തനിക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചതായും, പനിയും ഫ്ലൂ ലക്ഷണങ്ങളും അനുഭവപ്പെടുന്നതായും പ്രധാനമന്ത്രി സ്കോട്ട് മോറിസൻ അറിയിച്ചു. ചൊവ്വാഴ്ച രാത്രി പതിനൊന്നരയോടെ വാർത്താക്കുറിപ്പിലൂടെയാണ് പ്രധാനമന്ത്രി കൊവിഡ് സ്ഥിരീകരിച്ചത്.
ചൊവ്വാഴ്ച വാർത്താസമ്മേളനത്തിനെത്തിയപ്പോൾ പ്രധാനമന്ത്രി തുടർച്ചതായി ചുമയ്ക്കുന്നുണ്ടായിരുന്നു.
ഞായറാഴ്ച മുതൽ എല്ലാ ദിവസവും താൻ കൊവിഡ് പരിശോധന നടത്തിയിരുന്നതായി അദ്ദേഹം അറിയിച്ചു. എന്നാൽ ചൊവ്വാഴ്ച രാവിലെ വരെ നെഗറ്റീവ് ഫലമാണ് RAT പരിശോധനയിൽ ലഭിച്ചത്.
ചൊവ്വാഴ്ച പനി തുടങ്ങിയതോടെ വൈകിട്ട് വീണ്ടും അദ്ദേഹം പരിശോധന നടത്തി. അതിൽ കൃത്യമായ ഫലം കിട്ടാത്തതോടെ വൈകിട്ട് PCR പരിശോധന നടത്തിയതായും, വൈറസ്ബാധ സ്ഥിരീകരിച്ചതായും പ്രധാമന്ത്രി വ്യക്തമാക്കി.
സിഡ്നിയിലെ വീട്ടിൽ താൻ ഐസൊലേഷനിൽ കഴിയുകയാണെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ ആരോഗ്യനിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു.
ഭാര്യ ജെന്നിയും മക്കളും ഇപ്പോഴും നെഗറ്റീവാണെന്നും, എന്നാൽ ക്ലോസ് കോൺടാക്റ്റ് എന്ന നിലയിൽ അവരും ഐസൊലേറ്റ് ചെയ്യുമെന്നും മോറിസൻ വ്യക്തമാക്കി.
രോഗബാധിതനാണെങ്കിലും പ്രധാനമന്ത്രി എന്ന നിലയിലെ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിരോധമന്ത്രി പീറ്റർ ഡറ്റനുമൊത്ത് പ്രധാനമന്ത്രി സ്കോട്ട് മോറിസൻ ചൊവ്വാഴ്ച കാൻബറയിൽ വാർത്താ സമ്മേളനം നടത്തിയിരുന്നു. തിങ്കളാഴ്ച ബ്രിസ്ബൈനിലേക്കും പ്രധാനമന്ത്രി യാത്ര ചെയ്തിരുന്നു.