Highlights
- ഇന്ത്യയില്‍ നിന്ന് ക്വാണ്ടസ് നാലു സര്‍വീസുകള്‍ നടത്തുമെന്ന് റിപ്പോര്‍ട്ട്
- തിരിച്ചെത്തുന്നവര്‍ ഡാര്‍വിനില്‍ 14 ദിവസം ക്വാറന്റൈന്‍ ചെയ്യണം
- പദ്ധതിയുടെ വിശദാംശങ്ങള്‍ പ്രധാനമന്ത്രി വെള്ളിയാഴ്ച പ്രഖ്യാപിക്കും
വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഓസ്‌ട്രേലിയക്കാരെ തിരിച്ചെത്തിക്കണം എന്ന ആവശ്യം കൂടുതല്‍ ശക്തമാകുന്നതിനിടെയാണ് NT സര്‍ക്കാരും ഫെഡറല്‍ സര്‍ക്കാരും സംയുക്തമായി പദ്ധതി തയ്യാറാക്കുന്നത്.
ഹോവാര്‍ഡ് സ്പ്രിംഗ്‌സിലെ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് കൂടുതല്‍ പേരെ എത്തിക്കുന്ന കാര്യം പരിഗണിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.
ഇതിനായി NT സര്‍ക്കാരുമായി കരാറുണ്ടാക്കുന്ന നടപടി അവസാന ഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഈ പദ്ധതി ഏതാനും ആഴച്കള്‍ക്കുള്ളില്‍ നടപ്പാക്കി തുടങ്ങും എന്നാണ് എ ബി സി റിപ്പോര്‍ട്ട് ചെയ്തത്.
ക്വാണ്ടസ് വിമാനങ്ങള്‍ സര്‍വീസ് നടത്തും
ഡാര്‍വിന് സമീപത്തുള്ള ഹോവാര്‍ഡ് സ്പ്രിംഗ്‌സില്‍ ഒരു മാസം 1,000 പേരെ വീതം എത്തിക്കാനാണ് പദ്ധതി.
രണ്ടാഴ്ചയിലൊരിക്കല്‍ 500 പേരെ വീതമാകും എത്തിക്കുക എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഡാര്‍വിനിലെ എയര്‍ഫോഴ്‌സ് വിമാനത്താവളത്തിലേക്ക് വാണിജ്യവിമാനങ്ങളിലും ചാര്‍ട്ടേഡ് വിമാനങ്ങളിലുമാകും വിദേശത്ത് കുടുങ്ങിയവരെ എത്തിക്കുക.
ഒരു ഘട്ടത്തില്‍ എത്തിക്കുന്ന 500 പേര്‍ 14 ദിവസത്തെ ക്വാറന്റെന്‍ പൂര്ത്തിയാക്കിയ ശേഷമാകും അടുത്ത 500 പേരെ എത്തിക്കുക എന്നാണ് എ ബി സി റിപ്പോര്‍ട്ട്.
ക്വാറന്റൈന്‍ ചെലവ് യാത്രക്കാര്‍ നല്‍കേണ്ടി വരും. ഡാര്‍വിനില്‍ നിലവില്‍ വ്യക്തികള്‍ക്ക് 2,500 ഡോളറും, രണ്ടു പേരില്‍ കൂടുതലുള്ള കുടുംബങ്ങള്‍ക്ക് 5,000 ഡോളറുമാണ് ക്വാറന്റൈന്‍ ഫീസ്.
ഓസ്‌ട്രേലിയന്‍ വിമാനക്കമ്പനിയായ ക്വാണ്ടസ് എട്ടു സര്‍വീസുകള്‍ നടത്തും എന്നാണ് സൂചന.
ഇതില്‍ നാലെണ്ണം ഇന്ത്യയില്‍ നിന്നായിരിക്കും. നാലെണ്ണം ലണ്ടനില്‍ നിന്നും.
ഇന്ത്യയില്‍ നിന്നുള്ള വിമാനസര്‍വീസുകള്‍ക്ക് 1,000 ഡോളറിന് അടുത്തായിരിക്കും ടിക്കറ്റ് നിരക്ക് എന്ന് പ്രതീക്ഷിക്കുന്നതായും എ ബി സി റിപ്പോര്‍ട്ട് പറയുന്നു.
വെള്ളിയാഴ്ച ചേരുന്ന ദേശീയ ക്യാബിനറ്റ് യോഗത്തിനു ശേഷം പ്രധാനമന്ത്രി സ്‌കോട്ട് മോറിസനും, NT മുഖ്യമന്ത്രി മൈക്കല്‍ ഗണ്ണറും സംയുക്തമായി ഇതിന്‍രെ വിശദാംശങ്ങള്‍ പ്രഖ്യാപിക്കും.
ഈ വാര്‍ത്താ സമ്മേളനം വെള്ളിയാഴ്ച എസ് ബി എസ് മലയാളം ഫേസ്ബുക്ക് പേജില്‍ തത്സമയം കാണാം.
കൊവിഡ് ബാധ തുടങ്ങിയ സമയത്ത് ചൈനയിലെ വുഹാനില്‍ നിന്ന് തിരിച്ചെത്തിച്ചവരെ ക്വാറന്‌റൈന്‍ ചെയ്തത് ഹോവാര്‍ഡ് സ്പ്രിംഗ്‌സിലായിരുന്നു.
ഈ പദ്ധതിയുടെ കൂടുതല്‍ വിശദാംശങ്ങളറിയാന്‍ എസ് ബി എസ് ഫെഡറല്‍ സര്‍ക്കാരിനെ ബന്ധപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ നാളെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും എന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയത്.