ചൈനയുമായുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഓസ്ട്രേലിയയും ഇന്ത്യയും തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കാൻ നിരവധി നടപടികളെടുത്തിരുന്നു.
അതിന്റെ അടുത്ത ഘട്ടമായി മേഖലയിലെ ഏറ്റവും പ്രധാന നാവികസേനാ അഭ്യാസങ്ങളിലൊന്നായ മലബാർ നേവൽ എക്സർസൈസിൽ ഓസ്ട്രേലിയെയും ഉൾപ്പെടുത്തും എന്നാണ് റിപ്പോർട്ടുകൾ.
1992 മുതൽ ഇന്ത്യ നടത്തുന്ന ഏറ്റവും പ്രധാന നാവിക സേനാ അഭ്യാസമാണ് മലബാർ നേവൽ എക്സർസൈസ്.
അമേരിക്കയും ഇന്ത്യയും സ്ഥിരം അംഗങ്ങളായാണ് മലബാർ നാവികാഭ്യാസം തുടങ്ങിയത്. 2015 മുതൽ ജപ്പാനും അതിൽ സ്ഥിരാംഗമാണ്.
2007ൽ ഓസ്ട്രേലിയും ഇതിൽ പങ്കെടുത്തിരുന്നു. എന്നാൽ അതിനു ശേഷം ഓസ്ട്രേലിയയെ മലബാർ നാവികാഭ്യാസത്തിലേക്ക് ക്ഷണിച്ചിട്ടില്ല.

U.S. aircraft carrier John C. Stennis during joint military exercise called Malabar, with the United States, Japan and India participating, off Okinawa 15-6-16. Source: Getty Images
ഇതിൽ പങ്കെടുക്കാൻ ഓസ്ട്രേലിയ താൽപര്യം പ്രകടിപ്പിച്ചെങ്കിലും ഇന്ത്യ അത് നിരസിച്ചു എന്നായിരുന്നു മുൻ റിപ്പോർട്ടുകൾ.
എന്നാൽ ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതൽ സമഗ്രമാക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും, ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസനും കഴിഞ്ഞ മാസം നടത്തിയ ഓൺലൈൻ ഉച്ചകോടിയിൽ തീരുമാനിച്ചിരുന്നു.
സമുദ്രമേഖലയിൽ നിന്നുയരുന്ന ഭീഷണികളെ ചെറുക്കാൻ കൂടുതൽ ഒരുമിച്ച് പ്രവർത്തിക്കും എന്നായിരുന്നു ഉച്ചകോടിക്ക് ശേഷമുള്ള പ്രഖ്യാപനം.
ചൈനയുടെ പേര് പൂർണമായും ഒഴിവാക്കിയ ഈ സംയുക്ത പ്രസ്താവന, മേഖലയിലെ മറ്റെല്ലാ പ്രമുഖ രാജ്യങ്ങളുമായുമുള്ള സഹകരണത്തെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു.
ഇതിനു പിന്നാലെയാണ് ഓസ്ട്രേലിയയെക്കൂടി അടുത്ത മലബാർ നാവികാഭ്യാസത്തിന് ക്ഷണിക്കാൻ തീരുമാനിച്ചത് എന്നാണ് ഇന്ത്യൻ പ്രതിരോധ മേഖലാ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
ഓസ്ട്രേലിയയും ജപ്പാനും ഇതിനെ സ്വാഗതം ചെയ്തതായും വിവിധ ഇന്ത്യൻ മാധ്യമങ്ങൾ ചൂണ്ടിക്കാട്ടി.
ഇന്ത്യയും ഓസ്ട്രേലിയയും സൈനിക താവളങ്ങൾ പരസ്പരം അനുവദിക്കാനും തീരുമാനിച്ചിരുന്നു. ഈ നാവികസേനാ അഭ്യാസം അതിലെ ഒരു പ്രധാനപ്പെട്ട ഘട്ടമാണെന്നും പ്രതിരോധ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ആദ്യഘട്ടത്തിൽ ഓസ്ട്രേലിയയെ നിരീക്ഷകരായാകും ക്ഷണിക്കുക എന്നാണ് സൂചനകൾ. തുടർന്നുള്ളവർഷങ്ങളിൽ ഓസ്ട്രേലിയൻ കപ്പലുകളെയും അഭ്യാസത്തിൽ കൂടുതൽ പങ്കാളികളാക്കിയേക്കും.
ഇതിന്റെ വിശദാംശങ്ങൾ ഇന്ത്യയും ഓസ്ട്രേലിയയും ഇതുവരെയും പുറത്തുവിട്ടിട്ടില്ല.
കൊറോണപ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ മലബാർ നാവികാഭ്യാസം എന്നു നടത്തുമെന്ന കാര്യവും ഇതുവരെയും വ്യക്തമല്ല.