സാം വധക്കേസ്: മകന്റെ ഭാവി കണക്കിലെടുത്ത് ശിക്ഷ കുറച്ചുനല്‍കണമെന്ന് സോഫിയ

മെല്‍ബണ്‍ സാം എബ്രഹാം വധക്കേസില്‍ കുറ്റക്കാരിയെന്ന് കണ്ടെത്തിയ സാമിന്റെ ഭാര്യ സോഫിയയ്ക്ക് കുറഞ്ഞ ശിക്ഷ നല്‍കണമെന്ന് കോടതിയില്‍ അഭ്യര്‍ത്ഥിച്ചു. ഒമ്പതു വയസുകാരനായ മകന്റെ ഭാവിയും ക്രിമിനല്‍ പശ്ചാത്തലമില്ല എന്നതും കണക്കിലെടുത്ത് ശിക്ഷ കുറയ്ക്കണം എന്നായിരുന്നു സോഫിയയുടെ വാദം. എന്നാല്‍ മകന്‍ ഉറങ്ങിക്കിടന്ന കട്ടിലില്‍ വച്ചാണ് സാമിനെ കൊലപ്പെടുത്തിയത് എന്ന കാര്യം കണക്കിലെടുത്ത് കടുത്ത ശിക്ഷ തന്നെ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.

CYANIDE MURDER CASE

Source: Supplied

മെല്‍ബണില്‍ മലയാളിയായ സാം എബ്രാമിനെ സയനൈഡ് കൊടുത്തു കൊലപ്പെടുത്തിയ കേസില്‍ ഭാര്യ സോഫിയ സാമും കാമുകന്‍ അരുണ്‍ കമലാസനനും കുറ്റക്കാരാണെന്ന് ജൂറി കണ്ടെത്തിയിരുന്നു. അവരുടെ ശിക്ഷ തീരുമാനിക്കുന്നതിനു വേണ്ടിയാണ് മെല്‍ബണ്‍ സുപ്രീം കോടതി കേസ് വീണ്ടും പരിഗണിച്ചത്.

കൊലപാതകത്തില്‍ സോഫിയയുടെ പങ്ക് സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് സോഫിയയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.

വിധി പ്രസ്താവിക്കുമ്പോള്‍ സോഫിയയുടെ പശ്ചാത്തലം കൂടി കണക്കിലെടുക്കണമെന്നും അഭിഭാഷകന്‍ വാദിച്ചു. പഠനമികവും, തൊഴില്‍മേഖലയില്‍ മികച്ച മൂല്യങ്ങളും കാത്തുസൂക്ഷിച്ചിരുന്ന വ്യക്തിയാണ് സോഫിയ. ഒരു തരത്തിലുള്ള ക്രിമിനല്‍ പശ്ചാത്തലവും സോഫിയയ്ക്കില്ല.

സോഫിയ ഇപ്പോഴും ഇന്ത്യന്‍ പൗരത്വമുള്ളയാളാണെന്നും, കടുത്ത ശിക്ഷ വിധിച്ചാല്‍ ഇന്ത്യയിലേക്ക് നാടുകടത്തപ്പെടാനുള്ള സാധ്യതകളുണ്ടെന്നും സോഫിയയ്ക്കു വേണ്ടി ഹാജരായ ബാരിസ്റ്റര്‍ ജസ്റ്റിന്‍ ഹാന്നര്‍ബറി ചൂണ്ടിക്കാട്ടി.

അത്തരമൊരു സാഹചര്യത്തില്‍ ഒമ്പതു വയസുകാരനായ മകനും തിരിച്ച് ഇന്ത്യയിലേക്ക് പോകേണ്ടി വന്നേക്കാമെന്നും, അക്കാര്യം കൂടി കോടതി പരിഗണിക്കണമെന്നും അദ്ദേഹം വാദിച്ചു.

ഇക്കാര്യങ്ങള്‍ കണക്കിലെടുത്ത് സോഫിയയ്ക്ക് ശിക്ഷ കുറച്ചു നല്‍കണം എന്നാണ് അഭിഭാഷകന്‍ ആവശ്യപ്പെട്ടത്.

കൊല നടന്നത് മകന്‍ കിടന്ന കട്ടിലില്‍

എന്നാല്‍ കൊലപാതകം നടക്കുമ്പോള്‍ സോഫിയയ്ക്ക് മകന്റെ കാര്യത്തെക്കുറിച്ച് ഒരു ചിന്തയും ഇല്ലായിരുന്നുവെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.

കൊലപാതകത്തെക്കുറിച്ച് സോഫിയയ്ക്ക് മുന്‍കൂട്ടി അറിയാമായിരുന്നു എന്നതും, മകന്‍ കിടന്ന കട്ടിലില്‍ വച്ചാണ് കൊലപാതകം നടത്തിയതെന്നും ഉള്ള ഘടകങ്ങള്‍ കണക്കിലെടുത്ത് കടുത്ത ശിക്ഷ തന്നെ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.

സോഫിയയ്ക്ക് ജീവപര്യന്തം തടവുശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെടുന്നില്ലെന്നും പ്രോസിക്യൂട്ടര്‍ കെറി ജഡ് QC വ്യക്തമാക്കി. എന്നാല്‍ ജീവപര്യന്തമല്ലാതെ മറ്റു കടുത്ത ശിക്ഷക്കായി പരിഗണിക്കേണ്ട കുറ്റകൃത്യമാണെന്ന് അവര്‍ വാദിച്ചു.

സാം ഏറ്റവും സുരക്ഷിതമെന്ന് കരുതിയ സ്വന്തം വീട്ടിനുള്ളില്‍ വച്ചാണ് കൊല ചെയ്യപ്പെട്ടതെന്നും, ആറു വയസുള്ള മകന്‍ ഉണരുമ്പോള്‍ തൊട്ടടുത്ത് അച്ഛന്‍ മരിച്ചു കിടക്കുന്നത് കാണുമെന്നും ഉള്ള കാര്യം പ്രതികള്‍ കണക്കിലെടുത്തില്ല. ഇതുവരെയും സോഫിയ പശ്ചാത്താപം പ്രകടിപ്പിച്ചിട്ടുമില്ല.

ഇക്കാര്യങ്ങള്‍ കുറ്റകൃത്യത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു എന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം.

കേസിലെ രണ്ടാമത്തെ പ്രതിയായ അരുണ്‍ കമലാസനന്റെ ശിക്ഷയുടെ കാര്യത്തിലുള്ള വാദം അടുത്ത മാസം നടക്കും. ശിക്ഷ വിധിക്കുന്ന തീയതിയും കോടതി പിന്നീട് തീരുമാനിക്കും.

സാം വധക്കേസിൽ ജനുവരി 29 നു ആയിരുന്നു 14 അംഗ ജൂറിക്ക് മുന്നിൽ അന്തിമ വിചാരണ തുടങ്ങിയത്. രണ്ടാഴ്ച നീണ്ട വിചാരണക്കൊടുവിൽ പ്രതികളായ സോഫിയ സാമും അരുൺ കമലാസനനും കുറ്റക്കാരാണെന്ന് ജൂറി വിധിച്ചിരുന്നു.

കൂടുതൽ ഓസ്‌ട്രേലിയൻ വാർത്തകൾക്ക് എസ് ബി എസ് മലയാളം ഫേസ്ബുക് പേജ് ലൈക് ചെയ്യുക


2 min read

Published

Updated

By Salvi Manish


Share this with family and friends


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Watch now