പെയ്ഡ് പേരൻറൽ ലീവ്
പെയ്ഡ് പേരൻറൽ ലീവ് പദ്ധതിയിൽ വരുത്തിയ മാറ്റമാണ് ഇതിൽ പ്രധാനം. പെയ്ഡ് പെരൻറൽ ലീവും ‘ഡാഡ് ആൻഡ് പാട്ണർ പേ’ പദ്ധതിയും തമ്മിൽ ലയിപ്പിക്കുമെന്നാണ് ബജറ്റിലെ പ്രഖ്യാപനം.
നിലവിൽ 18 ആഴ്ചയാണ് പെയ്ഡ് പേരൻറൽ ലീവ് ലഭ്യമാകുക. രണ്ടാഴ്ചയാണ് ‘ഡാഡ് ആൻഡ് പാട്ണർ പേ ലഭിക്കുന്നത്.
ഇത് ലയിപ്പിച്ച് 20 ആഴ്ചത്തെ പെയ്ഡ് പേരൻറൽ ലീവാക്കി മാറ്റുമെന്നാണ് ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ 20 ആഴ്ച എങ്ങനെ വിഭജിക്കണമെന്നത് മാതാപിതാക്കൾക്ക് തീരുമാനിക്കാൻ കഴിയും.
സിംഗിൾ പേരൻറുകൾക്ക് രണ്ടാഴ്ച അധികമായി പെയ്ഡ് പേരൻറൽ ലീവ് ലഭ്യമാക്കുമെന്നും ട്രഷറർ ജോഷ് ഫ്രെഡൻബർഗ് വ്യക്തമാക്കി.
മിനിമം വേതനം അടിസ്ഥാനപ്പെടുത്തി രക്ഷിതാക്കൾക്ക് 20 ആഴ്‌ച ശമ്പളത്തോടെയുള്ള അവധി നൽകുമെന്നാണ് ബഡ്ജറ്റിലെ പ്രഖ്യാപനം.
നിലവിൽ അമ്മമാർക്ക് കഴിയുന്നതുപോലെ, ലഭ്യമായ പരിധിയിൽ എത്രനാൾ വേണമെങ്കിലും പെയ്ഡ് പേരൻറ് ലീവിൽ പ്രവേശിക്കാൻ പിതാവിനെ അനുവദിക്കുന്നതാണ് പുതിയ മാറ്റം. നിലവിൽ, പ്രൈമറി കെയറർക്ക് 18 ആഴ്ചയും, സെക്കൻഡറി കെയറർക്ക് രണ്ടാഴ്ചയുമാണ് അവധി എടുക്കാൻ അർഹതയുള്ളത്.
ചൈൽഡ് കെയർ
2 ബില്യൺ ഡോളറിൻറ പ്രീസ്‌കൂൾ റിഫോം എഗ്രിമെൻറും സർക്കാർ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പദ്ധതിയിലൂടെ അഞ്ചു വയസ്സിൽ താഴെ പ്രായമുള്ള എല്ലാ കുട്ടികൾക്കും ആഴ്ചയിൽ കുറഞ്ഞത് 15 മണിക്കൂർ ചൈൽഡ് കെയർ ലഭ്യമാക്കുമെന്നും ട്രഷറർ അറിയിച്ചു.
ആദ്യ ഭവനം
ആദ്യ ഭവനം സ്വന്തമാക്കുന്നവരെ സഹായിക്കാൻ ലക്ഷ്യമിട്ട് ഫസ്റ്റ് ഹോം ബയേഴ്‌സ് പദ്ധതി വിപുലീകരിക്കുമെന്നും ഫെഡറൽ സർക്കാർ പ്രഖ്യാപിച്ചു. പ്രതിവർഷം 10,000 പേർക്കെന്ന പരിധി 35,000 ലേക്കാണ് ഉയർത്തിയിരിക്കുന്നത്.
പദ്ധതി വഴി വീട് സ്വന്തമാക്കാൻ 5 ശതമാനം ഡെപ്പോസിറ്റ് തുക മാത്രം മതിയാകും. ഇവർക്ക് ലെൻഡേഴ്‌സ് മോർട്ട്‌ഗേജ് ഇൻഷുറൻസ് (LMI) ആവശ്യമില്ലെന്നും ബജറ്റിൽ പറയുന്നു.
പദ്ധതി വിപുലീകരിച്ചതോടെ വീടുകളുടെ വിലയടക്കമുള്ള മാനദണ്ഡങ്ങളിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
ഇതു കൂടാതെ, ഉൾനാടൻ പ്രദേശങ്ങൾക്കായി പ്രത്യേക ഭവന പദ്ധതിയും ബജറ്റിൽ പ്രഖ്യാപിച്ചു. നിർമ്മാണ മേഖലയുടെ പോഷണം ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി.
സിംഗിൾ പേരൻറ്സിനെ വീട് വാങ്ങാൻ സഹായിക്കുന്നതിനായി പ്രത്യേക ഫണ്ടും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. ഇവർക്ക് 2 ശതമാനം ഡെപ്പോസിറ്റ് മാത്രം മതിയാകും. ലെൻഡേഴ്‌സ് മോർട്ട്‌ഗേജ് ഇൻഷുറൻസും (LMI) നൽകേണ്ടതില്ല.
അതേസമയം കൂടുതൽ ആളുകളെ വീട് സ്വന്തമാക്കാൻ ലക്ഷ്യമിടുന്നതാണ് പദ്ധതിയെങ്കിലും കുത്തനെ ഉയർന്ന ഭവന വില കുറക്കാൻ ഇത് സഹായിക്കില്ലെന്ന് വിദഗ്ദർ മുന്നറിയിപ്പ് നൽകി.