പ്രായമായവർ തിരക്കേറിയ സ്ഥലങ്ങൾ ഒഴിവാക്കണമെന്ന് ക്വീൻസ്‌ലാൻറ് സർക്കാർ നിർദ്ദേശിച്ചു. പ്രതിദിന കൊവിഡ് ബാധ നിരക്ക് 13,551ലെത്തിയതോടെയാണ് പ്രീമിയറുടെ അഭ്യർത്ഥന. സംസ്ഥാനത്ത് ഒമ്പത് കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
പ്രായമായവർ അടുത്ത രണ്ടാഴ്ചത്തേക്ക് യാത്രകൾ പരിമിതപ്പെടുത്തണമെന്നും, വലിയ ജനക്കൂട്ടങ്ങൾ ഒഴിവാക്കണമെന്നും പ്രീമിയർ അനസ്‌റ്റേഷ്യ പലാഷെ നിർദ്ദേശിച്ചു.
അതേസമയം, ക്വീൻസ്ലാൻറിലെ ആശുപത്രികളിലുള്ള കൊവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തി. ചൊവ്വാഴ്ച 928 ആയിരുന്ന ആശുപത്രി കേസുകളുടെ എണ്ണം 889 ആയി കുറഞ്ഞെന്നാണ് കണക്കുകൾ.
ന്യൂ സൗത്ത് വെയിൽസ്, വിക്ടോറിയ, ക്വീൻസ്ല്ലാൻറ് എന്നീ സംസ്ഥാനങ്ങളിലും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന രോഗികളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തി.
ചൊവ്വാഴ്ച രാത്രി എട്ടുമണിക്കവസാനിച്ച 24 മണിക്കൂറിൽ 29 മരണങ്ങളാണ് NSWൽ രേഖപ്പെടുത്തിയത്. 2,794 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളിലുള്ളത്. ഇതിൽ 175പേർ തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്.
ആശുപത്രിയിലെത്തിയവരുടെ എണ്ണത്തിൽ മുൻ ദിവസത്തെക്കാൾ പതിനൊന്ന് പേരുടെ കുറവാണ് ബുധനാഴ്ച രേഖപ്പെടുത്തിയത്.
വിക്ടോറിയയിൽ 35 കൊവിഡ് മരണങ്ങൾ രേഖപ്പെടുത്തി. സംസ്ഥാനത്ത് ആശുപത്രിൽ പ്രവേശിപ്പിച്ച് 1,089 കൊവിഡ് രോഗികളിൽ 113 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.
ആശുപത്രി- ICU കേസുകളുടെ എണ്ണത്തിലുണ്ടായ കുറവ് പ്രതീക്ഷ നൽകുന്നതാണെന്ന് വിക്ടോറിയൻ ആരോഗ്യ വകുപ്പ് പറഞ്ഞു.
ടാസ്മേനിയയിൽ 712 കൊവിഡ് കേസുകളും ഒരു മരണവും റിപ്പോർട്ട് ചെയ്തു. 896 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത ഓസ്ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറിയിൽ അഞ്ചു പേർ തീവ്രപരിചരണ വിഭാഗത്തിലണെന്നാണ് റിപ്പോർട്ടുകൾ.