Highlights
- വില ഏറ്റവുമധികം കൂടുന്നത് ഉൾനാടൻ മേഖലകളിൽ
- അടുത്ത വർഷം വില കൂടുതൽ ഉയരാം എന്ന് വിദഗ്ധരുടെ പുതിയ പ്രവചനം
- നിർണ്ണായകമായത് കുറഞ്ഞ പലിശനിരക്കും സർക്കാർ പദ്ധതികളും
ഓസ്ട്രേലിയയിൽ കൊറോണവൈറസ് ഏറ്റവും രൂക്ഷമായിരുന്ന ആറു മാസത്തോളം വീടുകളുടെ വില ഇടിഞ്ഞെങ്കിലും, അതിൽ നിന്ന് റിയൽ എസ്റ്റേറ്റ് മേഖല കരകയറുന്നു എന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്.
ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളിൽ രാജ്യത്തെ വീടുവില 2.1 ശതമാനം കുറഞ്ഞിരുന്നു.
എന്നാൽ ഒക്ടോബറിലും നവംബറിലും ഈ പ്രവണതയിൽ മാറ്റം വന്നു എന്നാണ് റിയൽ എസ്റ്റേറ്റ് രംഗത്തെ വിലയിരുത്തുന്ന കെയർ ലോജിക്കിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്.
നവംബറിൽ മുൻ മാസത്തെ അപേക്ഷിച്ച് 0.8 ശതമാനം വർദ്ധനവാണ് വീടുവിലയിൽ ഉണ്ടായത്.
മുൻ വർഷത്തെ അപേക്ഷിച്ച് 3.1 ശതമാനത്തിന്റെ വർദ്ധനവാണ് ശരാശരി വീടുവിലയിൽ ഉള്ളത്.
സിഡ്നി, മെൽബൺ, ബ്രിസ്ബൈൻ എന്നീ പ്രമുഖ നഗരങ്ങളിലെ വർദ്ധനവ് കുറവാണെങ്കിലും, മറ്റു നഗരങ്ങളിലും ഉൾനാടൻ പ്രദേശങ്ങളിലുമെല്ലാം വില കൂടി.
പ്രമുഖ നഗരങ്ങളിൽ 0.7 ശതമാനവും, ഉൾനാടൻ മേഖലയിൽ 1.4 ശതമാനവുമാണ് നവംബറിലെ വില വർദ്ധനവ്.
നവംബറിൽ പ്രമുഖ തലസ്ഥാന നഗരങ്ങളിൽ വീടു വില വർദ്ധിച്ചത് ഇങ്ങനെയാണ്.
നഗരം | വിലയിലെ മാറ്റം |
---|---|
സിഡ്നി | +0.4 % |
മെൽബൺ | +0.7 % |
ബ്രിസ്ബൈൻ | +0.6 % |
അഡ്ലൈഡ് | +1.3 % |
പെർത്ത് | +1.1 % |
ഹോബാർട്ട് | +1.4 % |
ഡാർവിൻ | +1.9 % |
കാൻബറ | +1.9 % |
ശരാശരി | +0.8 % |
ക്വീൻസ്ലാന്റിന്റെ പ്രാദേശിക മേഖലകളിലാണ് ഏറ്റവുമധികം വർദ്ധനവുണ്ടായത്. 3.2 ശതമാനം. NSWലെ പ്രാദേശിക മേഖലകളിൽ 3.1 ശതമാനവും വില കൂടി.
പ്രവചനങ്ങൾക്ക് വിരുദ്ധം
രാജ്യത്ത് കൊവിഡ്ബാധ രൂക്ഷമായി തുടങ്ങിയ മാർച്ച് മാസത്തിൽ നിരവധി സാമ്പത്തിക വിദഗ്ധർ പ്രവചിച്ചത് കനത്ത വിലയിടിവ് ഉണ്ടാകും എന്നായിരുന്നു.
സിഡ്നിയിലും മെൽബണിലും 20 ശതമാനം വരെ വീടുവില ഇടിയാം എന്നും വിവിധ സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നു.
മൂന്നു പതിറ്റാണ്ടിനിടയിലെ ആദ്യത്തെ സാമ്പത്തിക മാന്ദ്യത്തിലേക്ക് ഓസ്ട്രേലിയ പോയപ്പോൾ, ഇത്തരത്തിൽ വിലയിടിയാം എന്ന സൂചനകളും വന്നിരുന്നു. വീടു വില കുറഞ്ഞു എന്നായിരുന്നു സെപ്റ്റംബറിലെ റിപ്പോർട്ടുകൾ.
എന്നാൽ, ഭവന നിർമ്മാണ മേഖലയ്ക്കായി ഫെഡറൽ-സംസ്ഥാന സർക്കാരുകൾ പദ്ധതികൾ പ്രഖ്യാപിച്ചതും, ബാങ്കിംഗ് പലിശ നിരക്ക് കുറഞ്ഞതും വില കൂടുന്നതിലേക്കാണ് നയിച്ചതെന്ന് കെയർ ലോജിക്കിലെ ഭവനമേഖലാ റിസർച്ച് മേധാവി എലീസ ഓവൻ പറയുന്നു.
കൊവിഡ് സാഹചര്യം ഇതുപോലെ നിയന്ത്രണത്തിൽ തുടരുകയാണെങ്കിൽ അടുത്ത വർഷം കൂടുതൽ വില വർദ്ധനവിന് സാധ്യതയുണ്ട് എന്നാണ് എലീസ ഓവൻ പ്രതീക്ഷിക്കുന്നത്.
കൊവിഡ് പ്രതിസന്ധിയിൽ ജോലി നഷ്ടമാകാത്തവർക്ക് വീടു വാങ്ങാൻ ഏറ്റവും നല്ല സാഹചര്യമായിരുന്നു ഇതെന്ന് എലീസ ഓവൻ ചൂണ്ടിക്കാട്ടി. കുറഞ്ഞ വായ്പാ പലിശ നിരക്കും, വായ്പകളുടെ ലഭ്യതയും ഇതിന് സഹായിച്ചു.
അടുത്ത മൂന്നു വർഷത്തേക്കെങ്കിലും കുറഞ്ഞ പലിശ നിരക്ക് തുടരും എന്നാണ് റിസർവ് ബാങ്ക് സൂചിപ്പിച്ചിരിക്കുന്നത്.
അതേസമയം, കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ പലരുടെയും വായ്പാ തിരിച്ചടവ് അടുത്ത വർഷം മുടങ്ങാൻ സാധ്യതയുണ്ടെന്ന വ്യത്യസ്ത റിപ്പോർട്ടും പുറത്തുവന്നിട്ടുണ്ട്.
പലിശനിരക്ക് കുറഞ്ഞ സാഹചര്യത്തിൽ പലരും നിലവിലുള്ള ലോണുകൾ റീഫൈനാൻസിംഗ് ചെയ്യാനും, കൂടുതൽ ലോണെടുക്കാനും സാധ്യതയുണ്ട്. വരുമാനവും വായ്പയും തമ്മിലുള്ള അനുപാതത്തെ ഇതു ബാധിച്ചേക്കാമെന്ന് എസ് അൻറ് പി ഗ്ലോബൽ റേറ്റിംഗ്സ് ചൂണ്ടിക്കാട്ടുന്നു.