കഴിഞ്ഞ ദിവസം പാർലമെൻറിൽ അവതരിപ്പിച്ച ബജറ്റ്, ഫെഡറൽ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ളതാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തിയിരുന്നെങ്കിലും സാധാരണക്കാരെ കൈയ്യിലെടുക്കുന്ന വാഗ്ദാനങ്ങളായിരുന്നു പ്രതിപക്ഷ നേതാവിൻറ മറുപടി പ്രസംഗത്തിലും നിറഞ്ഞു നിന്നത്.
ഉയർന്ന ജീവിതച്ചെലവിനാശ്വാസം പകരാൻ ഫെഡറൽ ബജറ്റിൽ പ്രഖ്യാപിച്ചിരുന്ന ഒറ്റത്തവണ ധന സഹായത്തെ വിമർശിച്ച പ്രതിപക്ഷം പക്ഷെ, ആ ധനസഹായങ്ങൾ അധികാരത്തിലെത്തിയാൽ തുടരുമെന്ന് വ്യക്തമാക്കി.
ഞങ്ങൾ ആ ആനുകൂല്യങ്ങൾ വിതരണം ചെയ്യും, കാരണം ഓസ്‌ട്രേലിയക്കാർ നേരിടുന്ന സമ്മർദ്ദം ഞങ്ങൾക്കറിയാം പ്രതിപക്ഷ നേതാവ് പറഞ്ഞു.
എജ്ഡ് കെയർ
ആയിരക്കണക്കിന് ഓസ്ട്രേലിയൻ കുടുംബങ്ങളെ ബാധിക്കുന്ന ഏജ്ഡ് കെയർ മേഖലയെ ലക്ഷ്യമിട്ടുള്ളതായിരുന്നു പ്രതിപക്ഷ നേതാവിൻറ പ്രധാന പ്രഖ്യാപനം.
രാജ്യത്തെ ഏജ്ഡ് കെയറുകൾ പ്രതിസന്ധിയിലാണെന്ന് ചൂണ്ടിക്കാട്ടിയ പ്രതിപക്ഷ നേതാവ് പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി 2.5 ബില്യൺ ഡോളറിൻറ പദ്ധതിയും വാഗ്ദാനം ചെയ്തു.
മാന്യമായ ഭക്ഷണവും, വൃത്തിയുള്ള വസ്ത്രവും ഇല്ലാതെയുള്ള ദിവസങ്ങൾ അവസാനിക്കുകയാണ്.
ഏജ്ഡ് കെയറുകൾക്കുള്ള അഞ്ചിന പദ്ധതിയിലൂടെ മുഴുവൻ സമയ രജിസ്റ്റേർഡ് നഴ്‌സുമാർ, കൂടുതൽ കെയറേഴ്സ് - കൂടുതൽ സമയ പരിചരണം, മെച്ചപ്പെട്ട ഭക്ഷണം, ഏജ്ഡ് കെയറുകളിലെ തൊഴിലാളികൾക്ക് ശമ്പള വർദ്ധനവ് തുടങ്ങിയവയാണ് ലേബറിൻറെ വാഗ്ദാനങ്ങൾ.
ചിലവ് കുറഞ്ഞ ചൈൽഡ് കെയർ സേവനങ്ങൾ, വൈദ്യുതി നിരക്ക് കുറക്കൽ തുടങ്ങിയവയും അൽബനിസി പ്രഖ്യാപിച്ചിട്ടുണ്ട്.
96% കുടുംബങ്ങൾക്കും ഉയർന്ന ചൈൽഡ് കെയർ ആനുകൂല്യങ്ങൾ ലഭ്യമാകുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇതുവഴി കൂടുതൽ ഓസ്‌ട്രേലിയൻ കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസ തുടക്കം ലഭ്യമാകുമെന്നും അൽബനിസി ചൂണ്ടിക്കാട്ടി.
ചിലവ് കുറഞ്ഞ ചൈൽഡ് കെയർ ഒരു സാമ്പത്തിക പരിഷ്കരണമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു
ഓസ്‌ട്രേലിയയെ സ്വയം പര്യാപ്തമാക്കാൻ ലക്ഷ്യമിട്ടുള്ള കൂടുതൽ നിർമ്മാണ പദ്ധതികളും ബജറ്റിൻ മേലുള്ള മറുപടി പ്രസംഗത്തിൽ പ്രതിപക്ഷ നേതാവ് പരാമർശിച്ചു.
റോഡുകൾ, റെയിൽ, തുറമുഖങ്ങൾ, അതിവേഗ ഇന്റർനെറ്റ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾക്കായി കൂടുതൽ ധനസഹായം നൽകുമെന്നും അൽബനിസി വാഗ്ദാനം ചെയ്തിട്ടുണ്ട്.