിയത്. മെൽബണിലെ ഫ്രാൻക്സ്റ്റണിൽ തുറന്നു പ്രവർത്തിച്ച മസ്സാജ് സ്ഥാപനത്തിനെതിരെ 9,913 ഡോളറാണ് പിഴയാണ് ഈടാക്കിയത്. ഇവിടെ എത്തിയ ഉപഭോക്താക്കൾക്ക് 1,652 ഡോളർ വീതവും പിഴ ഈടാക്കിയിട്ടുണ്ട്.
കൂടാതെ ഫിറ്റ്‌സ്‌റോയിൽ തുറന്നു പ്രവർത്തിച്ച ചൈന ബാറിൽ നിന്നും 10,000 ഡോളർ പിഴയാണ് വിക്ടോറിയ പോലീസ് ഈടാക്കിയത്. അത്യാവശ്യ കാര്യത്തിനല്ലാതെ പുറത്തിറങ്ങിയ ആറ് വ്യക്തികളിൽ നിന്നും പിഴ ഈടാക്കി.
ന്യൂ സൗത്ത് വെയിൽസും 13 പേർക്ക് പിഴ ശിക്ഷ നൽകിയതായി NSW പൊലീസ് കമ്മീഷണർ മിക്ക് ഫുള്ളർ അറിയിച്ചു.
സംസ്ഥാനത്ത് രോഗ ബാധിച്ചവരുടെ എണ്ണം 1,000ത്തോടടുത്തതോടെ കൂടുതൽ ഇന്റൻസീവ് കെയർ ബഡ്ഡുകൾക്കായി 1.3 ബില്യൺ ഡോളർ അനുവദിച്ചിരിക്കുകയാണ് സംസ്ഥാന സർക്കാർ.
നിലവിൽ ഉള്ളത്തിന്റെ പതിന്മടങ്ങ് വർധിപ്പിക്കാനാണ് സർക്കാർ പദ്ധതി. അതായത് 500 ബെഡ് എന്നത് 4,500 ആയി വർദ്ധിപ്പിക്കുമെന്നാണ് പ്രീമിയർ ഡാനിയേൽ ആൻഡ്രൂസ് അറിയിച്ചത്.
വിക്ടോറിയയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇന്റൻസീവ് കെയർ വിഭാഗം ഇത്രയധികമായി വ്യാപിപ്പിക്കുന്നതെന്ന് ആരോഗ്യ മന്ത്രി ജെന്നി മികകോസ് പറഞ്ഞു.
കെയർ ആർമി രൂപീകരിക്കാൻ ക്വീൻസ്ലാൻറ്
സംസ്ഥാനത്ത് പ്രായമായവരെയും രോഗം ബാധിക്കാൻ സാധ്യതയുള്ളവരെയും സംരക്ഷിക്കാൻ 'കെയർ ആർമി' രൂപീകരിക്കാൻ ജനങ്ങൾക്ക് നിർദ്ദേശം നൽകിയിരിക്കുകയാണ് ക്വീൻസ്ലാൻറ് പ്രീമിയർ അനസ്തഷ്യ പലാഷെ.
വീടുകളിൽ തന്നെ കഴിയുന്ന പ്രായമായവർക്ക് ഭക്ഷണവും മറ്റ് അവശ്യ സാധനങ്ങളും എത്തിച്ചു കൊടുക്കുക, ഫോണിലൂടെ ബന്ധപ്പെട്ട് ഇവർക്ക് ആശ്വാസം പകരുക തുടങ്ങിയ സേവനങ്ങൾ നല്കാൻ കഴിയുന്ന സന്നദ്ധ പ്രവർത്തകരും വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരും അടങ്ങുന്ന സംഘമാണ് കെയർ ആർമി.
2011ലെ പ്രളയകാലത്ത് സഹായങ്ങൾക്കായി 'മഡ് ആർമി' എന്ന പേരിൽ ഒരു സംഘത്തിന് ഇവിടെ രൂപം നൽകിയിരുന്നു.
അത്തരത്തിൽ സമൂഹത്തിൽ ഉള്ളവർ തന്നെ സഹായഹസ്തവുമായി മുന്പോട്ടു വരുന്ന ഒരു പദ്ധതിയാണിത്. ക്വീൻസ്‌ലാന്റിൽ രോഗബാധിതരുടെ എണ്ണം 781 ആയതോടെയാണ് പ്രീമിയർ കെയർ ആർമി രൂപീകരിക്കാനുള്ള നിർദ്ദേശം നൽകിയത്.
ബോണ്ടായിയിൽ ക്ലിനിക്
ന്യൂ സൗത്ത് വെയിൽസിൽ രോഗം ബാധിക്കുന്നവരുടെ എണ്ണം 2000
കവിഞ്ഞിരിക്കുകയാണ്.
ഇതിൽ 140 പേർ ബോണ്ടായി ഉൾപ്പെടുന്ന വേവേർലി പ്രദേശത്തുള്ളവരാണ്. അതുകൊണ്ടു തന്നെ ബോണ്ടായിയിൽ ഒരു പോപ്പ് അപ് ക്ലിനിക് പ്രവർത്തനം ആരംഭിച്ചതായി പ്രീമിയർ ഗ്ലാഡിസ് ബെറജക്ലിയൻ അറിയിച്ചു.
സെന്റ് വിൻസെന്റ് ആശുപത്രിയുടെയും സർക്കാരിന്റെ സഹകരണത്തോടെയാണ് ക്ലിനിക്.