Watch FIFA World Cup 2026™

LIVE, FREE and EXCLUSIVE starting June 12 2026

സാം വധക്കേസ്: ഉറക്കത്തിൽ തല ഉയർത്തിപ്പിടിച്ച് സയനൈഡ് ഒഴിച്ചുകൊടുത്തതാകാമെന്ന് വിദഗ്ധൻ

മെൽബൺ സാം എബ്രഹാം വധക്കേസിൽ മരണകാരണമായിരിക്കുന്നത് അപകടകരമായ അളവിൽ സയനൈഡ് ഉള്ളിൽ ചെന്നത് തന്നെയാണെന്ന് ഫോറൻസിക് വിദഗ്ധൻ ജൂറിക്കു മുന്നിൽ മൊഴി നൽകി. സാം ഉറങ്ങിക്കിടന്നപ്പോൾ തല ഉയർത്തിപ്പിടിച്ച് ദ്രവരൂപത്തിലുള്ള സയനൈഡ് വായിലേക്ക് കുറേശ്ശെയായി ഒഴിച്ചുകൊടുത്തതാകാം എന്നും സാക്ഷിയായി ഹാജരായ വിദഗ്ധൻ സൂചിപ്പിച്ചു.

Sam Abraham murder case
Sofia Sam and Arun Kamalasanan Source: Facebook

സാം എബ്രഹാം വധക്കേസിൽ വിക്ടോറിയൻ സുപ്രീം കോടതിയിൽ നടക്കുന്ന അന്തിമ വിചാരണയുടെ അഞ്ചാം ദിവസമാണ് സിഡ്‌നിയിൽ നിന്നുള്ള ഫോറൻസിക് വിദഗ്ധനും ടോക്സിക്കോളജിസ്റ്റുമായ പ്രൊഫസർ നരേന്ദ്ര ഗുഞ്ചനെ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയത് .

സാമിന്റെ മരണകാരണം സയനേയ്ഡ് തന്നെയാണെന്നും അത് വായിലൂടെ ശരീരത്തിൽ പ്രവേശിച്ചതാണ് മരണകാരണമെന്നും അദ്ദേഹം ജൂറിക്ക് മുന്നിൽ വ്യക്തമാക്കി. ഒരു ലിറ്ററിന് ഒരു മില്ലിഗ്രാം സയനേയ്ഡ് ശരീരത്തിൽ പ്രവേശിച്ചാൽ അത് മരണത്തിലേക്ക് നയിക്കാം. 

എന്നാൽ സാമിന്റെ രക്തത്തിൽ ഒരു ലിറ്ററിന് 35 മില്ലിഗ്രാം എന്ന കണക്കിനാണ് സയനേയ്ഡിന്റെ അംശം കണ്ടെത്തിയിരിക്കുന്നത്. ഇത് വളരെ അപകടകരമായ അളവാണെന്നും ശ്വാസത്തിലൂടെയോ ത്വക്കിലൂടെയോ  ശരീരത്തിൽ പ്രവേശിച്ചാൽ ഇത്രയധികം അളവ് രക്തത്തിൽ പ്രകടമാകില്ല എന്ന് പ്രൊഫസർ ഗുഞ്ചൻ കോടതിയെ അറിയിച്ചു. ചില ഭക്ഷണവസ്തുക്കൾ ഒരുപാട് കൂടിയ അളവിൽ ശരീരത്തിൽ പ്രവേശിച്ചാലും സയനൈഡിന്റെ അംശം ഉണ്ടാകാമെന്നും, എന്നാൽ ഇത്രയും അപകടകരമായ അളവിൽ വരില്ലെന്നും അദ്ദേഹം മൊഴി നൽകി. 

മാത്രമല്ല ഒറ്റയടിക്ക് ഇത് ശരീരത്തിനുള്ളിൽ ചെന്നാൽ ചുമയ്ക്കുകയും ഛർദിക്കുകയും അബോധാവസ്ഥയിലായി ഹൃദയസ്തംഭനം മൂലം മരണമടയുകയുമാണ് ചെയ്യുക. എന്നാൽ ഇവിടെ സാം ഛർദിച്ചതിന്റെ തെളിക്കുകൾ ഒന്ന് കണ്ടെത്താൻ കഴിയാത്തതിനാൽ വളരെ ചെറിയ അളവിൽ ഏറെ നേരം കൊണ്ട് ശരീരത്തിലേക്ക് എത്തിയിരിക്കാനാണ് സാധ്യത.

ഉറങ്ങിക്കിടന്ന സാമിന്റെ തല ഒരു കൈകൊണ്ട് ഉയർത്തിപ്പിടിച്ച ശേഷമാകാം ഇത് വായിലേക്ക് ഒഴിച്ച് കൊടുത്തിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. ഏറെ നേരമെടുത്ത് - ഒരു പക്ഷേ മണിക്കൂറുകൾ എടുത്ത് - ചെറിയ അളവിൽ വായിലേക്ക് ഒഴിച്ചുകൊടുത്തിരിക്കാമെന്നും പ്രൊഫസർ ഗുഞ്ചൻ ജൂറിക്കു മുന്നിൽ പറഞ്ഞു. 

ഇതിനു പുറമെ ക്ലോണാസിപാം എന്ന മയക്കികിടത്താനുള്ള മരുന്നിന്റെ അംശവും ഈയത്തിന്റെ അംശവും സാമിന്റെ ശരീരത്തിൽ കണ്ടെത്തിയിട്ടുണ്ട്.  മരിക്കുന്നതിന് ഒരു മണിക്കൂർ മുൻപെങ്കിലുമാണ് ഇത് ശരീരത്തിൽ പ്രവേശിച്ചിട്ടുള്ളതെന്നും ഫോറൻസിക് വിദഗ്ധൻ ജൂറിക്ക് മുന്നിൽ പറഞ്ഞു.

പ്രതികളുടെ അഭിഭാഷകർ പ്രൊഫസർ ഗുഞ്ചനെ ക്രോസ് വിസ്താരം നടത്തി.  വിചാരണ തിങ്കളാഴ്ച തുടരും.

കേസിൽ പ്രതികളായ സോഫിയയും അരുൺ കമലാസനനും കുറ്റം നിഷേധിച്ചിട്ടുണ്ട്.

കൂടുതൽ ഓസ്‌ട്രേലിയൻ വാർത്തകൾക്ക് എസ് ബി എസ് മലയാളം ഫേസ്ബുക് പേജ് ലൈക് ചെയ്യുക


2 min read

Published

Updated

By Salvi Manish


Share this with family and friends


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now