ൂമൂന്നു മലയാളികൾ ഡയറക്ടർമാരായി സിഡ്നിയിൽ രൂപീകരിച്ച ഫൈവ് സ്റ്റാർ പ്രോപ്പർട്ടീസ് എന്ന സ്ഥാപനമാണ് കഴിഞ്ഞ മാസം അവസാനം അഡ്മിനിസ്ട്രേറ്റർ ഭരണത്തിൻ കീഴിലായത്.
നിരവധി പേരിൽ നിന്നും പണം പിരിച്ച് വൻതോതിൽ ഭൂമി വാങ്ങുകയും, നിക്ഷേപകർക്ക് കമ്പനിയുടെ ഓഹരി നൽകുകയും ചെയ്യുക എന്നതായിരുന്നു ഫൈവ് സ്റ്റാർ പ്രോപ്പർട്ടീസിന്റെ പ്രവർത്തന രീതി.
കമ്പനിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് ASIC ന് ചില പരാതികൾ ലഭിച്ചതിനാൽ അവരുടെ നിർദ്ദേശപ്രകാരമാണ് കമ്പനിയുടെ നിയന്ത്രണം അഡ്മിനിസ്ട്രേറ്റർമാരെ ഏൽപ്പിച്ചത് എന്ന് ഡയറക്ടർമാർ ഓഹരി ഉടമകളെ അറിയിച്ചിരുന്നു. സ്ഥാപനം ഏറ്റെടുത്ത അഡ്മിനിസ്ട്രേറ്റർമാരായ ഹോൾ ചാഡ്വിക്ക്, അതിന്റെ സാമ്പത്തിക സ്ഥിതി വിലയിരുത്തുകയും ഓഹരി ഉടമകളുമായി ഡിസംബറിൽ കൂടിക്കാഴ്ച നടത്തുകയും ചെയ്ത ശേഷം ASIC ന് സമർപ്പിച്ച ആദ്യ റിപ്പോർട്ടാണ് ഇപ്പോൾ ലഭ്യമായിരിക്കുന്നത്.
നാലു കമ്പനികൾ
ഫൈവ് സ്റ്റാർ പ്രോപ്പർട്ടീസ് എന്ന പേരിൽ ഒറ്റ സ്ഥാപനമായാണ് ഇവർ ജനങ്ങളെ സമീപിച്ചിരുന്നതെങ്കിലും നാലു കമ്പനികളായി രജിസ്റ്റർ ചെയ്തായിരുന്നു പ്രവർത്തനം നടത്തിയിരുന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഫൈവ് സ്റ്റാർ സിയോൺ, ഫൈവ് സ്റ്റാർ സിനായി, ഫൈവ് സ്റ്റാർ പ്രോപ്പർട്ടീസ്, S & S പാർട്ണേഴ്സ് എന്നിവയാണ് ഈ ഗ്രൂപ്പിലെ കമ്പനികൾ.
നിക്ഷേപകരെ ഓഹരി ഉടമകളായി കണക്കാക്കി പണം പിരിക്കാനുള്ള ഓസ്ട്രേലിയൻ ഫിനാൻഷ്യൽ സെക്യൂരിറ്റീസ് ലൈസൻസ് ഇവർക്ക് ഇല്ലായിരുന്നു എന്ന കാര്യം റിപ്പോർട്ട് വ്യക്തമാക്കുന്നു.
മാത്രമല്ല, ഇങ്ങനെ പിരിച്ച പണം ഓഹരി ഉടമകളുടെ അറിവോ സമ്മതമോ ഇല്ലാതെ ഈ കമ്പനികൾ തമ്മിൽ വായ്പയായി പരസ്പരം കൈമാറ്റം ചെയ്തിട്ടുമുണ്ട്. ഇങ്ങനെ കൈമാറിയ പണം ഭൂമി വാങ്ങാനായ ഇപ്പോൾ ഉപയോഗിക്കാൻ കഴിയില്ല എന്ന സൂചനയാണ് അഡ്മിനിസ്ട്രേറ്റർമാർ നൽകിയിരിക്കുന്നത്.
1.6 മില്യൺ വായ്പ; കമ്പനി ലിക്വിഡേഷനിൽ
ഇരുന്നൂറിലെറെ പേർ മുതൽ മുടക്കിയ ഫൈവ് സ്റ്റാർ സിയോൺ എന്ന ഏറ്റവും വലിയ പദ്ധതിയാണ് പ്രധാനമായും പ്രതിസന്ധി നേരിടുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 11.5മില്യൺ ഡോളർ മുടക്കി ന്യൂ സൗത്ത് വെയിൽസിലെ ലഡൻഹാമിൽ ഭൂമി വാങ്ങാനായിരുന്നു പദ്ധതി.
ഇതിനായി ഓഹരി ഉടമകളിൽ നിന്ന് ഷെയര് ഒന്നിന് 15,000 ഡോളർ ആദ്യഗഡു എന്ന രീതിയിൽ ഫൈവ് സ്റ്റാർ സിയോൺ കമ്പനി 3.67 മില്യൺ ഡോളർ പിരിച്ചെടുത്തിരുന്നു.
ഈ തുകയിൽ നിന്ന് മൂന്നു ലക്ഷം ഡോളർ ഭൂമിയുടെ അഡ്വാൻസും, 6.80 ലക്ഷം ഡോളർ സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിലും നൽകി.
ബാക്കിയുള്ള തുകയിൽ നിന്ന് 1.60 മില്യൺ ഡോളർ (16 ലക്ഷം ഡോളർ) ഫൈവ് സ്റ്റാർ പ്രോപ്പർട്ടീസ് എന്ന കമ്പനിക്ക് ഫൈവ് സ്റ്റാർ സിയോൺ വായ്പയായി നൽകി.
എഡ്മണ്ട്സൺ പാർക്കിൽ മറ്റൊരു ഭൂമി വാങ്ങുന്നതിനുള്ള പുതിയ പദ്ധതിക്ക് എന്നു പറഞ്ഞാണ് ഫൈവ് സ്റ്റാർ പ്രോപ്പർട്ടീസിന് ഈ വായ്പ നൽകിയത്. ഇതേക്കുറിച്ച് പണം നിക്ഷേപിച്ചവർ അറിഞ്ഞിരുന്നില്ല എന്ന് അഡ്മിനിസ്ട്രേറ്റർമാരും നിക്ഷേപകരുമായുള്ള യോഗത്തിന്റെ മിനിട്സ് വ്യക്തമാക്കുന്നു.
എന്നാൽ എഡ്മണ്ട്സൺ പാർക്കിൽ ഭൂമി വാങ്ങുന്നതിനായി ഉപയോഗിക്കുന്നതിന് പകരം ഇതിൽ നിന്ന് 4.40 ലക്ഷം ഡോളർ ഫൈവ് സ്റ്റാർ പ്രോപ്പർട്ടീസ് S & S പാര്ട്ണേഴ്സ് എന്ന മറ്റൊരു അനുബന്ധ കമ്പനിക്ക് മറിച്ചു നൽകി.
ഈ S & S പാർട്ണേഴ്സ് എന്ന കമ്പനി ഇപ്പോൾ ലിക്വിഡേഷനിലാണ് എന്നാണ് അഡ്മിനിസ്ട്രേറ്റർമാരുടെ റിപ്പോർട്ട് പറയുന്നത്. മാത്രമല്ല, ആ കമ്പനിയിൽ നിന്ന് 2.20 ലക്ഷം ഡോളര്് മാത്രമേ തിരിച്ചുകിട്ടാനുള്ള മൂല്യമുള്ളൂ എന്നും റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്.
Administrator's Report on 5Star Properties (Link)
(Please refresh the browser if not loading)
ഫൈവ് സ്റ്റാർ സിയോണിൽ നിന്ന് ഫൈവ് സ്റ്റാർ പ്രോപ്പർട്ടീസിന് വായ്പയായി നൽകിയിട്ടുള്ള 1.6 മില്യൺ ഡോളർ തിരിച്ചുകിട്ടുമോ എന്ന വിഷയത്തിൽ ഇപ്പോൾ പൂർണമായും ഒന്നും പറയാൻ കഴിയില്ലെന്നും, അതേക്കുറിച്ച് കൂടുതൽ അന്വേഷണങ്ങൾ നടത്തുകയാണെന്നുമാണ് അഡ്മിനിസ്ട്രേറ്റർമാർ അറിയിച്ചിരിക്കുന്നത്.
ഭൂമി കൈമാറ്റത്തിന് ഫെബ്രുവരി 28 വരെ
ഫൈവ് സ്റ്റാർ സിയോണിനായി വാങ്ങാൻ ഉദ്ദേശിച്ചിരിക്കുന്ന ഭൂമിയുടെ കൈമാറ്റ നടപടികൾ പൂർത്തിയാക്കാൻ ജനുവരി 15നും, ഫെബ്രുവരി 28നും, മേയ് 30നുമായാണ് തവണകൾ നൽകേണ്ടിയിരുന്നത്. എന്നാൽ ഇപ്പോൾ കമ്പനിയുടെ കൈവശമുള്ള പണം ഇതിനായി ഉപയോഗിക്കാൻ കഴിയില്ലെന്ന് അഡ്മിനിസ്ട്രേറ്റർമാർ വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ 11.2മില്യൺ ഡോളർ പുതുതായി കണ്ടെത്തേണ്ടി വരുമെന്നാണ് നിക്ഷേപകരെ അറിയിച്ചിരിക്കുന്നത്.
ജനുവരി 15ന് രണ്ടു മില്യൺ ഡോളർ ഒരു ഗഡുവായി നൽകിയില്ലെങ്കിൽ ഭൂമിയും നേരത്തേ നൽകിയ അഡ്വാൻസ് തുകയും നഷ്ടമാകും എന്നും ആശങ്കയുണ്ടായിരുന്നു.
എന്നാൽ കൈമാറ്റ നടപടികൾ പൂർത്തിയാക്കാൻ വിൽപ്പനക്കാർ ഇളവുകൾ അനുവദിച്ചു എന്നാണ് നിക്ഷേപകരെ ഇപ്പോൾ അറിയിച്ചിരിക്കുന്നത്. ഫെബ്രുവരി 28ന് മുഴുവൻ പണവും നൽകി വിൽപ്പന പൂർത്തിയാക്കാം എന്നാണ് നിക്ഷേപകർക്ക് ലഭിച്ചിരിക്കുന്ന ഇമെയിൽ സന്ദേശം.
പക്ഷേ, എല്ലാ ഓഹരി ഉടമകളിൽ നിന്നും വീണ്ടും പണം പിരിച്ച് ഈ തുക കണ്ടെത്തണമെങ്കിൽ ASIC ന്റെ പ്രത്യേക അനുവാദം വേണ്ടിവരുമെന്നും, കമ്പനി നേരത്തേ നടത്തിയ നിയമവിരുദ്ധമായ നടപടികൾ പരിഹരിക്കണമെന്നും അഡ്മിനിസ്ട്രേറ്റർ ഓഹരി ഉടമകളുടെ യോഗത്തെ അറിയിച്ചിട്ടുണ്ട്.
Minutes of the meeting between Administrators and creditors (Link)
അതേസമയം, ഇത്തരത്തിൽ പണം പിരിക്കാനുള്ള അനുമതി ലഭിച്ചിട്ടുണ്ടോ എന്ന കാര്യം അറിയുന്നതിനായി എസ് ബിഎസ് മലയാളം അഡ്മിനിസ്ട്രേറ്റർമാരെ ബന്ധപ്പെട്ടെങ്കിലും മറുപടി ലഭിച്ചിട്ടില്ല.
<
(ശ്രോതാക്കളുടെ പ്രത്യേക ശ്രദ്ധയ്ക്ക്: രേഖാമൂലം ലഭ്യമായതും സ്ഥിരീകരിക്കാൻ കഴിഞ്ഞതുമായ വിവരങ്ങൾ മാത്രമാണ് ഇവിടെ നൽകിയിരിക്കുന്നത്. ഏതെങ്കിലും ശ്രോതാക്കൾക്ക് കൂടുതൽ വിവരങ്ങൾ അറിവുണ്ടെങ്കിൽ SBS Malayalam റേഡിയോയെ ബന്ധപ്പെടുക. ഞങ്ങളുടെ Email: malayalam.program@sbs.com.au )

