കഴിഞ്ഞ മാസം ചേർന്ന നാഷണൽ ക്യാബിനറ്റ് യോഗത്തിൻറ ആവശ്യപ്രകാരമാണ് ക്വാറൻറൈൻ നിയന്ത്രണങ്ങളിൽ വരുത്തേണ്ട മാറ്റങ്ങളെ പറ്റി ഓസ്‌ട്രേലിയൻ ഹെൽത്ത് പ്രൊട്ടക്ഷൻ പ്രിൻസിപ്പൽ കമ്മിറ്റി (AHPPC) ശുപാർശ നൽകിയത്.
അടുത്ത സമ്പർക്ക പട്ടികയിലുള്ളവരെ ക്വാറൻറൈനിൽ നിന്നൊഴിവാക്കുമ്പോൾ അവർക്കായി മറ്റ് ചില നിബന്ധനകൾ സമിതി നിർദ്ദേശിച്ചിട്ടുണ്ട്.
അടിക്കടി റാപ്പിഡ് ആൻറിജൻ പരിശോധന നടത്തുക, വീടിന് പുറത്തുപോകുമ്പോൾ മാസ്‌ക് ധരിക്കുക, വർക്ക് ഫ്രം ഹോം, രോഗം വേഗത്തിൽ പകരാൻ സാധ്യതയുള്ളിടങ്ങളിൽ നിയന്ത്രണം, രോഗലക്ഷണങ്ങൾ നിരീക്ഷിക്കുക തുടങ്ങിയ നടപടികൾ ക്വാറന്റൈൻ ഒഴിവാക്കുമ്പോൾ പകരം വേണമെന്ന് AHPPC നിർദ്ദേശിച്ചു.
നിലവിൽ വ്യാപിച്ചുകൊണ്ടിരിക്കുന്ന ഒമിക്രോൺ BA.2 വകഭേദം കുറഞ്ഞ് തുടങ്ങിയതിന് ശേഷം പുതിയ മാറ്റം നടപ്പാക്കിയാൽ മതിയെന്നും സമിതിയുടെ നിർദ്ദേശത്തിൽ പറയുന്നു.
അടുത്ത ആഴ്‌ചയോടെ NSW, വിക്ടോറിയ, സൗത്ത് ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ BA.2 സബ് വേരിയൻറ് കേസുകൾ വർദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അടുത്ത സമ്പർക്ക പട്ടികയിലുള്ളവർക്ക് ക്വാറൻറൈൻ നിബന്ധനകൾ ഒഴിവാക്കുന്നത് കേസുകളുടെ എണ്ണം കൂടുതൽ ഉയരുന്നതിനിടയാക്കുമെന്നും, ആരോഗ്യ സംവിധാനങ്ങളുടെ സമ്മർദ്ദം ഉയർത്തുമെന്നും സമിതി നിരീക്ഷിച്ചിട്ടുണ്ട്.