പന്ത്രണ്ടര വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഓസ്ട്രേലിയയിൽ ബാങ്കിംഗ് പലിശ നിരക്കിൽ വർദ്ധനവ് ഉണ്ടാകുന്നത്.
2010 നവംബറിലായിരുന്നു ഇതിനു മുമ്പ് അവസാനമായി പലിശ നിരക്ക് കൂടിയത്.
അതിനു ശേഷം പല തവണ പലിശ നിരക്ക് കുറച്ച റിസർവ് ബാങ്ക്, 2020 നവംബറിൽ 0.1 ശതമാനം എന്ന ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് കൊണ്ടുവന്നിരുന്നു.
കഴിഞ്ഞ ഒന്നര വർഷമായി 0.1 ശതമാനമാണ് അടിസ്ഥാന പലിശനിരക്ക്.
എന്നാൽ രാജ്യത്തെ നാണയപ്പെരുപ്പവും വിലക്കയറ്റവുമെല്ലാം രൂക്ഷമായ സാഹചര്യത്തിൽ പലിശ നിരക്ക് വീണ്ടും ഉയർത്താനാണ് കേന്ദ്ര ബാങ്ക് തീരുമാനിച്ചത്.
0.35 ശതമാനമാണ് പുതിയ പലിശ നിരക്ക്.
അതായത്, കാൽ ശതമാനം നിരക്ക് വർദ്ധനവാണ് വരുത്തിയിരിക്കുന്നത്. നിരവധി സാമ്പത്തിക വിദഗ്ധർ പ്രതീക്ഷിച്ചതിലും വലിയ വർദ്ധനവാണ് ഇത്.
0.15 ശതമാനം നിരക്ക് വർദ്ധിപ്പിക്കുമെന്നായിരുന്നു സാമ്പത്തിക രംഗത്തിന്റെ വിലയിരുത്തൽ. വരും മാസങ്ങളിലും 0.25 ശതമാനം വീതം നിരക്ക് കൂട്ടിയേക്കും എന്നും നിരവധി വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു.
കഴിഞ്ഞയാഴ്ച പുറത്തു വന്ന നാണയപ്പെരുപ്പ നിരക്കും പ്രതീക്ഷയെക്കാൾ കൂടുതലായിരുന്നു. മാർച്ച് മാസത്തിൽ അവസാനിച്ച പാദത്തിൽ 5.1 ശതമാനമായിരുന്നു നാണയപ്പെരുപ്പം.
ഭവനവായ്പകളെ ബാധിക്കും
പലിശ നിരക്കിലെ ഈ വർദ്ധനവ് ബാങ്കുകൾ പൂർണമായും ജനങ്ങളിലേക്ക് കൈമാറും എന്നാണ് കരുതുന്നത്.
അതോടെ, വേരിയബിൾ നിരക്കിലെ ഭവനവായ്പകളെ അത് ബാധിക്കും.
പത്തു ലക്ഷം ഡോളർ (ഒരു മില്യൺ) വായ്പയുള്ള ഒരാൾക്ക്, മാസം 100 ഡോളർ അധിക തിരിച്ചടവ് ഉണ്ടാകും എന്നാണ് വിലയിരുത്തൽ.
റിസർവ് ബാങ്ക് പലിശ നിരക്ക് കൂട്ടുന്നതിന് മുമ്പു തന്നെ പല പ്രമുഖ ബാങ്കുകളും വേരിയബിൾ നിരക്കിൽ വർദ്ധനവ് വരുത്തിയിരുന്നു.
ജൂൺ മാസത്തിൽ 0.25 ശതമാനം കൂടി നിരക്ക് വർദ്ധിപ്പിക്കും എന്നാണ് ഇപ്പോഴത്തെ റിപ്പോർട്ട്.
നാണയപ്പെരുപ്പനിരക്ക് കൂടിയതിനൊപ്പം, രാജ്യത്ത് തൊഴിലില്ലായ്മ കുറഞ്ഞതിനാൽ ജനങ്ങളുടെ വരുമാനം വർദ്ധിച്ചു എന്നതു കൂടി കണക്കിലെടുത്താണ് ഈ നടപടിയെന്ന് റിസർവ് ബാങ്ക് ഗവർണ്ണർ ഫിലിപ്പ് ലോവി പറഞ്ഞു.
നാണയപ്പെരുപ്പ നിരക്ക് പിടിച്ചു നിർത്താൻ ബാങ്കിന് നടപടിയെടുക്കേണ്ടി വരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പിൽ നിർണ്ണായകമാകുമോ?
ഫെഡറൽ തെരഞ്ഞെടുപ്പ് നടക്കുന്നതിന് തൊട്ടുമുമ്പുള്ള നിരക്ക് വർദ്ധനവ് പ്രചാരണത്തിലും നിർണ്ണായക വിഷയമാകും.
എന്നാൽ ഇത് സർക്കാരിന്റെ നിയന്ത്രണത്തിൽപ്പെടുന്ന വിഷയമല്ല എന്നാണ് പ്രധാനമന്ത്രി സ്കോട്ട് മോറിസൻ പ്രതികരിച്ചത്. രാഷ്ട്രീയ ലെൻസിലൂടെ അതിനെ നോക്കരുത് എന്നും മോറിസൻ പറഞ്ഞു.
അന്താരാഷ്ട്ര സാഹചര്യങ്ങൾ മൂലമാണ് രാജ്യത്തെ വിലക്കയറ്റം ഉയരുന്നതെന്നും, അത് ജനങ്ങൾക്ക് മനസിലാകുമെന്നും അദ്ദേഹം മെൽബണിൽ പറഞ്ഞു.
അതേസമയം, പലിശ നിരക്ക് വർദ്ധനവിനെ രാഷ്ട്രീയമായി കാണരുത് എന്നത് “അസാധാരണമായ” നിലപാടാണെന്ന് പ്രതിപക്ഷ നേതാവ് ആന്തണി അൽബനീസി പ്രതികരിച്ചു.
ആദ്യ ദിവസം മുതൽ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് സ്കോട്ട് മോറിസൻ എല്ലാ കാര്യവും ചെയ്തിരുന്നതെന്നും, ഒരിക്കലും രാജ്യതാൽപര്യം നോക്കിയിട്ടില്ലെന്നും അൽബനീസി കുറ്റപ്പെടുത്തി.