SKIP TO MAIN CONTENT

സ്‌കോട്ട് മോറിസന്‍ മന്ത്രിസഭ അധികാരമേറ്റു; സാധാരണക്കാരുടെ സര്‍ക്കാരെന്ന് പ്രധാനമന്ത്രി

ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയായി സ്‌കോട്ട് മോറിസന്‍ വീണ്ടും അധികാരമേറ്റു. ക്യാന്‍ബറയില്‍ ഗവര്‍ണര്‍ ജനറല്‍ പീറ്റര്‍ കോസ്‌ഗ്രോവാണ് പ്രധാനമന്ത്രിക്കും മന്ത്രിമാര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുത്തത്.

scott morrison
Scott Morrison is sworn in as Prime Minister by Australia's Governor-General Sir Peter Cosgrove at Government House on May 29, 2019 in Canberra. Source: AAP

1 min read

Published

By SBS Malayalam

Source: SBS


Skip to article content

ഫെഡറല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത വിജയം നേടി 11 ദിവസത്തിനു ശേഷമാണ് സ്‌കോട്ട് മോറിസന്‍ സര്‍ക്കാര്‍ അധികാരമേറ്റത്. നാഷണല്‍ പാര്‍ട്ടി നേതാവ് മൈക്കല്‍ മക്കോര്‍മാക്ക് ഉപപ്രധാനമന്ത്രിയായും ചുമതലയേറ്റു.

ക്യാന്‍ബറയിലെ ഗവണ്‍മെന്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് സ്‌കോട്ട് മോറിസനും മൈക്കല്‍ മക്കോര്‍മാക്കും എത്തിയത്.

കഴിഞ്ഞ മന്ത്രിസഭയിലെ ഭൂരിഭാഗം അംഗങ്ങളെയും നിലനിര്‍ത്തിയപ്പോള്‍, ചില പുതുമുഖങ്ങളെ മന്ത്രിസഭയിലേക്ക് കൊണ്ടുവന്നിട്ടുണ്ട്.

ചരിത്രത്തില്‍ ആദ്യമായി ഏഴ് വനിതകളെയും സ്‌കോട്ട് മോറിസന്‍ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി.

ഇതാദ്യമായി ഒരു വനിതയെ കൃഷിമന്ത്രിയായി നിയമിച്ചതാണ് മന്ത്രിസഭയിലെ ഏറ്റവും ശ്രദ്ധേയമായ മാറ്റം. നാഷണല്‍ പാര്‍ട്ടി ഉപനേതാവ് ബ്രിജറ്റ് മക്കന്‍സിയാണ് കൃഷിമന്ത്രി.

ആദിമവര്‍ഗ്ഗ വകുപ്പിന്റെ ചുമതല വഹിക്കാന്‍ ഇതാദ്യമായി ഓസ്‌ട്രേലിയന്‍ ആദിമവര്‍ഗ്ഗ വിഭാഗത്തില്‍ നിന്നു തന്നെ മന്ത്രിയെ ഉള്‍പ്പെടുത്തി. കെന്‍ വ്യാറ്റാണ് പുതിയ ആദിമവര്‍ഗ്ഗ മന്ത്രി.

പരമ്പരാഗത രീതിയിലുള്ള കങ്കാരൂ തോല്‍ മേലുടുപ്പണിഞ്ഞാണ് കെന്‍ വ്യാറ്റ് സത്യപ്രതിജ്ഞ ചെയ്തത്. ആദിമവര്‍ഗ്ഗ ഭാഷയില്‍ 'ബൂക്ക' എന്നറിയപ്പെടുന്ന ഇത് വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലെ നൂന്‍ഗാര്‍ ആദിമവര്‍ഗ്ഗ വിഭാഗക്കാര്‍ അദ്ദേഹത്തിന് സമ്മാനിച്ചതാണ്.

Morrison
Australia's first Aboriginal federal cabinet minister, West Australian MP Ken Wyatt with the Governor-General, Peter Cosgrove. Source: AAP

സാധാരണക്കാരായ ഓസ്‌ട്രേലിയക്കാരുടെ ആഗ്രഹങ്ങള്‍ സഫലമാക്കാനാകും പുതിയ സര്‍ക്കാര്‍ ശ്രമിക്കുകയെന്ന് കഴിഞ്ഞ ദിവസം ഭരണകക്ഷി എം പിമാരോട് സംസാരിക്കുമ്പോള്‍ സ്‌കോട്ട് മോറിസന്‍ പറഞ്ഞിരുന്നു. സര്‍ക്കാരിലെ ഒത്തൊരുമയും പ്രതിബദ്ധതയും ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജൂലൈ ആദ്യ വാരം 46ാം പാര്‍ലമെന്റിന്റെ ആദ്യ സമ്മേളനം ചേരും എന്നാണ് സൂചന.


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now